അധോലോകമായി ഇതരസംസ്‌ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ
അധോലോകമായി ഇതരസംസ്‌ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ
Thursday, September 29, 2016 1:46 PM IST
ലഹരിയിൽ മയങ്ങി നഗരങ്ങൾ–4 /അരുൺ സെബാസ്റ്റ്യൻ

മറുനാട്ടിൽനിന്നു കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും പ്രധാനമായും ഇതര സംസ്‌ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണു നടക്കുന്നത്. ഇതരസംസ്‌ഥാനക്കാർ കൂട്ടമായി കഴിയുന്ന പെരുമ്പാവൂർ പോലുള്ള സ്‌ഥലങ്ങളിൽ ലേബർ ക്യാമ്പുകൾ അസംഖ്യമുണ്ട്. വിവിധ ഏജൻസികൾ വടകയ്ക്കെടുത്ത് അവരുടെ കീഴിൽ ജോലിചെയ്യുന്നവരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളാണിവ. കുടുസു മുറികളിൽ തിങ്ങിനിറഞ്ഞു താമസിക്കുന്ന ഇവിടത്തെ താമസക്കാർക്കിടയിലേക്കു കെട്ടിട ഉടമപോലും തിരിഞ്ഞുനോക്കാറില്ല. ആരോഗ്യവിഭാഗം അധികൃതരോ പോലീസ്–എക്സൈസ് ഉദ്യോഗസ്‌ഥരോ ഇത്തരം ക്യാമ്പുകൾ പരിശോധിക്കാറുമില്ല.

ഇതരസംസ്‌ഥാന തൊഴിലാളികളെ പാർപ്പിച്ചിട്ടുള്ള ഒരു ഡസനിലധികം ഷെൽട്ടറുകൾ നെടുമ്പാശേരി വിമാനത്താവള പരിസരത്തുതന്നെയുണ്ട്. ഒറ്റപ്പെട്ട ഇത്തരം ഇടങ്ങൾ അധോലോകത്തിന്റെ പ്രതീതിയുണ്ടാക്കുന്നു. മാഫിയകൾക്കു പ്രിയപ്പെട്ടവയാണ് ഇത്തരം സ്‌ഥലങ്ങൾ. എയർപോർട്ടിനു പിന്നിലുള്ള പുറയാർ ഭാഗത്തുനിന്നു ആറുമാസത്തിനകം മൂന്നുവട്ടം നർക്കോട്ടിക് സെല്ലുകാർ അര കിലോഗ്രാം മുതൽ ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടിച്ചു. ഈ ഭാഗത്തുള്ള ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസസ്‌ഥലങ്ങളിലാണു കഞ്ചാവ് കണ്ടെത്തിയത്.

കൗമാരക്കാരും യുവാക്കളുമായ ഇതരസംസ്‌ഥാന തൊഴിലാളികളിൽ ബഹുഭൂരിഭാഗവും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. ഇവരിൽ പലരും മയക്കുമരുന്നിന് അടിമകളുമാണ്. ഇവർക്കിടയിൽ മാത്രം നടന്നുവരുന്ന ലഹരി വിപണനം പുറംലോകമറിയുന്നില്ല. ഇതരസംസ്‌ഥാന തെഴിലാളികൾക്കിടയിലെ ലഹരി കച്ചവടത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ് നാട്ടുകാരിൽ ചിലരും ഇപ്പോൾ മറുനാട്ടുകാരെ ഏജന്റുമാരാക്കി കച്ചവടം കൊഴുപ്പിക്കുന്നു.

ബംഗാൾ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്ന തൊഴിലാളികൾ വഴി ട്രെയിനിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ വൻതോതിൽ കൊണ്ടുവരുന്നുണ്ട്. ട്രെയിനുകളിലെ ജനറൽ കംപാർട്ട്മെന്റുകളിൽ തിങ്ങിനിറഞ്ഞാണു തൊഴിലാളികൾ എത്തുന്നത്. കാലുകുത്താൻപോലും ഇടയില്ലാത്ത ഇത്തരം കംപാർട്ട്മെന്റുകളിൽ പരിശോധന അസാധ്യമാണ്. സ്റ്റേഷനുകളിൽ കൂട്ടത്തോടെ ഇറങ്ങിപ്പോകുന്നവർക്കൊപ്പം ലഹരിവസ്തുക്കളുടെ കരിയർമാരും കൂളായി കടന്നുപോകും.

വിമാനത്താവളം ലഹരികേന്ദ്രം

നെടുമ്പാശേരി അന്താരാഷ്ര്‌ട വിമാനത്താവളത്തിൽ ദിവസേന ശരാശരി 20,000 യാത്രക്കാർ വരെ വരുന്നുണ്ട്. മറ്റു സന്ദർശകർ ഇതിന്റെ പതിന്മടങ്ങാണ്. കരാറുകാരുടെയും വിവിധ ഏജൻസികളുടെയും വിമാനക്കമ്പനികളുടെയും കീഴിൽ എയർപോർട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നാലായിരത്തോളവും വരും. വിമാനത്താവളവുമായി ബന്ധപ്പെടുന്നവരിൽ വലിയൊരു ശതമാനവും ഇതരസംസ്‌ഥാനക്കാരും വിദേശികളുമാണ്.

കഴിഞ്ഞ 17 വർഷത്തിനുള്ളിൽ നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ ഗ്രാഫ് പരിശോധിച്ചാൽ പിടിക്കപ്പെട്ടിട്ടുള്ള മയക്കുമരുന്നിന്റെ അളവ് തുലോം തുച്ഛമാണ്. ഇവിടെ പിടിച്ചിട്ടുള്ളതിൽ 95 ശതമാനവും സ്വർണമാണ്. കഞ്ചാവും ബ്രൗൺ ഷുഗറും മറ്റു മയക്കുമരുന്നുകളും നാമമാത്രമായിട്ടേ കിട്ടിയിട്ടുള്ളു. അതേസമയം കയറ്റി അയയ്ക്കാൻ കൊണ്ടുവന്ന കിറ്റാമിൻ എന്ന മയക്കുമരുന്നു പലവട്ടം പിടിച്ചിട്ടുണ്ട്.

അരിപ്പൊടി പോലെയുള്ള ഇതു മറ്റു ധാന്യപ്പൊടികൾക്കൊപ്പം വച്ചാൽ തിരിച്ചറിയാൻ എളുപ്പമല്ല. വെള്ളത്തിൽ കലക്കി സിറിഞ്ച് കൊണ്ട് ശരീരത്തിൽ കുത്തിവയ്ക്കുന്ന ഇതിന്റെ പ്രധാന മാർക്കറ്റ് മലേഷ്യയാണ്.

വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലുമെത്തുന്ന വിദേശ വിനോദസഞ്ചാരികളും ഇതരസംസ്‌ഥാന തൊഴിലാളികളും മയക്കുമരുന്നിന്റെ പ്രധാന ഉപഭോക്‌താക്കളാണ്. അനധികൃത വിദേശനാണയ വിപണനക്കാർ മയക്കുമരുന്നു കച്ചവടത്തിന്റെയും പ്രധാനകണ്ണിയാകുന്നു. മൂന്നാർ, ഇടുക്കി ഭാഗങ്ങളിൽനിന്നു കഞ്ചാവും വിമാനത്താവളമേഖലയിൽ എത്തുന്നു.


കൈമാറ്റത്തിനു കോഡ്, സോഷ്യൽ മീഡിയ

അത്യന്തം നിഗൂഢമായാണു മയക്കുമരുന്നു മാഫിയയുടെ പ്രവർത്തനം. രഹസ്യകോഡുകൾ ഉപയോഗിച്ചാണു മയക്കുമരുന്ന് ഇടപാടുകൾ ഉറപ്പിക്കുക. മൊബൈൽ ഫോൺ, വാട്സ് ആപ്പ്, ഫേസ്ബുക്ക് എന്നീ മാർഗങ്ങളിലൂടെയും വിപണനം നടക്കുന്നു. മെസേജുകളായി ആവശ്യക്കാർ വിവരമറിയിക്കുകയും രഹസ്യകേന്ദ്രങ്ങളിൽനിന്നു സാധനം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. പണം കൈമാറുന്നത് ഓൺലൈനായിട്ടായിരിക്കും. നേരിട്ടുള്ള ഇടപാടുകൾ സുരക്ഷിതമല്ലാത്തതിനാലാണു സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇടപാടുകളിലേക്കു തിരിയുന്നത്.

ആവശ്യക്കാർക്ക് ഓൺലൈനിലൂടെ ലഹരിമരുന്നുകൾ എത്തിച്ചുകൊടുക്കുന്ന മാർക്കറ്റ് വെബ്സൈറ്റുകളുണ്ട്. ഡാർക്ക്നെറ്റ് എന്ന നെറ്റ് വർക്ക് വഴി മാത്രമേ ഇത്തരം വെബ്സൈറ്റിലേക്കു പ്രവേശിക്കാൻ സാധിക്കൂ. രഹസ്യസ്വഭാവമുള്ള വിൽപനകളും വാങ്ങലുകളും നടക്കുന്ന വെബ്സൈറ്റാണിത്. ഹാക്കിംഗിനും ഈ നെറ്റ് വർക്ക് ഉപയോഗിക്കുന്നു. ഈ വെബ്സൈറ്റിൽ ഓൺലൈനായി പണം നൽകിക്കഴിയുമ്പോൾ പാഴ്സലായി ലഹരിവസ്തുക്കൾ എത്തും.

ഈ സംവിധാനത്തിന്റെ സൗകര്യം ഉപയോഗിക്കുന്നവർ നിരവധിയാണ്. ആവശ്യക്കാരെ തിരക്കേറിയ സ്‌ഥലങ്ങളിൽ കണ്ട് അവർക്ക് ലഹരിമരുന്ന് കൈമാറുന്ന രീതിയുമുണ്ട്. ഇത്തരം സ്‌ഥലങ്ങളിൽ പണം കൈമാറിയശേഷം ലഹരിമരുന്ന് മറ്റൊരു സ്‌ഥലത്തുവച്ച് കൈപ്പറ്റുന്ന സമ്പ്രദായവുമുണ്ട്. ആവശ്യക്കാരോട് എത്താൻ പറയുന്ന സ്‌ഥലത്ത് ലഹരിമരുന്നുമായി ആളെ നിർത്തിയിരിക്കും. ഒരേസ്‌ഥലത്തു വച്ച് ഒരിക്കലും പണവും ലഹരിവസ്തുക്കളും കൈമാറ്റം നടത്താറില്ല.

ഒഴിഞ്ഞ സ്‌ഥലങ്ങളിൽ ബാഗിലോ മറ്റോ ലഹരി വസ്തുക്കൾ വച്ചും കൈമാറ്റം ചെയ്യാറുണ്ട്. ആവശ്യക്കാരിൽനിന്നു പണം വാങ്ങിയശേഷം സ്‌ഥലം പറഞ്ഞുകൊടുക്കും. പിന്നീട് ഇവർ അവിടെയെത്തി സ്വയം സാധനം ശേഖരിക്കും. ഇത്തരം സ്‌ഥലങ്ങൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കും. ആവശ്യക്കാർ ഒരിക്കലും വിതരണക്കാരിലേക്ക് നേരിട്ടെത്താത്ത വിധത്തിലാണു ലഹരിമരുന്നു ശൃംഖലയുടെ ഇടപാടുകൾ. ഇതുകാരണം ലഹരിമരുന്നു വിൽപ്പനക്കാരിലേക്ക് എത്തുന്നതിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടിവരുന്നു.

വിൽപ്പനക്കാരനുമായി നേരിട്ട് ഇടപാടുകൾ നടത്തുന്ന ആരെങ്കിലും പരിചയപ്പെടുത്തുക മാത്രമാണ് ഇവരെ നേരിട്ടു ബന്ധപ്പെടാനുള്ള ഏകവഴി. ഇങ്ങനെ പരിചയപ്പെട്ടാലും പുതുതായി പരിചയപ്പെടുന്ന ഒരാളുമായി ഇടപാടുകൾ നടത്താൻ ഒരിക്കലും വിൽപ്പനക്കാർ തയാറാകാറില്ല. വിശ്വാസം നേടിയെടുത്താൽ മാത്രമേ ഒരാളുമായി ഇടപാടുകൾ നടത്തൂ.

ലഹരി വഴി മാരകരോഗങ്ങളും

ലഹരിമരുന്ന് ഉപയോഗം പണവും ആരോഗ്യവും നശിപ്പിക്കുന്നതിനു പുറമേ മാരകരോഗങ്ങളും സൃഷ്ടിക്കുന്നു. ലഹരിമരുന്ന് കുത്തിവയ്ക്കുന്നതിനായി ഒരേ സിറിഞ്ചുകൾതന്നെ ഉപയോഗിക്കുന്നതിനാൽ എയ്ഡ്സ് അടക്കമുള്ള രോഗങ്ങൾ പകരുന്നതിനു കാരണമാകുന്നു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കൈകളിലെ ഞരമ്പുകൾ കാലക്രമേണ ഉള്ളിലേക്കു വലിയും. പിന്നീട് കാൽമുട്ടിനു പിറകിലും ലിംഗത്തിലും മറ്റും ലഹരിമരുന്നു കുത്തിവയ്ക്കുന്നു. അധികം കഴിയുംമുൻപ് ജീവിതം അവസാനിക്കുകയും ചെയ്യുന്നു.

(വലിയ പ്രതീക്ഷയോടെ ഉപരിപഠനത്തിന് വൻനഗരങ്ങളിലെത്തുന്ന യുവാക്കളെ ചാക്കിട്ടുപിടിക്കുന്ന ലഹരി മാഫിയയുടെ തന്ത്രങ്ങളിലും കെണികളിലും വീണു ജീവിതം തകർക്കുന്നവരെക്കുറിച്ച് നാളെ മുതൽ)



(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.