പോലീസിൽ വനിതകളുടെ എണ്ണം 10 ശതമാനമാക്കും
Thursday, September 29, 2016 1:46 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം പത്തു ശതമാനമായി ഉയർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ആറു ശതമാനമാണ്. ജയിലുകളുടെ പരിഷ്കരണം സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

അർഹതയുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാത്ത പോലീസിലെ ക്യാമ്പ് ഫോളോവേഴ്സ്, ബ്യൂഗിളേഴ്സ്, ഡ്രമ്മേഴ്സ് എന്നിവർക്കു പ്രത്യേക ക്ഷേമനടപടികളും സ്പെഷൽ റൂളുകളും രൂപീകരിക്കും. ഗോത്ര മേഖലയിൽനിന്നു സേനയിലേക്കു നേരിട്ടു റിക്രൂട്ട് ചെയ്യും. ജനങ്ങളുമായി നിരന്തരമായി ബന്ധപ്പെടാനും വിവരങ്ങൾ ശേഖരിക്കാനും പോലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻ ഉദ്യോഗസ്ഥരെ നിയോഗിക്കും. സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളായി മാറ്റുന്നതിനോടൊപ്പം സേനയിൽ നിലവിലുള്ള ഒഴിവുകൾ സമയബന്ധിതമായി നികത്താനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ സുരക്ഷാ ജയിലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. ജയിലുകളിൽ താലൂക്കുതല ഡോക്ടർമാരുടെ സേവനം ആഴ്ചയിലൊരിക്കൽ ലഭ്യമാക്കും. മാനസികാരോഗ്യ, യോഗ പരിശീലനങ്ങൾ ഊർജിതമാക്കും. റോഡപകടങ്ങൾ ഒഴിവാക്കാനായി ജിപിഎസ് സംവിധാനങ്ങളോടു കൂടിയ പത്തു പുതിയ ഹൈവേ പെട്രോൾ വാഹനങ്ങൾ നിരത്തിലിറക്കും.


ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കും. സ്കൂൾ വിദ്യാർഥികളെ വാഹനങ്ങളിൽ കുത്തിനിറയ്ക്കുന്നതു തടയും. സ്കൂൾ ബസുകളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.