ശബരിനാഥിന് നാലു വർഷം തടവും എട്ടു കോടി രൂപ പിഴയും
ശബരിനാഥിന് നാലു വർഷം തടവും എട്ടു കോടി രൂപ പിഴയും
Thursday, September 29, 2016 1:53 PM IST
തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ശബരിനാഥിന് 8,28,11,000 രൂപ പിഴയും നാലു വർഷം തടവും. 18 വയസ് മാത്രം പ്രായമുള്ളപ്പോൾ നടത്തിയ കുറ്റമെന്നതും തുടർപഠനം നടത്തണമെന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചു ശിക്ഷയിൽ ചെറിയ ഇളവ് നൽകുന്നുവെന്ന് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ടി.കെ.സുരേഷ് വ്യക്‌തമാക്കി.

അതേസമയം ആർബിഐ നിയമം പ്രകാരം രജിസ്റ്റർ ചെയ്ത വകുപ്പുകൾ കോടതി റദ്ദാക്കി. ചട്ടപ്രകാരം ഈ വകുപ്പുകൾ ചുമത്തണമെങ്കിൽ ബാങ്ക് അധികൃതരുടെ രേഖാമൂലമുള്ള പരാതി വേണം. എന്നാൽ, ഇതരത്തിൽ ഒരു പരാതിയും അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്‌തമാക്കി.

രണ്ടും കേസുകളിലും പ്രതി കുറ്റം സമ്മതിച്ചതാണെങ്കിലും നിലനില്ക്കാത്ത വകുപ്പുകൾ പ്രകാരം ശിക്ഷിക്കാനാകില്ലെന്നു കോടതി വ്യക്‌തമാക്കി. ശബരീനാഥിനെതിരേ ഗൂഢാലോചന, വിശ്വാസ വഞ്ചന, ബാങ്കർ നടത്തുന്ന വഞ്ചന, വഞ്ചനയ്ക്കായുളള പ്രേരണ, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ അസലായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾക്കാണു ശിക്ഷ വിധിച്ചത്. ഇരു കേസുകളിലും ബാങ്കർ നടത്തിയ വഞ്ചന കുറ്റത്തിനാണു പരമാവധി പിഴ തുകയും പരമാവധി തടവ് ശിക്ഷയുമായ നാലു വർഷം തടവും വിധിച്ചത്.

ആദ്യ കേസിൽ 6.05 കോടിയും രണ്ടാമത്തെ കേസിൽ 2.22 കോടിയുമാണ് ഈ കുറ്റകൃത്യത്തിനു മാത്രം ചുമത്തിയത്. എന്നാൽ, പിഴ തുക അടച്ചില്ലെങ്കിൽ ഇരു കേസുകളിലുമായി ശബരീനാഥിനു രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. ഇരു കേസുകളിലും ഗൂഢാലോചനയ്ക്കു മൂന്നു വർഷം തടവും വിശ്വാസ വഞ്ചനയ്ക്ക് ഒരു വർഷവും വഞ്ചനക്കായുളള പ്രേരണയ്ക്ക് ഒരു വർഷവും വ്യാജ രേഖ ചമച്ചതിന് ഒരു വർഷവും വ്യാജ രേഖ അസലായി ഉപയോഗിച്ചതിന് മൂന്നു വർഷം തടവും വിധിച്ചിട്ടുണ്ട്.


എന്നാൽ, എല്ലാ ശിക്ഷയും ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ നാലു വർഷം തടവ് മാത്രമാകും അനുഭവിക്കേണ്ടി വരിക. നിലവിൽ മൂന്നു വർഷവും അഞ്ചു മാസവും ശബരീനാഥ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിഴത്തുക പ്രതി അടയ്ക്കുകയാണെങ്കിൽ വഞ്ചനയ്ക്കിരയായവർക്കു വീതിച്ചു നൽകാനും കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് സമർപ്പിച്ച് ഏഴ് കുറ്റപത്രങ്ങളിൽ രണ്ടു കേസിലാണു ശബരീനാഥിനെതിരേ ശിക്ഷ വിധിച്ചത്. ഈ കേസുകളിലെ മറ്റു പ്രതികൾക്കെതിരായ വിചാരണ തുടരും.

ശബരീനാഥ് തന്റെ ഉടമസ്‌ഥതയിലുള്ള ടോട്ടൽ ഫോർ യു, ഐ നെസ്റ്റ്, നെസ്റ്റ് സൊല്യൂഷൻ എന്ന പണമിടപാട് സ്‌ഥാപനങ്ങളിലൂടെ കോടികൾ നിക്ഷേപമായി സ്വീകരിച്ചു തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്. 2009ലാണ് ക്രൈംബ്രാഞ്ച് ഏഴ് കുറ്റപത്രങ്ങൾ സമർപ്പിച്ചത്. ഒമ്പതു സ്ത്രീകൾ അടക്കം 20 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.