എംഎൽഎമാരുടെ നിരാഹാരം മൂന്നാം ദിനത്തിലേക്ക്
Thursday, September 29, 2016 1:53 PM IST
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വർധനയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എംഎൽഎമാർ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിനത്തിലേക്ക്.

പ്രശ്നത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചു സഭ വിട്ടിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ഇന്നലെ എംഎൽഎമാരുടെ നിരാഹാരസമരം നടക്കുന്ന സഭയുടെ പ്രധാന കവാടത്തിലെത്തി. ഇതിനിടെ, കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ നിയമസഭയിലെത്തി നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചു. സമരം എത്രവേണമെങ്കിലും മുന്നോട്ടു കൊണ്ടു പോകാൻ കരുത്തുള്ള യുവനിരയാണു സമരം നയിക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി. നിരാഹാരസമരം നടത്തുന്ന ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, അനൂപ് ജേക്കബ് എന്നിവർക്ക് അനുഭാവം പ്രകടിപ്പിച്ചു കെ.എം.ഷാജി, എൻ. ഷംസുദീൻ എന്നിവർ ഇന്നലെയും സത്യഗ്രഹം നടത്തി.


രാവിലെ ഏഴരയോടെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമരക്കാരെ കാണാനെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ സമരക്കാരെ സന്ദർശിച്ച ശേഷമാണു സഭയ്ക്കുള്ളിലേക്കു പ്രവേശിച്ചത്. അതേസമയം, നിരാഹാരസമരം നടത്തുന്ന ഹൈബി ഈഡനെ സന്ദർശിക്കുന്നതിന് ഭാര്യ അന്ന ഈഡനും മകൾ ക്ലാര ഈഡനും ഇന്നലെ സഭാകവാടത്തിലെത്തിയിരുന്നു. രാവിലെ ഒമ്പതരയോടെയാണ് ഇരുവരും ഹൈബിയെ കാണാനെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.