നാലാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
നാലാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
Thursday, September 29, 2016 1:53 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രശ്നത്തിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പ്രശ്നം ചർച്ച ചെയ്യാനായി സ്പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നു പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

ചോദ്യോത്തരവേള കഴിഞ്ഞു സ്വാശ്രയ മെഡിക്കൽ പ്രവേശന പ്രശ്നത്തിൽ ഇന്നലെയും പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, ഒരേ വിഷയത്തിൽ ഒരു സമ്മേളനത്തിൽ പലതവണ അടിയന്തര പ്രമേയം കൊണ്ടു വരുന്നതിലെ ചട്ടലംഘനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയെങ്കിലും പ്രമേയത്തിന് അവതരണാനുമതി നൽകി. മാനേജ്മെന്റുകൾക്ക് അനുകൂലമായ വിധി വന്നപ്പോൾ വകുപ്പ് മന്ത്രിയുടെ ഓഫീസ് പടക്കം പൊട്ടിച്ചും ലഡു വതരണം ചെയ്തുമാണ് ആഘോഷിച്ചതെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് സണ്ണി ജോസഫ് പറഞ്ഞു. എഐഎസ്എഫും എസ്എഫ്ഐയും സ്വാശ്രയ കൊളളയ്ക്കെതിരേ നിലപാട് എടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാശ്രയ മാനേജ്മെന്റ് മുതലാളികളുടെ നേതൃത്വം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. ഫീസ് കൂട്ടിയതിന്റെ ഏറ്റവും വലിയ ഗുണഭോക്‌താവ് പരിയാരം മെഡിക്കൽ കോളജാണെന്നും അവിടെയെങ്കിലും ഫീസ് കുറയ്ക്കാൻ സർക്കാർ തയാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ അടുത്ത വർഷം മുതൽ സ്വയം പ്രവേശനത്തിന് ഒരു കോളജുകളെയും അനുവദിക്കില്ലെന്നും കരാർ ഒപ്പിടാത്ത കോളജുകളെ തന്നിഷ്‌ടത്തിന് വിടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മറുപടി പറഞ്ഞു. ഏകീകൃത കൗൺസിലിംഗ് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് കേരളമാണെന്നും നാട്ടുകാർക്ക് അനുകൂലമായ കരാർ ഉണ്ടാക്കാൻ കഴിയാത്ത സംസ്‌ഥാനങ്ങളാണ് അപ്പീലുമായി പോയതെന്നും മന്ത്രി പറഞ്ഞു.


മറുപടിയെത്തുടർന്നു സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. എംഎൽഎമാർ നിരാഹാരം അനുഷ്ഠിച്ചിട്ടും വിഷയം ചർച്ച ചെയ്യാനോ പരിഹരിക്കാനോ തയാറാവാത്ത സർക്കാർ മാനേജ്മെന്റുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ശ്രദ്ധ ക്ഷണിക്കലിനായി സ്പീക്കർ ജോർജ് എം. തോമസിനെ വിളിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. തുടർന്ന് 10.25ഓടെ സഭ നിർത്തി വച്ച് സ്പീക്കറുടെ നേതൃത്വത്തിൽ കക്ഷി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിൽ സമവായമായില്ല. മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുത്തുമില്ല. ഇതേ തുടർന്ന് 11.55ന് വീണ്ടും സഭ ചേർന്ന ഉടനെ പ്രതിപക്ഷ നേതാവ് ബഹിഷ്കരണം പ്രഖ്യാപിച്ചു. ഇതിനിടെ, കേരളാ കോൺഗ്രസ്–എമ്മും സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.