നിയന്ത്രണം വിട്ട സ്കൂൾ ബസിടിച്ച് വിദ്യാർഥിനി മരിച്ചു
നിയന്ത്രണം വിട്ട സ്കൂൾ  ബസിടിച്ച് വിദ്യാർഥിനി മരിച്ചു
Friday, September 30, 2016 11:59 AM IST
മലപ്പുറം: സ്കൂൾവളപ്പിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞുകയറി ഒരു വിദ്യാർഥിനി മരിച്ചു. രക്ഷിതാക്കളടക്കം 35 പേർക്കു പരിക്കേറ്റു. മലപ്പുറം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ സ്കൂൾ ബസാണ് അപകടത്തിനിടയാക്കിയത്.

മലപ്പുറം ഇത്തിൾപറമ്പ് നായംവീട്ടിൽ അമീറിന്റെ മകളും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സിത്താര പർവിൻ (14) ആണു മരിച്ചത്. അപകടത്തിൽ സിത്താര പർവിന്റെ മാതാവ് ഷാനിബക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.

സ്കൂൾ കോമ്പൗണ്ടിനകത്തെ ഓഡിറ്റോറിയത്തിനടുത്തുനിന്നു വിദ്യാർഥികളെ കയറ്റി 100 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെടുകയായിരുന്നു. സ്കൂളിൽനിന്നു നടന്നു പുറത്തു പോവുകയായിരുന്ന വിദ്യാർഥികളെ ഇടിച്ചു തെറിപ്പിച്ച ശേഷം ബസ് കോമ്പൗണ്ടിനകത്തു തന്നെയുള്ള മരത്തിൽ ചെന്നിടിച്ചാണു നിന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണു വൻ ദുരന്തം ഒഴിവാക്കിയത്. ബ്രേക്ക് നഷ്‌ടപ്പെട്ടതോടെ ഡ്രൈവർ ബസ് മരത്തിലിടിപ്പിക്കുകയായിരുന്നു. ഇന്നലെ സ്കൂളിൽ രക്ഷിതാക്കളുടെ യോഗമായിരുന്നു.


യോഗം കഴിഞ്ഞു വിദ്യാർഥികളും രക്ഷിതാക്കളും വീട്ടിലേക്കു പോകവേയാണ് അപകടമുണ്ടായത്. സ്കൂളിന്റെ പ്രധാന കവാടത്തിലേക്കു നടന്നു പോവുകയായിരുന്ന കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കുമാണ് അപകടം പറ്റിയത്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലുള്ള കുട്ടികൾക്കും നിസാര പരിക്കേറ്റിരുന്നു. ബസിന്റെ എയർ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ആർടിഒ കെ. എം. ഷാജി പറഞ്ഞു.

മുഹമ്മദ് മുന്നാസ്, ജിമിൽ പർവീൻ എന്നിവരാണ് മരിച്ച സിത്താരയുടെ സഹോദരങ്ങൾ. മലപ്പുറം താലൂക്ക് ആശുപത്രിയിൽ പോസറ്റുമോർട്ടത്തിനു ശേ ഷം മൃതദേഹം ഇന്നു കബറടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.