സ്വാശ്രയം: ഇടതു ഘടകകക്ഷികൾ നലപാടു വ്യക്‌തമാക്കണമെന്നു കേരള കോൺഗ്രസ് –ജേക്കബ്
Friday, September 30, 2016 12:07 PM IST
തിരുവനന്തപുരം: സ്വാശ്രയ കോളജുകൾക്കു കൊള്ളലാഭം നേടാൻ സർക്കാർ ഉണ്ടാക്കിയ കരാർ അനുസരിച്ച് വിദ്യാർഥികൾ നൽകേണ്ടിവരുന്ന അമിത ഫീസ് വർധനയോട് സിപിഐ ഉൾപ്പെടെയുള്ള ഇടതു ഘടകകക്ഷികൾ നിലപാട് വ്യക്‌തമാക്കണമെന്ന് കേരള കോൺഗ്രസ്–ജേക്കബ് ചെയർമാൻ ജോണി നെല്ലൂരും ജനറൽ സെക്രട്ടറി വി.എസ്. മനോജ്കുമാറും ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് യുഡിഎഫ് സർക്കാർ 47,000 രൂപയുടെ ഫീസ് വർധന മാത്രമാണു മെറിറ്റ് സീറ്റിൽ വരുത്തിയതെങ്കിൽ ഈ സർക്കാർ ആദ്യവർഷം തന്നെ 65,000 രൂപയുടെ ഫീസ് വർധനയാണു വരുത്തിയത്. മാനേജ്മെന്റ് സീറ്റിലും എൻആർഐ സീറ്റിലും ലക്ഷങ്ങളുടെ വർധനയാണു വരുത്തിയിട്ടുള്ളത്. സ്വാശ്രയ ഫീസ് വർധനയ്ക്കെതിരെ നിരന്തരമായി സമരം നടത്തിവന്നിരുന്ന ഇടതു യുവജന സംഘടനകളുടെയും കക്ഷികളുടെയും മൗനം ദുരൂഹമാണ്. ഈ വിഷയം നിയമസഭയിലുന്നയിച്ച പ്രതിപക്ഷ സാമാജികരെ നാണംകെട്ട കൂട്ടരെന്നും എടോ പോയി വേറെ പണി നോക്ക് എന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം നിറഞ്ഞ സമീപനത്തോടുള്ള നിലപാടെന്തെന്നും വ്യക്‌തമാക്കണം.


തലവരിപ്പണം വാങ്ങുന്നത് ഇല്ലാതായെന്നു മുഖ്യമന്ത്രി വീമ്പിളക്കുമ്പോഴും ലക്ഷക്കണക്കിനു രൂപ തലവരിയായി വാങ്ങുന്ന മാനേജ്മെന്റുകളുമായുള്ള കരാറുകളെങ്കിലും റദ്ദാക്കാൻ മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടാനുള്ള ആർജവമെങ്കിലും ഇടതുഘടകകക്ഷികൾ കാണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.