പഞ്ചാ.ജീവനക്കാരനു നാലു വർഷം തടവും അരലക്ഷം പിഴയും
Friday, September 30, 2016 12:15 PM IST
കോട്ടയം: കെട്ടിട നികുതി അടയ്ക്കാൻ പിരിച്ചെടുത്ത തുകയിൽ വെട്ടിപ്പ് നടത്തി 1.63 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പഞ്ചായത്ത് ജീവനക്കാരനു നാലു വർഷം തടവും 50,000 രൂപ പിഴയും. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തിലെ പ്യൂൺ കെ.ആർ. ഭാസ്കരനെയാണു വിജിലൻസ് എൻക്വയറി കമ്മീഷൻ ആൻഡ് സ്പെഷൽ ജഡ്ജ് വി. ദ്വിലീപ് ശിക്ഷിച്ചത്.

മുളങ്കുഴ പഞ്ചായത്തിലെ നാലാം വാർഡിലെ കെട്ടിടനികുതി പിരിക്കുന്നതിനായാണു ഭാസ്കരനെ പഞ്ചായത്ത് അധികൃതർ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, ഒന്നാം വാർഡിൽ ആരംഭിച്ച സ്വകാര്യ ആശുപത്രിയിൽനിന്നു രണ്ടു ഗഡുക്കളായി ഒന്നര ലക്ഷം രൂപ കെട്ടിട നികുതി ഇനത്തിൽ വാങ്ങുകയായിരുന്നു. 2010 ഏപ്രിലിലും ഓഗസ്റ്റിലുമായി 1.60 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം വാങ്ങിയെങ്കിലും പഞ്ചായത്തിൽ പണം അടയ്ക്കാതെ വന്നതോടെയാണു പരാതി ഉയർന്നത്.


അന്വേഷണം നടത്തിയ വിജിലൻസ് സംഘം ഭാസ്കരൻ കുറ്റക്കാരനാണെന്നു കണ്ടെത്തി. രണ്ടു വകുപ്പുകളിലായി രണ്ടു വർഷം വീതമാണു തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ രണ്ടു വർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ലീഗൽ അഡ്വൈസർ അഡ്വ. രാജ്മോഹൻ ആർ. പിള്ള കോടതിയിൽ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.