പാലാരിവട്ടം ഫ്ളൈഓവർ 12 ന് ഉദ്ഘാടനം ചെയ്യും
Friday, September 30, 2016 12:21 PM IST
തിരുവനന്തപുരം: കൊച്ചി നഗര ത്തിലെ രണ്ടാമത്തെ ഫ്ളൈഓവറായ പാലാരിവട്ടം ഫ്ളൈ ഓവറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12 ന് നിർവഹിക്കും. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും.

ദേശീയപാതയിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളായ വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ ഫ്ളൈഓവർ നിർമിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ദേശീയപാതയിലെ ഈ ഫ്ളൈഓവറുകൾ നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുമായി ചർച്ച നടത്തി സർക്കാർ തലത്തിൽ തീരുമാനമെടുത്തു വരുന്നു. എറണാകുളം ജില്ലയിലെ അങ്കമാലി – കൊച്ചി ബൈപ്പാസിന്റെ നിർമാണത്തിന് 50 കോടി രൂപ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുമ്പളം–തേവര പാലത്തിന് 100 കോടി രൂപയും കുമ്പളങ്ങി – കെൽട്രോൺ – കെൽട്രോൺ ഫെറി പാലത്തിന് 45 കോടി രൂപയും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ലൈറ്റ് മെട്രോയും തിരുവനന്തപുരത്തു ശ്രീകാര്യം, പട്ടം, ഉള്ളൂർ എന്നിവിടങ്ങളിലും കോഴിക്കോട്ട് പന്നിയങ്കരയിലും ഫ്ളൈഓവറുകൾ നിർമിക്കാനും സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്‌ഥാനത്താകെ 23 ബൈപ്പാസുകൾ ഏറ്റെടുക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.