എംഎൽഎമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്
Friday, September 30, 2016 12:42 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് വർധനയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിവരുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക്. നിരാഹാരമനുഷ്ഠിക്കുന്ന എംഎൽഎമാരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്നലെ സന്ദർശിച്ചിരുന്നു. ഭരണപക്ഷത്തെ അംഗങ്ങളാരും സമരക്കാരെ തിരിഞ്ഞു നോക്കാതിരിക്കുമ്പോഴായിരുന്നു വിഎസിന്റെ പെട്ടെന്നുള്ള സന്ദർശനം.

രാവിലെ നിയമസഭയിലേക്കു കയറുന്നതിനു മുമ്പാണ് അച്യുതാനന്ദൻ അടുത്തെത്തി ആരോഗ്യവിവരം അന്വേഷിച്ചത്. കോൺഗ്രസ് അംഗങ്ങളായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, കേരള കോൺഗ്രസ്– ജേക്കബിലെ അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. രണ്ടു ദിവസമായി അനുഭാവ സത്യഗ്രഹം നടത്തിവന്ന മുസ്ലിംലീഗ് അംഗങ്ങളായ എൻ.ഷംസുദ്ദീൻ, കെ.എം. ഷാജി എന്നിവർക്ക് പകരം എൻ.എ. നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ ഇന്നലെ സത്യഗ്രഹമനുഷ്ഠിച്ചു.


സമരക്കാർക്ക് അനുഭാവം പ്രകടിപ്പിച്ച് നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷാംഗങ്ങൾ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്നലെ എത്തിയത്. ഇന്നലെ നിയമസഭ വിട്ടിറങ്ങിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളും അംഗങ്ങളും സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിലെത്തി. ഇന്നും നാളെയും നിയമസഭയ്ക്ക് അവധിയാണെങ്കിലും എംഎൽഎമാരുടെ സമരം തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.