മദ്യനയ അട്ടിമറിക്കെതിരേ നിൽപ്പുസമരം
Saturday, October 1, 2016 12:26 PM IST
കൊച്ചി: സംസ്‌ഥാനത്തെ ഒരു മദ്യശാലയും ഇനി പൂട്ടില്ലെന്ന സർക്കാർ നിലപാടിനെതിരേ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്‌ഥാന കമ്മിറ്റിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തിൽ ഇന്നു നിൽപ്പു സമരം സംഘടിപ്പിക്കും. വരാപ്പുഴ, എറണാകുളം അതിരൂപതകളുടെ ആതിഥേയത്വത്തിൽ കളമശേരി പ്രീമിയർ ജംഗ്ഷനിൽ നടക്കുന്ന സമരത്തിൽ 1,001 പേർ പങ്കെടുക്കുമെന്ന് ഏകോപന സമിതി സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ, ജനറൽ കൺവീനർമാരായ ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ.ജോർജ് നേരേവീട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നിലവിലുള്ള മദ്യനയത്തിന്റെ അടിസ്‌ഥാനത്തിൽ എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ബിവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഔട്ട്ലെറ്റുകൾ പത്തു ശതമാനം വീതം അടച്ചുപൂട്ടിയിരുന്നു. ഈ നയമാണ് ഇടതുസർക്കാർ അട്ടിമറിക്കുന്നത്.

സുപ്രീംകോടതി പോലും അംഗീകരിച്ച മദ്യനയമാണു നിലവിലു ള്ളത്. ഈ നയം അട്ടിമറിച്ചു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കങ്ങൾക്കെതിരേ കേരളത്തിലെ മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളുടെ സംസ്‌ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതി ആരംഭിക്കുന്ന പ്രക്ഷോഭത്തിൽ കേരളത്തിലെ മുഴുവൻ മദ്യവിരുദ്ധ പ്രസ്‌ഥാനങ്ങളും അണിചേരും.


ഇന്നു വൈകുന്നേരം നാലു മുതൽ 5.30 വരെ നടത്തുന്ന 1,001 പേരുടെ നിൽപ്പുസമരം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്‌ഥാന വൈസ് ചെയർമാൻ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി ഉദ്ഘാടനംചെയ്യും. ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ, ബിഷപ് മാർ തോമസ് ചക്യത്ത്, ജനറൽ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, മദ്യവിരുദ്ധ ഏകോപനസമിതി സംസ്‌ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദീൻ, കളമശേരി നഗരസഭാ ചെയർപേഴ്സൺ ജെസി പീറ്റർ, സമിതി ഭാരവാഹികളായ അഡ്വ.ചാർളി പോൾ, റവ.ഡോ.ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, പ്രസാദ് കുരുവിള, ഫാ.ജോർജ് നേരേവീട്ടിൽ, ഫാ.ആന്റണി അറയ്ക്കൽ, ടി.എം. വർഗീസ്, ഫാ.പോൾ ചുള്ളി, ഹിൽട്ടൺ ചാൾസ്, കുരുവിള മാത്യൂസ്, ആന്റണി ജേക്കബ്, തങ്കച്ചൻ വെളിയിൽ, പി.എച്ച്. ഷാജഹാൻ, കെ.എ.പൗലോസ് കാച്ചപ്പിള്ളി, എം.ഡി. റാഫേൽ, ജെസി ഷാജി, പ്രഫ.കെ.കെ. കൃഷ്ണൻ, കെ.വി.സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.