ഹാരിസൺസ് ഭൂമി പിടിച്ചെടുക്കാൻ നിയമം പരിഗണനയിൽ: റവന്യൂ മന്ത്രി
ഹാരിസൺസ് ഭൂമി പിടിച്ചെടുക്കാൻ നിയമം പരിഗണനയിൽ: റവന്യൂ മന്ത്രി
Saturday, October 1, 2016 12:26 PM IST
കൽപ്പറ്റ: സംസ്‌ഥാനത്തു ഹാരിസൺ മലയാളം കമ്പനിയുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുക്കാൻ നിയമനിർമാണം പരിഗണനയിലാണെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. റവന്യൂ വകുപ്പ് ജില്ലാ മേധാവികളുമായി ആശയ വിനിമയത്തിനും ഇടതുസർക്കാരിന്റെ നയവും സമീപനവും ഉ ദ്യോഗസ്‌ഥരെ ബോധ്യപ്പെടുത്താ നും ജില്ലയിലെത്തിയ മന്ത്രി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിലാണ് ഇ ക്കാര്യം വെളിപ്പെടുത്തിയത്.

ഹാരിസൺ ഭൂമി എറ്റെടുക്കുന്നതിനു നിയമനിർമാണം അനിവാര്യമാണെന്നാണു സ്പെഷൽ ഓഫീസറുടെ റിപ്പോർട്ട്. ഇത് നിയമവകുപ്പിന്റെ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. ഉപദേശം ലഭിക്കുന്ന മുറയ്ക്കായിരിക്കും നിയമനിർമാണം. ഇക്കാര്യത്തിൽ കാലപരിധി ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു വയനാട്ടിൽ ആദിവാസികൾക്കു വിവിധ പദ്ധതികളിൽ ഭൂമി വിലയ്ക്കു വാങ്ങി നൽകിയതിൽ ക്രമക്കേട് വ്യാപകമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകളിൽ പങ്കാളികളാണെന്നു തെളിയുന്ന ഉദ്യോഗസ്‌ഥർക്കെതിരേ കർശന നടപടി ഉണ്ടാകും.


ആദിവാസികളടക്കം ജില്ലയിലെ ഭൂരഹിതർക്കു സ്‌ഥലം നൽകാനുള്ള നടപടി ഊർജിതമാക്കും. കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രായോഗികതലത്തിൽ പാളി. അപേക്ഷകരിൽ നല്ലൊരു പങ്കിനും ഭൂമി ലഭിച്ചില്ല. വിതരണം ചെയ്ത ഭൂമി വാസയോഗ്യവുമായിരുന്നില്ല. പട്ടയം നൽകിയവർക്ക് ഭൂമി ചൂണ്ടിക്കാണിച്ചുകൊടുക്കാൻ കഴിയാത്ത സ്‌ഥിതിയും ഉണ്ടായി. ഈ ന്യൂനതകൾ നീക്കും. മിച്ചഭൂമി സാധ്യമാകുന്നിടത്തോളം ഏറ്റെടുത്തു ഭൂരഹിതർക്കു നൽകും. റവന്യൂ–വനം സംയുക്‌ത പരിശോധന കഴിഞ്ഞ ചെറുകിട കൈവശക്കാർക്കു ഭൂരേഖ നൽകും.

മിച്ചഭൂമി വിഷയത്തിൽ സ്പെഷൽ ഓഫീസറുടെ നോട്ടീസ് ലഭിച്ചവർ ഹൈക്കോടതിയിൽനിന്നു സ്റ്റേ സമ്പാദിക്കുന്നത് ഭൂലഭ്യതയെ ബാധിക്കുന്നുണ്ട്. മനുഷ്യപ്പറ്റുള്ളതാകണം ജനങ്ങളോടുള്ള ഉദ്യോഗസ്‌ഥരുടെ പെരുമാറ്റം. ഇക്കാര്യം റവന്യൂ വകുപ്പിന്റെ വിവിധ തട്ടുകളിൽ ഉള്ളവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ബി.എസ്. തിരുമേനി, എഡിഎം കെ.എം. രാജു, സബ്കളക്ടർ ശീറാം സാംബശിവറാവു എന്നിവരും ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.