മദ്യവിപത്തിൽനിന്നു സമൂഹത്തെ രക്ഷിക്കാൻ സർക്കാരിന് ഇച്ഛാശക്‌തി വേണം: മാർ പവ്വത്തിൽ
മദ്യവിപത്തിൽനിന്നു സമൂഹത്തെ രക്ഷിക്കാൻ സർക്കാരിന് ഇച്ഛാശക്‌തി വേണം: മാർ പവ്വത്തിൽ
Saturday, October 1, 2016 12:26 PM IST
ചങ്ങനാശേരി: മദ്യവിപത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ ബോധവത്കരണം പോരെന്നും ഇച്ഛാശക്‌തിയുള്ള സർക്കാർ ശക്‌തമായ നിയമം കൊണ്ടുവരണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ.

ചങ്ങനാശേരി അതിരൂപത ആത്മത കേന്ദ്രം, മദ്യവിരുദ്ധ സമിതി എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിൽ എക്സൈസ് ഓഫീസിനു മുമ്പിൽ നടത്തിയ കൈകെട്ടി നില്പ്സമരത്തിനു മുന്നോടിയായി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മദ്യവിപത്തുകൾ പോലുള്ള സാമൂഹ്യതിന്മകൾ വളരുമ്പോൾ ബോധവത്കരണം നൽകുന്നതുകൊണ്ട് കുറച്ചു ഫലമേ ലഭിക്കുകയുള്ളു. എന്നാൽ, ശക്‌തമായ നിയമത്തിലൂടെ മാത്രമേ നല്ല ഫലമുണ്ടാകുകയുള്ളുവെന്നും മാർ പവ്വത്തിൽ ചൂണ്ടിക്കാട്ടി.

എക്സൈസ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ വികാരി ജനറാൾ മോൺ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. മദ്യശാലകൾ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന മുൻസർക്കാരിന്റെ പ്രഖ്യാപനം ഈ സർക്കാർ കാറ്റിൽ പറത്തിയ നടപടിക്കെതിരെ മനസാക്ഷി ഉണരണമെന്നു വികാരി ജനറാൾ അഭിപ്രായപ്പെട്ടു. സി.എഫ്.തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. കുര്യൻ പുത്തൻപുര, ആത്മതാ കേന്ദ്രം ഡയറക്ടർ ഫാ. ജോർജ് കപ്പാംമൂട്ടിൽ, പ്രസാദ് കുരുവിള, വി.ജെ. ലാലി, ജെ.ടി. റാംസെ, തോമസുകുട്ടി മണക്കുന്നേൽ, ടി.എം.മാത്യു, ഡോ. സോണി കണ്ടങ്കരി, ജസ്റ്റിൻ ബ്രൂസ്, ഷാജി വാഴേപ്പറമ്പിൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി.മാത്യു, ജോസി കല്ലുകളം, റോസമ്മ കാടാശേരി, ട്രീസാ മാത്യു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.