എകെസിസി സമൂഹത്തിനു കരുത്താകണം: മാർ പുന്നക്കോട്ടിൽ
എകെസിസി സമൂഹത്തിനു കരുത്താകണം: മാർ പുന്നക്കോട്ടിൽ
Saturday, October 1, 2016 12:26 PM IST
തൊടുപുഴ: സമൂഹത്തിനു നന്മയിലൂടെ കരുത്തു പകരാൻ കത്തോലിക്കാ കോൺഗ്രസിനു കഴിയണമെന്നു കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി പാരിഷ്ഹാളിൽ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത 98–ാം വാർഷികവും രൂപത പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എകെസിസി ഒരു ഭക്‌തസംഘടനയല്ല. പകരം ഒരു സമുദായസംഘടനയാണ്. സഭയൊടൊപ്പം ചിന്തിക്കാനും നയിക്കാനും എകെസിസിക്ക് കഴിയണം. സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിനു കരുത്തു പകരാനും രാഷ്ട്രീയതലത്തിൽ സ്വാധീനം ചെലുത്താനും കത്തോലിക്കാ കോൺഗ്രസിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വികാരി ജനറാൾ മോൺ. ജോർജ് ഒലിയപ്പുറം അനുഗ്രഹപ്രഭാഷണവും കേന്ദ്ര ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം ആമുഖപ്രഭാഷണവും നടത്തി. കേന്ദ്ര ഡയറക്ടർ ഫാ. ജിയോ കടവിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷതവഹിച്ചു. കേന്ദ്ര പ്രസിഡന്റ് വി.വി. അഗസ്റ്റ്യൻ, തൊടുപുഴ ഫൊറോന ഡയറക്ടർ ഫാ. ജോസ് പുല്ലോപ്പിള്ളി, രൂപതാ സെക്രട്ടറി ജോസ് ചെറിയാൻ, ഡിഎഫ്സി സംസ്‌ഥാന സെക്രട്ടറി ജിബോയിച്ചൻ വടക്കൻ, കത്തോലിക്കാ കോൺഗ്രസ് രൂപതാ ഭാരവാഹികളായ ജോൺ മുണ്ടങ്കാലിൽ, സജി മൈലാടി, അഡ്വ. ജോസ് ഇലഞ്ഞിക്കൽ, ജോയ് പോൾ, മാത്യു ജോൺ മലേക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. മാലിന്യസംസ്കരണത്തെക്കുറിച്ചു പ്രഫ. ജെയ് എം. പോളും ഭക്ഷ്യവസ്തുക്കളിലെ മായത്തെക്കുറിച്ചു തോംസൺ ടി. ജോഷ്വായും സെമിനാർ നയിച്ചു. തുടർന്നു നടന്ന വാർഷിക പൊതുയോഗത്തിൽ ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിച്ചു. മോൺ. ജോർജ് ഒലിയപ്പുറം ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പുല്ലോപ്പിള്ളി പ്രസംഗിച്ചു.


കത്തോലിക്കാ കോൺഗ്രസിന്റെ കർമപദ്ധതികൾ അഡ്വ. ബിജു പറയന്നിലം വിശദീകരിച്ചു. നേരത്തെ ക്ലീൻ ഹോം ക്ലീൻ സിറ്റി സംസ്‌ഥാനതല ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.