എൻഎസ്എസ് കരയോഗതലങ്ങളിൽ ആശ്രയ ഇ സേവന കേന്ദ്രങ്ങളാരംഭിക്കും
Saturday, October 1, 2016 12:26 PM IST
ചങ്ങനാശേരി: സമുദായാംഗങ്ങളുടെ സർവതോന്മുഖമായ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമായ സേവനങ്ങൾ ലഭ്യമാക്കിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെ കരയോഗതലത്തിൽ ആശ്രയ ഇ സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവരുടെ സ്വയംതൊഴിൽ സംരംഭങ്ങളുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങളാരംഭിക്കുന്നത്.

കംപ്യൂട്ടർ പരിജ്‌ഞാനമുള്ള നാല്, അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന വനിതാ സംരംഭകത്വഗ്രൂപ്പിന്റെ ചുമതലയിലും കരയോഗങ്ങളുടെ മേൽനോട്ടത്തിലുമാണ് ഓരോ കേന്ദ്രവും പ്രവർത്തിക്കുന്നത്. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഓരോ കേന്ദ്രത്തിനും കംപ്യൂട്ടറും ഇന്റർനെറ്റും ടെലിഫോണും ഫോട്ടോകോപ്പി മെഷീനും ആവശ്യമായ ഫർണീച്ചറുകളും മറ്റും സജ്‌ജീകരിക്കുന്നതിന് ആവശ്യമെങ്കിൽ ബാങ്കുവായ്പകളും ലഭ്യമാക്കും. സ്ത്രീകൾ ആരംഭിക്കുന്ന ഒരു സേവനസംരംഭം എന്ന നിലയിൽ സർക്കാരിന്റെ പദ്ധതികളിൽ ഇവർക്ക് അപേക്ഷ നല്കുവാനും അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുവാനും സാധ്യതയുണ്ടെന്നും എൻഎസ്എസ് ജനറൽസെക്രട്ടറി ജി.സുകുമാരൻനായർ പ്രസിദ്ധീകരിച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ, അർധസർക്കാർ, പൊതുമേഖലാസ്‌ഥാപനങ്ങൾ, ത്രിതല പഞ്ചായത്തിരാജ് സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തുന്നതിനും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ, ബാങ്ക് റിക്രൂട്ട്മെന്റ് ബോർഡ്, യൂണിയൻ പ

ബ്ലിക് സർവീസ് കമ്മീഷൻ മുതലായവയിലേക്ക് ഓൺലൈൻ വഴി ജോലിക്ക് അപേക്ഷ അയയ്ക്കുന്നതിനും ഈ കേന്ദ്രങ്ങളിലൂടെ സാധിക്കും. വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന് അപേക്ഷ സമർപ്പിക്കുന്നതിനും പ്രോജക്റ്റ് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും ഈ–ലേണിംഗും സേവനകേന്ദ്രങ്ങളിലൂടെ സാധിക്കും. കൂടാതെ ഇല്ക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ മുതലായവ അടയ്ക്കുന്നതിനും ബസ്, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും, ഡിറ്റിപി ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിനും ഈ കേന്ദ്രത്തിലൂടെ സാധിക്കും.


വിവിധ തൊഴിലവസരങ്ങളും, പരിശീലനപരിപാടികളും ഓൺലൈനിലൂടെ അറിയുന്നതിനും ഈ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കംപ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഈ സേവനകേന്ദ്രങ്ങൾ കരയോഗതലങ്ങളിൽ ആരംഭിക്കുന്നതിന് ആവശ്യമായ പദ്ധതിയുടെ രൂപരേഖ എൻഎസ്എസ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റിൽനിന്നും എല്ലാ താലൂക്കു യൂണിയനുകൾക്കും നല്കുന്നതാണ്.

ഈ വർഷം വിവിധ താലൂക്കുകളിലായി 500 ആശ്രയ ഇ–സേവനകേന്ദ്രങ്ങൾ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്. കരയോഗമന്ദിരങ്ങൾ പ്രവർത്തന നിരതമായിരിക്കണമെന്നുള്ള സമുദായാചാര്യന്റെ അഭിലാഷം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യംകൂടി ഇത്തരം പുതിയ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനു പിന്നിലുണ്ട്. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചു വരുന്ന നായർ സർവീസ് സൊസൈറ്റി കാലത്തിനനുസൃതമായ പല പുതിയ പദ്ധതികളും പരിപാടികളും കരയോഗതലത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും ജനറൽ സെക്രട്ടറി സർക്കുലറിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.