’മധുരനൊമ്പരപ്പൊട്ടി‘ലൂടെ പി.കെ. റോസി വീണ്ടും
’മധുരനൊമ്പരപ്പൊട്ടി‘ലൂടെ പി.കെ. റോസി വീണ്ടും
Saturday, October 1, 2016 12:33 PM IST
പാലാ: അന്ധമായ ജാതിവ്യവസ്‌ഥയുടെ ഇരയായി മലയാള സിനിമാലോകം അവഗണനയുടെ ചവറ്റുകുട്ടയിൽ തള്ളിയ ആദ്യനായിക പി.കെ. റോസിക്കു നാടകവേദിയിലൂടെ പുനർജനി. ഫ്രാൻസിസ് ടി. മാവേലിക്കരയുടെ രചനയിൽ പാലാ കമ്യൂണിക്കേഷൻസാണ് ‘മധുരനൊമ്പരപ്പൊട്ട്’ എന്ന നാടകത്തിലൂടെ മലയാളത്തിന്റെ നൊമ്പരമായ റോസമ്മ എന്ന നടിയെ കാലാതീതമായ ഓർമകളോടെ പ്രേക്ഷകമനസിലെത്തിക്കുന്നത്.

വിഗതകുമാരൻ’ എന്ന ആദ്യ മലയാളസിനിമയ്ക്കുവേണ്ടി ജെ.സി. ദാനിയേൽ കണ്ടെത്തിയ നടിയായിരുന്നു പി.കെ. റോസി. ദളിത് ക്രിസ്ത്യാനികളായ കുഞ്ഞിയുടെയും പൗലോസിന്റെയും മകൾ. തമിഴ്നാട്ടിലെ കാക്കാരശി എന്ന ദളിത് കലാരൂപത്തിലെ നടിയായിരുന്നു അവർ.

തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിൽ 1928 ൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ ദളിത് സ്ത്രീ നായർ സ്ത്രീയായി വേഷമിട്ടു എന്ന വാർത്ത പരന്നു. ഇതുകേട്ട് ജനം ഇളകി. അവർ സ്ക്രീൻ വലിച്ചുകീറി. തീയറ്റർ കത്തിച്ചു. റോസിയുടെ വീടിന് തീവച്ചു. റോസിയെ കൊല്ലാൻ തെരഞ്ഞെങ്കിലും രാത്രിയുടെ മറവിൽ അവൾ ഓടിരക്ഷപ്പെട്ടു. എങ്ങനെയോ തമിഴ്നാട്ടിലെത്തി.


സവർണജാതിക്കാരനായ ഒരു ലോറി ഡ്രൈവർ അവരെ പിന്നീട് സിനിമയിലെ നായർ കഥാപാത്രമായ സരോജത്തിന്റെ പേരിട്ട് വിവാഹം ചെയ്തു. 1988 വരെ പി.കെ. റോസി ജീവിച്ചെങ്കിലും കാലം അവരെ മറന്നുകളഞ്ഞു. 2013 ൽ കമലിന്റെ സെല്ലുലോയിഡിനുശേഷം സംസ്‌ഥാന സർക്കാർ പി.കെ. റോസിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തി.

വൽസൻ നിസരിയാണ് സംവിധായകൻ. പാലാ കമ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ജോയൽ പണ്ടാരപ്പറമ്പിലിന്റെ ഗാനങ്ങൾക്ക് ആലപ്പി വിവേകാനന്ദൻ ഈണം നൽകിയിരിക്കുന്നു. ആർട്ടിസ്റ്റ് സുജാതന്റേതാണു രംഗപടം.

പാലാ കമ്യൂണിക്കേഷന്റെ 25–ാമത്തെ നാടകമാണ് മധുരനൊമ്പരപ്പൊട്ട്.’ പാലാ അൽഫോൻസാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നാടകം ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.