നദീജല കരാർ പുനരവലോകനം ചെയ്യണം: മാത്യു ടി. തോമസ്
നദീജല കരാർ പുനരവലോകനം ചെയ്യണം: മാത്യു ടി. തോമസ്
Tuesday, October 18, 2016 1:17 PM IST
തിരുവനന്തപുരം: അന്തർസംസ്‌ഥാന നദീജല കരാറുകൾ ഏറെ പഴക്കം ചെന്നവയാണെന്നും അവ പുനരവലോകനം ചെയ്യേണ്ടതാണെന്നും ജലവിഭവമന്ത്രി മാത്യു ടി. തോമസ്. ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടിപറയുകയായിരുന്നു അദ്ദേഹം.

1970 കളിലാണ് അന്തർനദീജല കരാറുകളിലേറെയും ഒപ്പുവച്ചത്. എന്നാൽ, അന്നുള്ളതിനേക്കാൾ ഏറെ ജലക്ഷാമമാണ് ഇപ്പോൾ സംസ്‌ഥാനം നേരിടുന്നത്. ജലം പങ്കിടുന്ന വിവിധ സംസ്‌ഥാനങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയിലൂടെ കരാർ പുനരവലോകനം ചെയ്യണം. പറമ്പിക്കുളം, ആളിയാർ പദ്ധതികളിൽ നിന്നു കേരളത്തിന് അർഹമായ വെള്ളം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ തമിഴ്നാടിനു കത്തെഴുതിയിട്ടുണ്ട്. കബനി നദിയിൽനിന്നു 30 ടിഎംസി ജലം ആവശ്യമാണെന്നു കാണിച്ച് കേരളം സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിലവിലുള്ള അന്തർ നദീജല കരാറുകൾ സംസ്‌ഥാനത്തിന്റെ താത്പര്യത്തിന് ഉതകുന്നതാണെന്നു പറയാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വരൾച്ച ഈ വർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സർക്കാർ മുൻകരുതലുകൾ എടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക യോഗം ചേർന്നിരുന്നു. അവശ്യം വേണ്ട മുൻകരുതലുകളും ചർച്ച ചെയ്തു. നദികളിലെ വെള്ളം തടഞ്ഞുനിർത്താനായി തടയണ നിർമിക്കൽ ഉൾപ്പെടെയുള്ളവ പരിഗണിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സംസ്‌ഥാനത്തെ ഡാമുകളിൽ 22.85 ശതമാനം വെള്ളത്തിന്റെ കുറവാണുള്ളത്.


കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി ജല അഥോറിറ്റിയുടെ കാര്യക്ഷമത വർധിപ്പിക്കും. കാലപ്പഴക്കം ചെന്ന പൈപ്പ്ലൈനുകൾ മാറ്റി സ്‌ഥാപിക്കാൻ 525 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഊർജക്ഷമതയുള്ള പമ്പ് സെറ്റുകൾ സ്‌ഥാപിക്കുന്നതിന് 128 കോടി കിഫ്ബി പദ്ധതി പ്രകാരം മാറ്റിവച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 10 ലക്ഷം പുതിയ വാട്ടർ കണക്ഷനുകൾ നല്കും. സംസ്‌ഥാനത്തെ 41000 കുളങ്ങളിൽ 9453 എണ്ണം നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരം അരുവിക്കരയിൽ ഉള്ള പ്ലാന്റിൽനിന്നും ജല അഥോറിറ്റി ഉടൻ തന്നെ കുപ്പിവെള്ളം വിരണത്തിനെത്തിക്കും. സംസ്‌ഥാനത്ത് 3878 കോടി രൂപയുടെ 499 കുടിവെള്ള പദ്ധതികളാണ് ഇപ്പോൾ നിർമാണത്തിലിരിക്കുന്നത്. ഇവ പൂർത്തിയാകുമ്പോൾ 13,282 ലക്ഷം അടി ജലം കൂടിവിതരണം നടത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.