ദൈവശാസ്ത്രപഠനം സഭയുടെ എല്ലാ തലങ്ങളിലും സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്
ദൈവശാസ്ത്രപഠനം സഭയുടെ എല്ലാ തലങ്ങളിലും സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്
Tuesday, October 18, 2016 1:17 PM IST
കാലടി (കൊച്ചി): ദൈവശാസ്ത്രത്തിന്റെ ആഴത്തിലുള്ള പഠനം സഭയുടെ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ടെന്നു സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കേരള തിയോളജിക്കൽ അസോസിയേഷന്റെ (കെടിഎ) നേതൃത്വത്തിലുള്ള കേരള ദൈവശാസ്ത്ര സംഗമവും പ്രമുഖരായ ദൈവശാസ്ത്രജ്‌ഞരെ ആദരിക്കലും കാലടി സമീക്ഷയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാമ്മോദീസ സ്വീകരിച്ച എല്ലാവരും ദൈവശാസ്ത്രത്തിൽ അറിവ് നേടേണ്ടവർ കൂടിയാണ്. വിശ്വാസത്തെ ഹൃദയത്തിൽ സ്‌ഥിരീകരിക്കാനും ദൃഢമാക്കാനും ആഴത്തിലുള്ള ദൈവശാസ്ത്രപഠനവും അന്വേഷണങ്ങളും സഹായിക്കും. വിശ്വാസികളുടെ കർമവഴികളിൽ യേശുഭാഷ്യത്തിന്റെ തനിമ പ്രതിഫലിപ്പിക്കപ്പെടേണ്ടതുണ്ട്.

പുതിയ നിയമം അടയാളപ്പെടുത്തുന്ന ദൈവശാസ്ത്ര സൂചനകൾ യേശുഭാഷ്യത്തിന്റെ തനിമ തിരിച്ചറിയാനും അതിൽ ആഴപ്പെടാനും നമ്മെ സഹായിക്കും. സുവിശേഷത്തോടു ചേർന്നുള്ള സഭയുടെ സഞ്ചാരത്തെ ഫലപ്രദമാക്കാൻ ദൈവശാസ്ത്രത്തിന്റെയും ദൈവശാസ്ത്രജ്‌ഞരുടെയും സംഭാവനകൾ ആവശ്യമാണ്.

സഭയുടെ മുതൽക്കൂട്ടായ ദൈവശാസ്ത്രരംഗത്തെ ഗുരുക്കന്മാർക്കു ശക്‌തമായ തുടർച്ചയുണ്ടാകേണ്ടത് ആവശ്യമാണ്. ദൈവശാസ്ത്രവിചാരങ്ങളുടെ പുനർസമർപ്പണമായി രൂപംകൊണ്ട തിയോളജിക്കൽ അസോസിയേഷന് ഈ രംഗത്തു ശ്രദ്ധേയമായ ചുവടുകൾ വയ്ക്കാനാകുമെന്നും കർദിനാൾ പറഞ്ഞു. കേരളസഭയിലെ പ്രമുഖ ദൈവശാസ്ത്രപണ്ഡിതരായ റവ. ഡോ. സാമുവൽ രായൻ, റവ. ഡോ. ജോസഫ് പാത്രപാങ്കൽ, റവ. ഡോ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. ഗീവർഗീസ് ചേടിയത്ത്, റവ. ഡോ. കോൺസ്റ്റന്റൈൻ മണലേൽ, മോൺ. ഫെർഡിനാൻഡ് കായാവിൽ, ഫാ. ജിയോ പയ്യപ്പിള്ളി, റവ. ഡോ. സിപ്രിയാൻ ഇല്ലിക്കമുറി എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരങ്ങൾ നൽകി കർദിനാൾ ആദരിച്ചു.


രാവിലെ നടന്ന ദൈവശാസ്ത്ര സെമിനാറിൽ ഇംഗ്ലീഷ് സത്യദീപം ചീഫ് എഡിറ്റർ റവ. ഡോ. പോൾ തേലക്കാട്ട്, കവിയും നിരൂപകനുമായ പ്രഫ. വി.ജി. തമ്പി, റവ. ഡോ. ടി. നിക്കോളാസ്, റവ. ഡോ. പി.ടി. മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. ലോറൻസ് കുലാസും സിസ്റ്റർ ഡോ. ആർദ്ര കടുവിനാലും മോഡറേറ്റർമാരായിരുന്നു.

കേരള തിയോളജിക്കൽ അസോസിയേഷൻ പ്രസിഡന്റ് റവ. ഡോ. വിൻസന്റ് കുണ്ടുകുളം, സെക്രട്ടറി റവ. ഡോ. ജേക്കബ് നാലുപറയിൽ, പ്രോഗ്രാം കൺവീനർ റവ. ഡോ. സിപ്രിയാൻ ഫെർണാണ്ടസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, മത, സാംസ്കാരിക ജീവിതത്തിന്റെ നിർമിതിക്കു കേരള ദൈവശാസ്ത്രജ്‌ഞരുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണു ദൈവശാസ്ത്ര സംഗമത്തിലെ ചർച്ചകൾ നടന്നത്. വിമോചന ദൈവശാസ്ത്രത്തിനു കേരളത്തിന്റെ രൂപഭാവങ്ങൾ നൽകിയ റവ. ഡോ. സാമുവൽ രായന്റെ ദൈവശാസ്ത്ര ആഭിമുഖ്യങ്ങളെ സെമിനാർ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.