ഖത്തറിൽ കാണാതായ യുവാവ് വാഹനാപകടത്തിൽ മരിച്ചു
ഖത്തറിൽ കാണാതായ യുവാവ് വാഹനാപകടത്തിൽ മരിച്ചു
Tuesday, October 18, 2016 1:17 PM IST
പത്തനംതിട്ട: ഖത്തറിൽ കാണാതായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പത്തനംതിട്ട അഴൂർ ഇരട്ടപ്പുളിക്കൽ ജോസുകുട്ടി–പൊന്നമ്മ ദമ്പതികളുടെ മകൻ സോബി ജോസാണ് (38) മരിച്ചത്. കഴിഞ്ഞ ഒന്നിന് ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച സോബിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കുശേഷമാണു തിരിച്ചറിഞ്ഞത്. ഒന്നാം തീയതി മുതൽ സോബിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണു മൃതദേഹം ആശുപത്രിയിൽ തിരിച്ചറിഞ്ഞത്.

ഖത്തർ ഓൾഡ് എയർപോർട്ട് സ്റ്റേഷൻ പരിധിയിൽ ഒന്നിനു രാത്രിയിൽ വാഹനാപകടത്തിൽ മരിച്ചതായി രേഖപ്പെടുത്തിയാണു മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരുന്നത്. നടന്നുപോകുമ്പോൾ വാഹനം ഇടിച്ചതായാണ് വിവരം. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതിനാൽ അപകട മരണമെന്ന നിഗമനത്തിലാണ് ഖത്തർ പോലീസ്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം നാട്ടിലെത്തിക്കാനുള്ളശ്രമം നടന്നുവരുന്നു. അപകടമരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂവെന്നു ബന്ധുക്കൾ പറഞ്ഞു.


ഖത്തറിൽ സ്വന്തമായി മെയിന്റനൻസ്, നിർമാണ കമ്പനി നടത്തിവരികയായിരുന്നു സോബി. ഭാര്യ സുമി ഖത്തറിൽ നഴ്സായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അവർ നാട്ടിലേക്കു തിരികെ പോന്നിരുന്നു. മക്കൾ: സിറിൾ, സാവിയോ, ചാൾസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.