തെരുവുനായ സംരക്ഷണം; ബോബി ചെമ്മണ്ണൂർ ഹർജി നൽകി
തെരുവുനായ സംരക്ഷണം; ബോബി ചെമ്മണ്ണൂർ ഹർജി നൽകി
Tuesday, October 18, 2016 1:17 PM IST
കൊച്ചി: തെരുവുനായ്ക്കളെ സംരക്ഷിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതു കൽപ്പറ്റ നഗരസഭ തടഞ്ഞതിനെതിരേ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഹർജി നൽകി. സംസ്‌ഥാനത്തു തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ നായ്ക്കളെ പിടികൂടി കൽപ്പറ്റയിൽ തന്റെ ഉടമസ്‌ഥതയിലുള്ള പത്തേക്കർ സ്‌ഥലത്തു സംരക്ഷിക്കാൻ സൗകര്യമൊരുക്കിയെങ്കിലും നഗരസഭാ അധികൃതരും വയനാട് ജില്ലാ ഭരണകൂടവും തടയുകയാണെന്നു ബോബിയുടെ ഹർജിയിൽ പറയുന്നു.

കൽപ്പറ്റയിലെ പത്തേക്കർ സ്‌ഥലത്തു 10,000 നായകളെ പാർപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളും പരിപാലിക്കാൻ വെറ്ററിനറി ഡോക്ടറുടെ സേവനവും ഒരുക്കിയിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷം ഈ മാസം 12 മുതൽ 15 വരെ കോഴിക്കോട് നഗരത്തിൽ നിന്നുൾപ്പെടെ നായ്ക്കളെ പിടികൂടി കൽപ്പറ്റയിലെ കേന്ദ്രത്തിൽ എത്തിച്ചു.


കൽപ്പറ്റയിലെ കേന്ദ്രത്തിൽ പാർപ്പിച്ചിട്ടുള്ള നായ്ക്കളെ 24 മണിക്കൂറിനുള്ളിൽ നഗരത്തിനു പുറത്തേക്കു കൊണ്ടുപോകണമെന്നു കാണിച്ചു കൽപറ്റ നഗരസഭാ സെക്രട്ടറി കഴിഞ്ഞ 15നു നോട്ടീസ് നൽകി. ഇതിനു പുറമേ നായ്ക്കളെ ഈ കേന്ദ്രത്തിലെത്തിക്കുന്നതു ചില പ്രദേശവാസികൾ ചേർന്നു തടയുകയും ചെയ്തിരുന്നു. നായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തടയുന്നതു നിയമവിരുദ്ധമാണെന്നു ഹർജിയിൽ പറയുന്നു. നോട്ടീസും ഇതിന്മേലുള്ള തുടർനടപടികളും റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.