റബർ: പ്രതിപക്ഷവും കേരള കോൺഗ്രസും നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി
റബർ: പ്രതിപക്ഷവും കേരള കോൺഗ്രസും  നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി
Tuesday, October 18, 2016 1:30 PM IST
തിരുവനന്തപുരം: റബർ വിലയിടിവിനെത്തുടർന്നു പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികളും കേരള കോൺഗ്രസ്– എമ്മും പി.സി. ജോർജും നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി. റബർ, നാളികേരം, നെൽ കർഷകരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ്–എം നിയമസഭാ കക്ഷി നേതാവ് കെ.എം. മാണിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്തു ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ നടപടികളാണു സംസ്‌ഥാനത്തെ റബർ കർഷകരുടെ നട്ടെല്ലൊടിച്ചതെന്നു കെ.എം. മാണി പറഞ്ഞു. ഓണത്തിന് എല്ലാ ക്ഷേമ പെൻഷനും നൽകിയിട്ടും കർഷകർക്കു മാത്രം പെൻഷൻ നൽകിയില്ല. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ മുഖ്യമന്ത്രി വിശദീകരിക്കാത്തതു ശരിയല്ല. കർഷകരെ സഹായിക്കാൻ സർക്കാർ നല്ല നിലപാടുകൾ സ്വീകരിച്ചാൽ കേരള കോൺഗ്രസ് ഒപ്പം നിൽക്കും. എന്നാൽ, ഇടതുമുന്നണിയിൽ ചേരുമെന്നല്ല ഇത് അർഥമാക്കുന്നതെന്നും മാണി പറഞ്ഞു.

റബർ കർഷകരെ സഹായിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും കാണുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. റബർ കർഷകരെ തകർക്കുന്ന ആർസിഇപി (റീജണൽ കോംപ്രഹെൻസീവ് ഇക്കണോമിക്സ് പാർട്ണർഷിപ്പ്) കരാറിൽ ഒപ്പിട്ടാൽ ചുങ്കമില്ലാതെ റബർ പുറത്തുനിന്നു കൊണ്ടുവരാനാകും. ഇതു കേരളത്തിലെ റബർ കൃഷിയെ തകർക്കും. കരാറിൽ ഒപ്പിടുന്നതിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നാണു കേരളത്തിന്റെ ആവശ്യം. ജനിതക മാറ്റം വരുത്തിയ വിത്തുകൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ സമാനമനസ്കരായ മറ്റു സംസ്‌ഥാനങ്ങളുടെ യോഗം വിളിക്കും.


റബർ വിലസ്‌ഥിരതാ പദ്ധതിയിൽ ഉൾപ്പെടുത്തിയ 500 കോടി രൂപയിൽ 283 കോടി രൂപ ഇതുവരെ വിതരണം നടത്തി. റബർ വിലസ്‌ഥിരതാ പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

സംസ്‌ഥാനത്ത് ആരംഭിക്കുന്ന 14 അഗ്രോ പാർക്കുകളിൽ കോട്ടയത്തും പത്തനംതിട്ടയിലും റബർ അധിഷ്ഠിത വ്യവസായം ആരംഭിക്കും. നെല്ല്, നാളികേര കർഷകർക്കുള്ള കുടിശിക കൊടുത്തുതീർക്കാൻ നടപടി സ്വീകരിക്കും.

സംസ്‌ഥാനത്ത് 3,56,663 പേർക്കാണു കർഷകപെൻഷൻ നൽകുന്നത്. ഇതിൽ ഒരു ലക്ഷത്തോളം പേർ അനർഹരാണെന്നു ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. അനർഹരെ കണ്ടെത്താനുള്ള നടപടികൾ നടന്നുവരുന്നുതായും ഇതു പൂർത്തിയാകുന്നതോടെ കർഷകപെൻഷൻ കുടിശിക കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന റബർ വിലസ്‌ഥിരതാ പദ്ധതി ഇപ്പോൾ സ്തംഭനാവസ്‌ഥയിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റബർ കർഷകരെ സഹായിക്കുന്ന നിലപാടു സ്വീകരിക്കാൻ തയാറാകാത്ത സർക്കാർനിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷവും പിന്നാലെ കേരള കോൺഗ്രസും നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.

എൻഡിഎ സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു പി.സി. ജോർജും നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.