മാധ്യമപ്രവർത്തകരെ ആക്രമിച്ച അഞ്ച് അഭിഭാഷകർ അറസ്റ്റിൽ
Tuesday, October 18, 2016 1:30 PM IST
തിരുവനന്തപുരം: വഞ്ചിയൂർ പ്രത്യേക വിജിലൻസ് കോടതിയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് അഭിഭാഷകരെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജി, വെള്ളറട ചാമപ്പാറവിള വീട്ടിൽ രതിൻ ആർ, കോവളം വെള്ളാർ പണയിൽ വീട്ടിൽ ബി. സുഭാഷ്, കരമന ശിവപ്രസാദം ടിസി 50/142 (1)ൽ അരുൺ പി. നായർ, കുളത്തൂർ കിഴക്കുംകര ലതിക ഭവനിൽ എൽ.ആർ. രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

പൊതുമേഖലാ സ്‌ഥാപങ്ങളിലെ ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വഞ്ചിയൂർ വിജിലൻസ് പ്രത്യേക കോടതിയിൽ അഭിഭാഷകർ ആക്രമണം നടത്തിയത്. ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ പ്രഭാത് നായർ, വനിതാ മാധ്യമപ്രവർത്തകരായ സി.പി. അജിത, ജസ്റ്റീന തോമസ് എന്നിവരാണ് ആക്രമണത്തിനിരയായത്. ഈസമയം വനിതാ മാധ്യമപ്രവർത്തകർ ജഡ്ജിയുടെ ഇരിപ്പിടത്തിനടുത്തത്തെി സഹായമഭ്യർഥിച്ചെങ്കിലും ബഹളം വയ്ക്കുന്നതു ചോദ്യം ചെയ്തതല്ലാതെ വിജിലൻസ് ജഡ്ജി മറ്റു നടപടികൾക്കു മുതിർന്നില്ല. തുടർന്നു പോലീസ് വലയത്തിലാണു മാധ്യമപ്രവർത്തകരെ പുറത്തെത്തിച്ചത്.


മീഡിയ റൂം ബോർഡ് നശിപ്പിച്ച അഭിഭാഷകർ പുറത്തുനിന്ന മാധ്യമപ്രവർത്തകർക്കും മാധ്യമ വാഹനങ്ങൾക്കും നേരേ കല്ലേറും നടത്തി. ആക്രമണത്തിനിരയായ മാധ്യമപ്രവർത്തകർ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറിനു പരാതി നൽകിയെങ്കിലും കേസെടുക്കാൻ വൈകിയതു പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് ഇപ്പോൾ അറസ്റ്റിലായ അഞ്ചു പേർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കെതിരേയും കേസെടുക്കാൻ പോലീസ് തയാറായത്. സ്ത്രീകളെയടക്കം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതിനും മർദിച്ചതിനും വലിച്ചിഴച്ചതിനുമാണ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ അഭിഭാഷകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, സംഭവത്തിൽ നാലു മാധ്യമപ്രവർത്തകർക്കെതിരേയും കേസെടുത്തതായി പോലീസ് അറിയിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറിയുടെ പരാതിയെ ത്തുടർന്നാണു കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.