കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു പൊതു–സ്വകാര്യ പങ്കാളിത്തം തേടണം: വെങ്കയ്യ നായിഡു
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു പൊതു–സ്വകാര്യ പങ്കാളിത്തം തേടണം: വെങ്കയ്യ നായിഡു
Tuesday, October 18, 2016 1:30 PM IST
കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണത്തിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തിനുള്ള സാധ്യതകൾ ആരായണമെന്നു കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. കൊച്ചി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടന്ന നഗരവികസന പദ്ധതികളുടെ സംസ്‌ഥാനതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനായി പണം കണ്ടെത്തുക ശ്രമകരമായ കാര്യമാണ്. നല്ല സേവനം നൽകിയാൽ ജനങ്ങൾ അതിനുവേണ്ടി പണം മുടക്കാൻ തയാറാകും. പൊതു–സ്വകാര്യ പങ്കാളിത്തത്തിലുള്ള നിക്ഷേപങ്ങളെ സ്വാഗതം ചെയ്യണം. അതേസമയം, വിഭവസമാഹരണം നടത്തുന്നതിനു സുതാര്യത ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ മറ്റു സംസ്‌ഥാനങ്ങളേക്കാൾ കേരളം മുന്നിലാണ്. സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, അമൃതം പദ്ധതികളിൽ കേരളം മികച്ച മുന്നേറ്റം നടത്തി. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് (പിഎംസി) രൂപീകരണവും കൺസൾട്ടന്റുമാരുടെ നിയമനവും സംസ്‌ഥാനം വേഗത്തിൽ പൂർത്തീകരിക്കണം.

ഒരു ലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള നഗരങ്ങളാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുക. 2011ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏഴു നഗരങ്ങളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, പിന്നീടു നടന്ന ചർച്ചയിൽ കേരളത്തിൽനിന്നു തീർഥാടനനഗരമായ ഗുരുവായൂരും ചരിത്രപ്രാധാന്യമുള്ള നഗരമെന്ന നിലയിൽ കണ്ണൂരും കൂടി ഉൾപ്പെടുത്തി. ഒമ്പത് അമൃത് നഗരങ്ങളും ഒരു സ്മാർട്ട് സിറ്റിയും മെട്രോയുമാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

കൊച്ചി മെട്രോ നിർമാണം മുമ്പു നിശ്ചയിച്ച വേഗത്തിലാണു മുന്നേറുന്നത്. മെട്രോ ആദ്യഘട്ടം അടുത്ത വർഷം ഏപ്രിൽ മാസത്തിനകം പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ. അമൃത് പദ്ധതികളുടെ വിശദമായ പദ്ധതിരേഖ സംസ്‌ഥാനം നൽകിയിട്ടില്ല. അവ എത്രയും വേഗം പൂർത്തീകരിച്ചു നൽകണം. കേരളത്തോടു കേന്ദ്രത്തിനു പ്രത്യേക താത്പര്യമുണ്ട്. കേന്ദ്ര ഭവനപദ്ധതിയുടെ ഭാഗമായി പരമാവധി വീടുകൾ കേരളത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ഇതിനായുള്ള മുഴുവൻ തുകയും കൈമാറിയതായും വെങ്കയ്യനായിഡു പറഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെ മികച്ച പദ്ധതികൾ സംസ്‌ഥാനങ്ങൾ കൊണ്ടുവന്നാൽ ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയാറാണ്. അമൃത്, സ്മാർട്ട് സിറ്റികൾക്കായി കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.


നിലവിൽ കൊച്ചി മോട്രോയ്ക്കായി 1767 കോടി രൂപയും സ്മാർട്ട് സിറ്റിക്കായി 200 കോടി രൂപയും അമൃത് സിറ്റിക്കായി 135 കോടി രൂപയും സ്വഛ്ഭാരതിനായി 32 കോടി രൂപയും സംസ്‌ഥാനത്തിനു കൈമാറിയിട്ടുണ്ട്.

തദ്ദേശ സ്‌ഥാപനങ്ങൾ വരുമാനം ലഭിക്കുന്ന പദ്ധതികൾ നടപ്പാക്കണം. എന്തിനും സംസ്‌ഥാനത്തെയും കേന്ദ്രത്തെയും ആശ്രയിക്കുന്നതു വികസനം വൈകിക്കും. ഇതിനായി കൂടുതൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന ഉപഭോക്‌താക്കളിൽനിന്നു കൂടുതൽ തുക ഈടാക്കണമെന്നും അതോടൊപ്പംതന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതിന്റെ ഗുണഫലം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ഊർജസ്രോതസുകൾക്കു കൂടുതൽ പ്രാധാന്യം നൽകണം. മഴവെള്ള സംഭരണികൾ വീടുകളിൽ സ്‌ഥാപിക്കുന്നതു പ്രോത്സാഹിപ്പിക്കുകയും മലിനജലം പുനരുപയോഗിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും വേണം. സംസ്‌ഥാനത്തെ മുഴുവൻ തെരുവു വിളക്കുകളും എൽഇഡി ആക്കുന്നതിനുള്ള പദ്ധതി ഉടൻ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സ്മാർട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ജലവൈദ്യുതി വിതരണത്തിനു പ്രത്യേക വിഭാഗം രൂപീകരിക്കാൻ സംസ്‌ഥാനം ആഗ്രഹിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത സംസ്‌ഥാന തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. അടുത്ത ദിവസം തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച ഉന്നതതലയോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു.

തുറസായ സ്‌ഥലത്തെ വിസർജനത്തിൽനിന്നു വിമുക്‌തമായ (ഒഡിഎഫ്) മുനിസിപ്പാലിറ്റി എന്ന നേട്ടം കൈവരിച്ച കട്ടപ്പന മുനിസിപ്പാലിറ്റിക്കുള്ള സ്വച്ഛതാ സർട്ടിഫിക്കറ്റ് കട്ടപ്പന നഗരസഭാധ്യക്ഷൻ ജോണി കുളംപിള്ളിക്കു കേന്ദ്രമന്ത്രി കൈമാറി.

സ്വച്ഛ് ഭാരത് പദ്ധതിക്കുവേണ്ടി 10 കോടി രൂപയുടെ ചെക്ക് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ. വാസുകിക്കും മന്ത്രി കൈമാറി.കേന്ദ്ര നഗരവികസന വകുപ്പ് സെക്രട്ടറി രാജീവ് ഗൗബ, കെഎംആർഎൽ എംഡിയും കൊച്ചി സ്മാർട്ട് മിഷൻ സിഇഒയുമായ ഏലിയാസ് ജോർജ്, മുതിർന്ന കേന്ദ്ര, സംസ്‌ഥാന ഗവൺമെന്റ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.