ഡോ.സ്കറിയ സക്കറിയയ്ക്ക് ഷെവ.ഐ.സി. ചാക്കോ അവാർഡ്
ഡോ.സ്കറിയ സക്കറിയയ്ക്ക് ഷെവ.ഐ.സി. ചാക്കോ അവാർഡ്
Wednesday, October 19, 2016 1:01 PM IST
ചങ്ങനാശേി: ഷെവലിയർ ഐ.സി.ചാക്കോയുടെ സ്മരണയ്ക്കായി ചങ്ങനാശേരി അതിരൂപത ഏർപ്പെടുത്തിയ സാഹിത്യ സാംസ്കാരിക അവാർഡിനു ഭാഷാ സാഹിത്യ ഗവേഷകനും അക്കാദമിക് പ്രതിഭയുമായ ഡോ.സ്കറിയാ സക്കറിയ അർഹനായി. സാഹിത്യ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സേവനങ്ങളനുഷ്ഠിച്ച വ്യക്‌തിയെന്ന നിലയിലാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. സംസ്കൃതഭാഷാ വൈയാകരണൻ, ഭാഷാസാഹിത്യ രംഗത്തു വ്യക്‌തിമുദ്ര പതിപ്പിച്ച ഗവേഷകനായ എഴുത്തുകാരൻ, ശാസ്ത്രസാങ്കേതിക കാർഷികരംഗങ്ങളിൽ ആധുനീകരണത്തിനു നേതൃത്വം വഹിച്ച ഉൽപതിഷ്ണു എന്നീ നിലകളിൽ ചിരപ്രതിഷ്ഠ നേടിയ ഷെവലിയർ ഐ.സി.ചാക്കോയുടെ നാമത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡ് 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്. 22ന് രാവിലെ 9.30ന് എസ്ബി ഹയർ സെക്കണ്ടറി സ്കൂൾ ഇൻഫോ ഹബിൽ നടത്തുന്ന 50–ാമത് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.


അനുസ്മരണസമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാൾ മോൺ.ജോസഫ് മുണ്ടകത്തിൽ അധ്യക്ഷതവഹിക്കും. ഭരണപരിഷ്കാര കമ്മീഷൻ അംഗവും മുൻ ചീഫ് സെക്രട്ടറിയുമായ സി.പി.നായർ, മുൻ വിവരാവകാശ കമ്മീഷണർ ഡോ.കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.