സാത്വികഭാവത്തിൽ മുഖ്യമന്ത്രി; ആസ്വദിച്ചു പ്രതിപക്ഷം
സാത്വികഭാവത്തിൽ മുഖ്യമന്ത്രി; ആസ്വദിച്ചു പ്രതിപക്ഷം
Wednesday, October 19, 2016 1:01 PM IST
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിന്റെ താത്ത്വിക മാനങ്ങളെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത്. അതിവൈകാരികതയുടെ അപകടങ്ങളും മനുഷ്യത്വത്തിന്റെ ആവശ്യകതയും സൗമനസ്യത്തിന്റെയും സാഹോദര്യത്തിന്റെയും അനിവാര്യതയുമെല്ലാം ഒരു തത്ത്വജ്‌ഞാനിയുടെ സാത്വികഭാവത്തിൽ നിന്നു പിണറായി വിവരിച്ചപ്പോൾ അതിനെ സാരോപദേശമെന്നും ഗീതോപദേശമെന്നുമൊക്കെയാണു പ്രതിപക്ഷം വിളിച്ചത്.

താത്ത്വികാവലോകനവുമായി മുന്നേറുമ്പോഴും കണ്ണൂരിലെ പ്രശ്നത്തിൽ ഇടപെടുന്നതിനേക്കുറിച്ചോ സമാധാനയോഗം വിളിച്ചുകൂട്ടുന്നതിനെക്കുറിച്ചോ പിണറായി പറഞ്ഞില്ല. ഇതിനിടെ, മുഖ്യമന്ത്രി മുൻകൈയെടുത്തു സമാധാനചർച്ച നടത്തുമോ എന്നാണ്് അറിയേണ്ടതെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിച്ചു.

സർക്കാർ ഇടപെട്ട് യോഗം നടത്തേണ്ടതുണ്ടെങ്കിൽ വിരോധമില്ലെന്നു മറുപടി വന്നു. ഒടുവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ മന്ത്രി എ.കെ. ബാലനു സംശയം. പ്രതിപക്ഷം ആവശ്യപ്പെട്ട സമാധാന സമ്മേളനം നടത്താമെന്നു പറഞ്ഞിട്ടും എന്തേ വാക്കൗട്ട്? മുൻമുഖ്യമന്ത്രിയുടെ നിലപാടല്ലേ പ്രതിപക്ഷ നേതാവിന്റേത്?

കണ്ണൂർ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമുണ്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നൽകിക്കൊണ്ടുള്ള ചർച്ചയ്ക്കും. വിഷയാവതാരകനായ കെ.സി. ജോസഫ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ഭരണപക്ഷത്തെ പിൻനിരക്കാർ നടത്തിയ കമന്റുകൾ പ്രതിപക്ഷത്തെ ക്ഷുഭിതരാക്കി. ബഹളം കൂട്ടി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ഏറെ പണിപ്പെട്ടാണ് സീറ്റുകളിലേക്കു മടക്കിയത്.

എൽഡിഎഫ് ഭരിക്കുമ്പോൾ മാത്രം എന്തുകൊണ്ട് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നു എന്നു കെ.സി. ജോസഫ് ചോദിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. രണ്ടും ഫാസിസ്റ്റ് പാർട്ടികളാണ്. കണ്ണൂരിൽ നിന്നു മുഖ്യമന്ത്രി ഉൾപ്പെടെ നാലു മന്ത്രിമാർ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഒരാൾ പോലും സമാധാന ശ്രമത്തിനു മുൻകൈയെടുത്തില്ല എന്നും ജോസഫ് ചോദിച്ചു.

തൃശൂരിലും ചാവക്കാടും കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയ പഴയ സംഭവങ്ങൾ ഓർമിപ്പിച്ചു കൊണ്ടാണ് പിണറായി സംസാരിച്ചു തുടങ്ങിയത്. എല്ലാവരും ബോധപൂർവം ശ്രമിച്ചാലേ സമാധാനമുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ താത്ത്വിക വചനങ്ങൾക്കു കണ്ണൂരിൽ എന്തു സ്വാധീനമുണ്ടാകുമെന്നു പറയാനാകില്ലെങ്കിലും സഭയിൽ പ്രതിപക്ഷം ഒരു ഘട്ടത്തിൽ ഡസ്കിലടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. പ്രതിപക്ഷം മുഖ്യമന്ത്രിയെ പരിഹസിക്കുന്നു എന്ന് ആരോപിച്ച് ക്ഷുഭിതനായി കോവൂർ കുഞ്ഞുമോൻ ചാടിയെണീറ്റെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മതിച്ചില്ല. അവർ പരിഹസിക്കുകയാണെന്ന് ആരു പറഞ്ഞു എന്നായിരുന്നു സ്പീക്കറുടെ ചോദ്യം. അവർ മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണ്.

എൽഡിഎഫ് ഭരണത്തിന്റെ ആദ്യനാലു മാസം കൊണ്ടു കുറ്റകൃത്യങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം വർധിച്ചു എന്നു കണക്കുകൾ നിരത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർഥിച്ചു. കൂടു തുറന്നുവിട്ട തത്തയുടെ ഗതിയെന്തെന്നും രമേശ് ചോദിച്ചു.

ഇതിനിടെ, കണ്ണൂർ ഡിസിസി ഓഫീസിൽ മൂന്നുതരം ബോംബ് ഉണ്ടാക്കുന്നുണ്ടെന്ന ആരോപണവുമായി ഇ.പി. ജയരാജൻ എഴുന്നേറ്റു. പോലീസ് വന്ന് അന്വേഷിക്കട്ടെ എന്നായി രമേശ്. അക്കൂട്ടത്തിൽ സിപിഎം ഓഫീസ് കൂടി പരിശോധിക്കണം എന്നും രമേശ് പറഞ്ഞു. ബിജെപി നേതാവ് ഒ. രാജഗോപാലും പ്രസംഗിച്ചു. അക്രമം അവസാനിക്കണ്ടേ എന്നതാണു പ്രസക്‌തമായ ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. കണ്ണൂരിൽ മാത്രം ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ടൂറിസം, സഹകരണം, കൃഷി എന്നീ വകുപ്പുകളുടെ ധനാഭ്യർഥന ആയിരുന്നു ഇന്നലെ ചർച്ച ചെയ്തത്. നാളികേര സംഭരണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമുണ്ടായിട്ടില്ലെന്ന് പി. ഉബൈദുള്ള കുറ്റപ്പെടുത്തി. നാട്ടിൽ മത്സരിച്ചു കൊലപാതകം നടത്തിയാൽ ടൂറിസ്റ്റുകൾ ഇങ്ങോട്ടുവരുമോ എന്നും ഉബൈദുള്ള ചോദിച്ചു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും സംസ്‌ഥാനത്ത് ജൈവമൗലികവാദം വളർന്നു വരുന്നതു കാണാതെ പോകരുതെന്നു വി.ടി. ബൽറാം പറഞ്ഞു. ജൈവശിശു ജനിച്ചതേയുള്ളു, ഇപ്പോഴേ അതിനെ കൊല്ലേണ്ടെന്നു സ്പീക്കർ പറഞ്ഞു.

സഹകരണ റിക്രൂട്ട്മെന്റ് ബോർഡിന്റെ അധ്യക്ഷ സ്‌ഥാനത്തേക്ക് പ്രീഡിഗ്രി പോലുമില്ലാത്ത ഒരു മന്ത്രിബന്ധുവിനെ നിയമിച്ചവരാണു യുഡിഎഫുകാർ എന്ന് വി. ജോയി കുറ്റപ്പെടുത്തി. ജയരാജന്റെ രാജി വന്നപ്പോൾ ഒരു വിക്കറ്റ് തെറിച്ചു എന്ന് ഒരു പ്രതിപക്ഷാംഗം കമന്റ് ചെയ്തു. ഇനി ഒരുപാടു വിക്കറ്റുകൾ മറുപക്ഷത്തു വീഴാൻ പോകുകയാണെന്നു ജോയി പറഞ്ഞു. കെ. ബാബു തുടക്കം മാത്രമാണ്.

അത്യുത്പാദന ശേഷിയുള്ള നെൽവിത്തിനങ്ങളുടെ ഉത്പാദനം വ്യാപകമാക്കണമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ അനുകൂല കാലാവസ്‌ഥയാണിപ്പോൾ സംസ്‌ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്കു വിമർശനവുമായായിരുന്നു കെ.എസ്. ശബരീനാഥന്റെ പ്രസംഗം. ഇപ്പോൾ ഏതു വകുപ്പിൽ ചെന്നാലും പത്തു കോടിക്കു മുകളിലുള്ള പ്രോജക്ടുമായി വരാനാണു പറയുന്നത്. ഒരു എംഎൽഎയ്ക്കു വേണ്ടത് പലപ്പോഴും 50 ലക്ഷം മുതൽ 10 കോടി വരെയുള്ള വർക്കുകളാണ്. ക്രോസിനോ പാരസെറ്റമോളോ മാത്രം കഴിക്കേണ്ട പനിക്കു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പോകുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ പലരും പരാമർശിച്ച പുലിമുരുകൻ സിനിമയെ ശബരീനാഥൻ കണ്ടത് മറ്റൊരു തരത്തിലാണ്. വില്ലൻ കഥാപാത്രങ്ങളെക്കുറിച്ചു മറ്റുള്ളവർ പറയുമ്പോൾ ആദിവാസി മൂപ്പനെയാണു ശബരിക്കു പ്രിയം. എപ്പോഴും നൂറും ഇരുനൂറും ആളുകൾ മൂപ്പനൊപ്പമുണ്ട്.

നല്ലാരു വൈദ്യനും കൂടിയാണു മൂപ്പൻ. പക്ഷേ കുറച്ചു സംഭാഷണം മാത്രമേയുള്ളു സിനിമയിൽ മൂപ്പന്. മൂപ്പൻ സംസാരിച്ചാൽ അതു പുലിമുരുകന്റെ അപദാനങ്ങൾ മാത്രമായിരിക്കും. നാട്ടിൽ നൂറും ഇരുനൂറും ആളുകളുടെ അകമ്പടിയോടെ നടക്കുന്ന പലരും നിയമസഭയിൽ വന്നാൽ പുലിമുരുകന്റെ അപദാനങ്ങൾ മാത്രമേ പറയുന്നുള്ളു എന്നായിരുന്നു ശബരീനാഥന്റെ നിരീക്ഷണം. പിണറായി സ്തുതിക്കുവേണ്ടി ഭരണപക്ഷാംഗങ്ങൾ മത്സരിക്കുന്നതിനെക്കുറിച്ചായിരുന്നു ശബരീനാഥന്റെ പരാമർശം.

ടൂറിസം, സഹകരണ മന്ത്രി എ.സി. മൊയ്തീനും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറുമായിരുന്നു മറുപടി പറയേണ്ടത്. സ്വന്തം വകുപ്പുകളെ ഏറെ സ്നേഹിക്കുന്ന ഇരുമന്ത്രിമാരും തങ്ങളുടെ സ്വപ്നങ്ങൾ പങ്കുവച്ചപ്പോൾ സമയം കടന്നുപോയതറിഞ്ഞില്ല. മന്ത്രിമാരുടെ മറുപടിക്കു മുപ്പതു മിനിറ്റ് അനുവദിച്ച സ്‌ഥാനത്ത് ഇരുവരും ചേർന്ന് നൂറു മിനിറ്റോളം പ്രസംഗിച്ചു. സഭയിൽ അംഗങ്ങൾ അസ്വസ്‌ഥരാകുന്നുണ്ടായിരുന്നു. നാളെ മുതൽ ഈ പരിപാടി പറ്റില്ലെന്നു സ്പീക്കറും ഒടുവിൽ തറപ്പിച്ചുപറഞ്ഞു.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.