ഡിസിഎൽ
ഡിസിഎൽ
Wednesday, October 19, 2016 1:01 PM IST
കൊച്ചേട്ടന്റെ കത്ത് / മുത്തൾിമാരും തെരുവുനായ്ക്കളും തമ്മിൽ...?


സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,

ഈ കത്തിന്റെ ശീർഷകം എനിക്കിഷ്ടപ്പെട്ടില്ല കേട്ടോ.

‘നായ കടിച്ച നങ്ങേലി’, ‘‘ഫരീസാ ബീവി, ഏലിയാമ്മ, ലക്ഷ്മിക്കുട്ടിയമ്മ...’’ ഇങ്ങനെ ‘ന’ വരുന്നതും അവസാനം ‘മ്മ’ വരുന്നതുമൊക്കെ ഇങ്ങനെ പ്രാസഭംഗിയോടെ പലതെഴുതി നോക്കി.

പിന്നെയോർത്തു, ഈ വിഷയത്തിന് തലക്കെട്ടിലെന്തു കാര്യം? വാസവും ശ്വാസവും നഷ്ടപ്പെട്ടവർക്കെന്തിനു പ്രാസം...

ഫരീസാ ബീവി, ആറു മക്കളെ പൊന്നുപോലെ വളർത്തീതാ, എന്നിട്ടും റോഡ് സൈഡിൽ മകൻ കൊണ്ടിട്ടിട്ടുപോയി. ഏലിയാമ്മ കോട്ടയത്തെ വീട്ടിൽനിന്നിറങ്ങി കൊല്ലത്തെത്തിയതെങ്ങനെയെന്ന് ഏലിയാമ്മയ്ക്കുപോലും അറിയില്ല. പിന്നെ, ലക്ഷ്മിക്കുട്ടിയമ്മ എന്ന പേര് ശരിയല്ല. ഇന്നലത്തെ ദീപികയിലെ ‘സീമാ മോഹൻലാലി‘ന്റെ ഫീച്ചറിലെ ഒരു കഥാപാത്രമാണ്. വൈക്കത്തെ ഒരു വൃദ്ധ സദനത്തിലാണ് താമസം. മക്കളുടെ പ്രായമുള്ളവരെ കണ്ടാൽ ഓടിവന്നൊന്നു നോക്കും, കുഴപ്പമൊന്നുമില്ല, മക്കളല്ലന്നറിയുമ്പോൾ നിശബ്ദമായി കണ്ണീരൊലിപ്പിച്ച് തിരിച്ചുപൊയ്ക്കോളും.

ഇനി, പ്രാസമില്ലാത്ത ആ ശീർഷകത്തിലേക്കു തിരിച്ചുപോകാം. ഈ മുത്തൾിമാരും തെരുവുനായ്ക്കളും തമ്മിൽ എന്താ ബന്ധം? കുറെ ആഴ്ചകൾക്കു മുമ്പ് നങ്ങേലിയെന്നോ, മറിയാമ്മയെന്നോ പാത്തുമ്മയെന്നോ പേരുള്ള ഏതോ ഒരു വൃദ്ധമാതാവിനെ കുറെ തെരുവുനായ്ക്കൾ തെരുവിലിട്ടു കടിച്ചുപറിച്ചു. ഇതു മാത്രമാണോ ബന്ധം? അല്ല. ഇവർ തമ്മിൽ രണ്ടു സാമ്യങ്ങളുണ്ട്.

ഒന്നാമത്, രണ്ടു കൂട്ടരും തിന്നുന്നത് വേയ്സ്റ്റാണ്. രണ്ടാമത് രണ്ടു കൂട്ടരും വെയ്സ്റ്റുപോലെതന്നെ പരിഗണിക്കപ്പെടുന്നു! ഓരോ വീട്ടിലും ഹോട്ടലിലുമൊക്കെയുള്ള ഭക്ഷണത്തിന്റെ നല്ല ഭാഗം വീട്ടുകാർ ഭക്ഷിച്ചിട്ട്, ബാക്കിവരുന്ന ഉച്ചിഷ്ടം തെരുവിലെറിയുകയും തെരുവുനായ്ക്കൾ ആ വെയ്സ്റ്റുതിന്ന് ജീവിക്കുകയും ചെയ്യുന്നു!

മുത്തൾിയോ, ആയുസു മുഴുവൻ അടുക്കളയിൽ വച്ചുണ്ടാക്കിയ ഭക്ഷണത്തിന്റെ നല്ല ഭാഗം ഭർത്താവിനും മക്കൾക്കും വാരി വിളമ്പി, പലപ്പോഴും വീട്ടിലെ പട്ടിക്കു കൊടുക്കുന്നതിനു തൊട്ടുമുമ്പുള്ള മിച്ചഭക്ഷണമല്പം കഴിച്ചു ജീവിച്ചു. അങ്ങനെ മിച്ചഭക്ഷണംകൊണ്ട് ഉച്ചഭക്ഷണം കഴിച്ച് കുടുംബത്തിന്റെ അരികുകളിൽ ഒതുങ്ങിക്കഴിഞ്ഞു.

രണ്ടാമത്തെ സാമ്യം മുത്തൾിമാരും പട്ടികളും ഇന്ന് വെയ്സ്റ്റായി, പൊതുമാലിന്യമായി പരിഗണിക്കപ്പെടുന്നു എന്നതാണ്. തെരുവുപട്ടികൾ വളർത്തുനായകളുടെ കൂട്ടത്തിൽനിന്നും ബഹിഷ്കൃതരാണ്.

ഇന്ന്, മക്കൾ വീട്ടിൽ താമസിക്കാൻ അനുവദിക്കാത്ത വൃദ്ധ മാതാപിതാക്കൾ വൃദ്ധസദനങ്ങളിലേക്കും തെരുവുകളുടെ വിജനതയിലേക്കുമുള്ള അന്ത്യയാത്രയിലാണ്. ഉമ്മ തന്നു കൊഞ്ചിച്ച അമ്മ ഇന്ന് വീടിന്റെ ഉമ്മറത്തുനിന്നു കെഞ്ചുന്നു, ഈ വീട്ടിൽ എനിക്കുംകൂടി ഒരിടം തരുമോ? കിലുക്കാംപെട്ടി കിലുക്കി കളിപ്പിച്ചവരെ തെരുവു പട്ടിയെപ്പോലെ പാട്ടകൊട്ടിയകറ്റുന്നു! തൊട്ടിലാട്ടിയുറക്കിയവരെ, അസഭ്യവർഷംകൊണ്ട് ആട്ടിയിറക്കുന്നു!

577 സർക്കാർ അംഗീകൃത വൃദ്ധസദനങ്ങൾ കേരളത്തിലുണ്ട്. അതിനേക്കാളേറെ സദനങ്ങൾ പല പേരുകളിലുണ്ട്. ഇവിടെയെല്ലാം സീറ്റിനു പിടിവലിയാണ്!

മക്കളറിയുക, വൃദ്ധസദനങ്ങൾ ഖര, ദ്രാവക മാലിന്യങ്ങളുടെ കംപോസ്റ്റുകുഴിയാണ്. വൃദ്ധമാതാപിതാക്കളാണ് ഖരമാലിന്യങ്ങൾ. ദ്രാവക മാലിന്യം അവരുടെ കണ്ണിൽനിന്നൊഴുകീവിഴുന്ന കണ്ണീരും! സ്വത്തിലുള്ള അവകാശം സ്വന്തമായി സൂക്ഷിക്കാത്ത എല്ലാ വൃദ്ധ ദമ്പതികളും വിഡ്ഢികളാകുന്ന ഇക്കാലത്ത്, മാതാപിതാക്കൾക്ക് കണ്ണടച്ചു വിശ്വസിക്കാൻ കൊള്ളാവുന്ന മക്കളില്ലാതാവുകയാണോ?

ഇന്നത്തെ മക്കളായ കൂട്ടുകാർ, എന്തു തീരുമാനിക്കും? ഉച്ചിഷ്ടമാക്കാതെ, വിശിഷ്ടഭോജ്യമാക്കുമോ മാതാപിതാക്കളുടെ സ്നേഹത്യാഗങ്ങളെ?

പ്രാർത്ഥനയോടെ,
സ്വന്തം കൊച്ചേട്ടൻ

കായംകുളം, കലയന്താനി മേഖലാ ടാലന്റ് ഫെസ്റ്റുകൾ

കായംകുളം: ദീപിക ബാലസഖ്യം കായംകുളം മേഖലാ ടാലന്റ് ഫെസ്റ്റ് 22– ന് കായംകുളം സെന്റ് മേരീസ് എൽപി സ്കൂളിൽ നടക്കും. മത്സരങ്ങൾ രാവിലെ 9.30–ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ഡി. ബാബുവിനെ സമീപിക്കുക. ഫോൺ: 9447454251.

കലയന്താനി: ദീപിക ബാലസഖ്യം മേഖലാ ടാലന്റ് ഫെസ്റ്റ് 29–ന് കലയന്താനി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30–ന് സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മേഖലാ രക്ഷാധികാരി ഫാ. മാത്യു പോത്തനാമൂഴി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.


മത്സരത്തിൽ പങ്കെടുന്നവരുടെ ലിസ്റ്റ് ഒക്ടോബർ 21–നു മുമ്പായി മേഖലാ ഓർഗനൈസർ ജെയ്സൺ ജോസഫിന്റെ (ഫോൺ: 94460374482) പക്കലോ, സെക്രട്ടറി ജെസി തോമസിന്റെ പക്കലോ നല്കേണ്ടതാണ്.

മേഖലാ ടാലന്റ് ഫെസ്റ്റുകളിൽ പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’ യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ടങ്ങൾ. 2. മാലിന്യവും മലയാളിയും. ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ അഞ്ചുപേരിൽ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്.

തൊടുപുഴ മേഖലാ ചോക്ലേറ്റ് ക്വിസും, കെ.ജി ഫെസ്റ്റും മലയാളം കേട്ടെഴുത്തു മത്സരവും നവം. 26–ന്



തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രേഷ്ഠഭാഷ മലയാളം കേട്ടെഴുത്തു മത്സരവും മേഖലാതല ചോക്ലേറ്റ് ക്വിസും കെ.ജി. ഫെസ്റ്റും നവംബർ 26–ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കും.

തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിലാണു മത്സരങ്ങൾ.
ചോക്ലേറ്റ് ക്വിസിൽ 2016 ജൂൺ ഒന്നു മുതൽ നവംബർ 16വരെയുള്ള ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിൽനിന്നും, ആനുകാലിക ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

എൽപി, യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ ഒരു സ്കൂളിൽനിന്നും ഓരോ വിഭാഗത്തിലും രണ്ടു പേരടങ്ങുന്ന ആറു ടീമുകൾക്കു വീതം മത്സരിക്കാം.

എൽപി., യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ശ്രേഷ്ഠഭാഷ മലയാളം കേട്ടെഴുത്തു മത്സരത്തിൽ ഓരോ സ്കൂളിൽനിന്നും ഓരോ വിഭാഗത്തിലും ആറ് ആൺകുട്ടികൾക്കും ആറു പെൺകുട്ടികൾക്കും വീതം പങ്കെടുക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 30–നു മുമ്പായി രജിസ്ട്രേഷൻ ഫീസ് സഹിതം പേര് നല്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ എബി ജോർജിനെ സമീപിക്കുക. ഫോൺ: 9447314634.

മണ്ണാർക്കാട് മേഖലാ ദ്വിദിന ക്യാമ്പ് സമാപിച്ചു

കരിമ്പ: ദീപിക ബാലസഖ്യം മണ്ണാർക്കാട് മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് – മഴവില്ല് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.

സെന്റ് മേരീസ് ബഥനി സ്കൂളിൽ നടന്ന ക്യാമ്പിന് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ന എസ്ഐസി പതാക ഉയർത്തി.
തുടർന്ന്, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പ മലങ്കര പള്ളി വികാരി ഫാ. മൈക്കിൾ വടക്കേവീട്ടിൽ, സിസ്റ്റർ ജോസ്ന, വാർഡ് മെംബർ രാജി പഴയകുളം, മേഖലാ ജനറൽ ലീഡർ മരിയ ജെക്കോ, തൃശൂർ പ്രവിശ്യാ കോ–ഓർഡിനേറ്റർ ജെയിംസ് പടമാടൻ, മേഖലാ ഓർഗനൈസർ ബീന ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് ശനിയാഴ്ച

പാലാ: ദീപിക ബാലസഖ്യം പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് 22–ന് പാലാ സെന്റ് മേരീസ് എൽപി സ്കൂളിൽ നടക്കും. രാവിലെ 9.30–ന് മത്സരങ്ങൾ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.