ഇപ്പോൾ റബർ കർഷകരുടെ വേഷം കെട്ടുന്നതു വിചിത്രം: ഇൻഫാം
Wednesday, October 19, 2016 1:06 PM IST
കോട്ടയം: കേന്ദ്രത്തിലും കേരളത്തിലും ഒരേ സമയം അധികാരത്തിലിരുന്നപ്പോൾ റബർ ഉൾപ്പെടെ കാർഷിക പ്രശ്നങ്ങളിൽ മുഖം തിരിച്ചവർ സംരക്ഷകരായി അവതരിക്കുന്നത് വിചിത്രമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ.

യുപിഎ സർക്കാരിന്റെ നിലപാടുകളും കരാറുകളുമാണ് കാർഷിക മേഖലയെ പിന്നോട്ടടിച്ചത്. മോദി സർക്കാരും ഇപ്പോൾ കൈയും കെട്ടിനിൽക്കുന്നു.

ലോകവ്യാപാരസംഘടനയിൽ കാർഷികോൽപന്നമായ റബറിനെ വ്യവസായ അസംസ്കൃത വസ്തുവായി നിർദേശിച്ചതും നൂറു ശതമാനമായിരുന്ന ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനം ബൗണ്ട് റേറ്റായി വെട്ടിച്ചുരുക്കിയതും അനിയന്ത്രിതമായ റബർ ഇറക്കുമതിക്കു കളമൊരുക്കിയതും യുപിഎ സർക്കാരാണ്.

2001ൽ റബർമേഖലയിലുണ്ടായ സമാന പ്രതിസന്ധിയുടെ അവസരത്തിൽ വാജ്പേയ് സർക്കാർ കൊണ്ടുവന്ന റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണവും ഗുണമേന്മ പരിശോധനയും കോടതി നിർദേശങ്ങൾ പോലും മാനിക്കാതെ എടുത്തുകളഞ്ഞതും ആസിയാൻ കരാറിലൂടെ ഇന്ത്യയുടെ കാർഷിക മേഖലയെ സ്വതന്ത്ര വ്യാപാരത്തിനായി തുറന്നുകൊടുത്തതും കോൺഗ്രസിന്റെ യുപിഎ സർക്കാരാണെന്നുള്ളതു കർഷകർ മറന്നിട്ടില്ല.


ഇന്ത്യ ഏർപ്പെടാനൊരുങ്ങുന്ന റീജണൽ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി അഥവാ റീജണൽ കോപ്രിഹെൻസീവ് എക്കണോമിക്ക് പാർട്ട്ണർഷിപ്പ് വരും നാളുകളിൽ റബറുൾപ്പെടെ കാർഷിക മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കും. 2011ൽ യുപിഎ സർക്കാരാണ് ഈ ഉടമ്പടി ചർച്ചകൾക്ക് ആരംഭം കുറിച്ചത്. പത്താം റൗണ്ട് ചർച്ചകൾ പൂർത്തിയായപ്പോഴാണു ഭരണം മാറി മോദിസർക്കാർ വന്നത്. ഇപ്പോൾ ചൈനയിൽ നടക്കുന്ന പതിനഞ്ചാം റൗണ്ട് ചർച്ചകൾ 22ന് പൂർത്തിയാകും. ഡിസംബറിൽ പുത്തൻ കരാറിൽ ഇന്ത്യ ഒപ്പുവച്ചേക്കും.

ഇന്ത്യയും 10 ആസിയാൻ രാജ്യങ്ങളുൾപ്പെടെ 16 രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാരമേഖല തുറക്കുമ്പോൾ നിലവിലുള്ള ഇറക്കുമതിച്ചുങ്കങ്ങളെല്ലാം എടുത്തുകളഞ്ഞു നികുതിരഹിത ഇറക്കുമതി അംഗീകരിക്കപ്പെടും. ആഗോള കമ്പോളമായി ഇന്ത്യ മാറും. റബറുൾപ്പെടെ കേരളത്തിന്റെ കാർഷിക മേഖയുടെ വൻ തകർച്ചയ്ക്കിടയാകുമെന്നും ഇതിനെതിരേ സംസ്‌ഥാന സർക്കാർ ശക്‌തമായ നിലപാടെടുക്കണമെന്നും ആർസിഇപി ഉടമ്പടിയുടെ വിശദാംശങ്ങൾ പൊതുസമൂഹത്തിന്റെ ചർച്ചയ്ക്കായി കേന്ദ്രസർക്കാർ പുറത്തുവിടണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.