കർഷക പെൻഷൻ കർഷകക്ഷേമ ബോർഡ് വഴി: മന്ത്രി സുനിൽകുമാർ
കർഷക പെൻഷൻ കർഷകക്ഷേമ ബോർഡ് വഴി: മന്ത്രി സുനിൽകുമാർ
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു രൂപീകരിക്കുന്ന കർഷകക്ഷേമ ബോർഡിനെ കർഷക പെൻഷൻ വിതരണത്തിന്റെ ചുമതല ഏൽപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. 2016–17 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കും.

മൂന്നു ലക്ഷം ഹെക്ടറിൽ നെൽകൃഷി വ്യാപിപ്പിക്കാനുള്ള കർമപരിപാടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം 2800 ഹെക്ടറിൽ കരനെൽകൃഷി നടത്തി. 10,000 ഹെക്ടറിൽ ഇരുപ്പൂ കൃഷി നടത്താനും സർക്കാർ ആലോചിക്കുന്നു. അടുത്ത മാസം 20നു മുമ്പ് 2375 ഹെക്ടർ തരിശുനിലത്തിൽ കൃഷിയിറക്കും. നെല്ലു കൂടാതെ കിഴങ്ങ്, തിന, റാഗി തുടങ്ങിയവയും കൃഷിചെയ്യും. കഴിഞ്ഞ വർഷം കേരളത്തിലെ പാടശേഖരങ്ങളിൽ 1271 മെട്രിക് ടൺ കീടനാശിനികൾ പ്രയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതൊഴിവാക്കി 1968ലെ കീടനാശിനി നിരോധന നിയമം ശക്‌തമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

കാർഷിക മേഖലയ്ക്കു കേന്ദ്ര വിഹിതം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സംസ്‌ഥാന സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ പദ്ധതികൾ നടപ്പാക്കും. നാളികേരം സംഭരിച്ചതിൽ കർഷകർക്കു കൊടുക്കാനുള്ള കുടിശിക കൊടുത്തു തീർക്കുന്നതിനൊപ്പം സംഭരണവും തടസമില്ലാതെ കൊണ്ടുപോകും. 332 കൃഷിഭവനുകൾ വഴിയാണ് ഇപ്പോൾ നാളികേരം സംഭരിക്കുന്നത്, അത് 500–ലേക്ക് ഉയർത്തും.


ഓണക്കാലത്ത് കൃഷിവകുപ്പ് നടപ്പാക്കിയ വിപണി ഇടപെടൽ തുടരും. കേരളത്തിലെ മുഴുവൻ ബ്ലോക്കുകളിലേക്കും ഓരോ കാർഷിക വിളയെന്ന രീതിയിൽ കൃഷി വ്യാപിപ്പിക്കും. അമിത ഉത്പാദനം നടക്കുന്ന ജില്ലകളിൽ നിന്നു കാർഷിക ഉത്പന്നങ്ങൾ മറ്റു സ്‌ഥലങ്ങളിലേക്ക് ഇ–പ്ലാറ്റ്ഫോം സഹായത്തോടെ കൈമാറും. ഇതോടൊപ്പം, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണത്തിന് എല്ലാ ജില്ലകളിലും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പടുത്തിയുള്ള അഗ്രോ പാർക്കുകൾ തുടങ്ങും. സാധാരണ കർഷകനും മൂല്യവർധിത ഉത്പന്നങ്ങൾ വിൽക്കുന്നതിന്റെ ലാഭവിഹിതം കിട്ടണമെന്നതാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം.

പുതുതലമുറയെ കൃഷിയോട് അടുപ്പിക്കാൻ കർഷക യുവജന സംഗമം, ശില്പശാലകൾ, പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തുക എന്നീ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കർഷകർക്ക് ഉത്പാദന ചെലവ് കുറയ്ക്കാൻ അവരെ സഹായിക്കുന്ന തൊഴിൽ സേൾ താഴെത്തട്ടിൽ തുടങ്ങും. തെങ്ങിനു തടം എടുക്കൽ മുതൽ കൊയ്ത്തു വരെ അവർ ഏറ്റെടുക്കും. നിയോജകമണ്ഡലം അടിസ്‌ഥാനത്തിൽ 200 പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകൾ ഉടൻ തുടങ്ങും. കാർഷിക സർവകലാശാലയുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള വിത്ത് ബാങ്ക് നടപ്പാക്കും.

നാളികേര സംഭരണത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നിട്ടുണ്ടെന്നു ചർച്ചയ്ക്കിടെ മുൻമന്ത്രി ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി. അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.