സഹകരണ മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും: മന്ത്രി എ.സി. മൊയ്തീൻ
സഹകരണ മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും:  മന്ത്രി എ.സി. മൊയ്തീൻ
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം : അഞ്ചു വർഷത്തിനുള്ളിൽ സഹകരണ മേഖലയിൽ അഞ്ചു ലക്ഷവും ടൂറിസം മേഖലയിൽ നാലു ലക്ഷവും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. 2016–17 സാമ്പത്തിക വർഷത്തെ ടൂറിസം, സഹകരണ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാർച്ച് മാസത്തോടെ സഹകരണ മേഖലയെ പൂർണമായും കമ്പ്യൂട്ടർവത്കരിക്കും. പ്രാഥമിക സഹകരണ ബാങ്കുകളിൽ അടക്കം കോർ–ബാങ്കിംഗ് സംവിധാനം നടപ്പാക്കും. സുവർണ സ്റ്റോറുകൾ, ആയുർധാര സ്റ്റോറുകൾ എന്നിവ വ്യാപിപ്പിക്കും. അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ, കോളജ് സഹകരണ സംഘങ്ങളുമായി സഹകരിച്ച് വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭ്യമാക്കും. ഇതോടൊപ്പം, ടൂറിസം മേഖലയുടെ വികസനത്തിനു നൂതന പദ്ധതികൾ സർക്കാർ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. അഞ്ചു വർഷം കൊണ്ട് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കും. സാഹസിക ടൂറിസം, ഇക്കോ ടൂറിസം എന്നിവ വ്യാപിപ്പിക്കും. വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഹൗസ് ബോട്ടുകളുടെ എണ്ണം വർധിപ്പിക്കും. കേരളത്തെ ബന്ധിപ്പിക്കുന്ന കൂടുതൽ വിമാന സർവീസുകൾ ലഭ്യമാകാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.