റെയിൽവേ അപകടം: സർവകക്ഷി സംഘത്തെ അയയ്ക്കാൻ തയാറെന്നു മന്ത്രി
റെയിൽവേ അപകടം: സർവകക്ഷി സംഘത്തെ അയയ്ക്കാൻ തയാറെന്നു മന്ത്രി
Wednesday, October 19, 2016 1:21 PM IST
തിരുവനന്തപുരം: ട്രെയിനുകൾ നിരന്തരം പാളംതെറ്റുന്നത് അടക്കം ഈ മേഖലയിലെ കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു സർവകക്ഷിസംഘത്തെ ഡൽഹിക്ക് അയയ്ക്കാൻ സർക്കാർ ഒരുക്കമാണെന്നു റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. എ.പി. അനിൽകുമാറിെൻറ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

റെയിൽവേ മന്ത്രാലയം സംസ്‌ഥാനത്തെ പുർണമായി അവഗണിക്കുകയാണ്. കേരളത്തോടുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിെൻറ മനോഭാവത്തിൽ മാറ്റം ആവശ്യമാണ്. പുതിയ ട്രെയിൻ, പാത വികസനം, അനുവദിച്ച പദ്ധതികളുടെ നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം അനാസ്‌ഥയാണ് കേരളത്തോടു കേന്ദ്രം കാട്ടുന്നത്. റെയിൽവേ ബജറ്റിൽ അർഹമായ പരിഗണന ഒരുകാലത്തും കേരളത്തിനു ലഭിച്ചിട്ടില്ല. അൽപമെങ്കിലും പരിഗണന ലഭിച്ചത് ഒ. രാജഗോപാൽ റയിൽവേ മന്ത്രിയായിരുന്ന കാലത്താണ്.


തിരുവനന്തപുരം– കന്യാകുമാരി റെയിൽ പാത വികസനത്തിന് ആവശ്യമായ തുകയിൽ പകുതി കേരളം വഹിക്കണമെന്ന കേന്ദ്ര നിലപാടിനോടു യോജിക്കാനാവില്ല. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ ധരിപ്പിക്കാൻ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ സംയുക്‌തമായി ഡൽഹിയിൽ പോകാൻ സർക്കാർ തയാറാണെന്നും മന്ത്രി അറിയിച്ചു.

ആഘോഷവേളകളിൽ കേരളത്തെ ബന്ധിപ്പിച്ചു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനു ശ്രമം നടത്തുമെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. പി.സി. ജോർജിെൻറ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വന്തമായി 20 വിമാനങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യോമയാന നയത്തിലെ വ്യവസ്‌ഥ എയർകേരള പദ്ധതിക്കു തടസമാണെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.