നെറ്റ്ബാങ്കിംഗ് തട്ടിപ്പ്; പാലക്കാട് സ്വദേശിക്ക് 1.66 ലക്ഷം രൂപ നഷ്‌ടപ്പെട്ടു
Wednesday, October 19, 2016 1:30 PM IST
കാക്കനാട്: ബാങ്ക് അക്കൗണ്ടിൽനിന്നു നെറ്റ് ബാങ്കിംഗ് വഴി വീണ്ടും പണം തട്ടൽ. കാക്കനാട് കുന്നുംപുറത്ത് സ്വകാര്യ ഫ്ളാറ്റിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് സ്വദേശി തുളസീദളത്തിൽ അനിൽകുമാറിന്റെ ക്രെഡിറ്റ് കാർഡിൽനിന്നു 1.66 ലക്ഷം രൂപയാണു നഷ്‌ടമായത്. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിൽനിന്നാണു പണം ചോർത്തിയത്. തട്ടിപ്പിനിരയായതറിഞ്ഞ ഉടൻ അനിൽ ബാങ്ക് അധികൃതരെ അറിയിച്ചു ക്രെഡിറ്റ് കാർഡ് ഇടപാട് തടഞ്ഞു. തൃക്കാക്കര പോലീസിൽ പരാതിയും നൽകി.

കോഴിക്കോട് ആസ്‌ഥാനമായ പാരഗൺ ഹോട്ടൽ ഗ്രൂപ്പിന്റെ എച്ച്ആർ മാനേജരായ അനിലിന്റെ ക്രെഡിറ്റ് കാർഡ് നമ്പർ മുഖേന ഇന്നലെ പുലർച്ചെ 12.50നാണു ബാങ്കിടപാട് നടന്നത്. അക്കൗണ്ടിൽനിന്ന് 1,66,614 രൂപ പിൻവലിച്ചതായുള്ള ബാങ്കിന്റെ അറിയിപ്പ് പുലർച്ചെ 2.06ന് അനിലിനു ലഭിച്ചു. പുലർച്ചെ അഞ്ചിന് ഉറക്കമുണർന്നപ്പോഴാണ് അനിൽ മൊബൈൽഫോണിലെ സന്ദേശം കണ്ടത്. തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടതോടെ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു.


ഫാഷൻ ഉത്പന്ന വിതരണ കമ്പനിയായ യൂക്സ് ഡോട്ട് കോം സ്‌ഥാപനത്തിന്റെ ഓൺലൈൻ പർച്ചേസിനായി തുക ഡെബിറ്റ് ചെയ്തതായാണു സന്ദേശത്തിൽ കാണിച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, ഹോംങ്കോങ് എന്നിവിടങ്ങളിൽ ഓഫീസുകളും 180 രാജ്യങ്ങളിൽ വിതരണ ശൃംഖലയുമുള്ള, ഫാഷൻ ഉത്പന്ന വിതരണ കമ്പനിയാണിത്. ഇന്ത്യക്കു പുറത്തുനിന്നാകാം തട്ടിപ്പു നടത്തിയുട്ടുള്ളതെന്നാണു ബാങ്കിംഗ് വിദഗ്ധരുടെ നിഗമനം.

തട്ടിപ്പുമായി ബന്ധപ്പെട്ടു ബാങ്ക് ഇടപാട് നടന്ന കമ്പനി അധികൃതർക്കും അനിൽ ഓൺലൈൻവഴി പരാതി നൽകിയിട്ടുണ്ട്. സാധാരണ ഓൺൈലെൻ പണമിടപാടുകൾ നടത്തുമ്പോൾ തുക ക്രെഡിറ്റ് ചെയ്യുന്നതിനു മുൻപായി വൺ ടൈം പാസ്വേർഡ്(ഒടിപി) ബാങ്കിൽനിന്നു കൊടുക്കാറുണ്ട്. എന്നാൽ, തട്ടിപ്പു നടന്ന ഇടപാടിൽ അനിലിന്റെ മൊബൈൽ ഫോണിലേക്ക് ഒടിപി എത്തിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.