മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടൽ: ഡിവൈഎഫ്ഐക്കാരനടക്കം ഏഴുപേർ അറസ്റ്റിൽ
മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടൽ: ഡിവൈഎഫ്ഐക്കാരനടക്കം ഏഴുപേർ അറസ്റ്റിൽ
Wednesday, October 19, 2016 1:30 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനടക്കം ഏഴുപേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തു ഹോൾസെയിൽ ബിസിനസ് നടത്തുന്ന പച്ചാളം സ്വദേശിനി സാന്ദ്രാ തോമസിനു വീടും സ്‌ഥലവും വിൽപന നടത്തിയശേഷം ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

പോണേക്കര സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപം പാതുപ്പിള്ളി കമാലുദീൻ (43), തൃശൂർ വലപ്പാട് കാഞ്ഞിരപ്പറമ്പ് ജോഷി (48), ഡിവൈഎഫ്ഐ പ്രവർത്തകനായ ദേശാഭിമാനി റോഡ് ലിബർട്ടി ലെയിനിലെ മല്ലിശേരി കറുകപ്പിള്ളി സിദ്ദിക്ക് (35), എളമക്കര അറയ്ക്കൽ വിച്ചാണ്ടി എന്ന വിൻസന്റ് (39), കലൂർ സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന അജയകുമാർ (44), തലയോലപ്പറമ്പ് കാഞ്ഞൂർ നിയാസ് അസീസ് (25), മേയ് ഫസ്റ്റ് റോഡിൽ കോതാടത്ത് കെ.കെ. ഫൈസൽ (42) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിയായ കമാലുദീനും പരാതിക്കാരിയായ സാന്ദ്രാ തോമസും തമ്മിൽ നടത്തിയ വസ്തുക്കച്ചവടത്തിന്റെ പേരിലാണു ഭീഷണിയും പണം തട്ടലും നടന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ആൾക്കാരാണു തങ്ങളെന്നാണു പ്രതികൾ പറഞ്ഞിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു കമാലുദീന്റെ അഞ്ചു സെന്റ്് സ്‌ഥലവും വീടും സാന്ദ്രാ തോമസിന് ഒരു കോടി രൂപയ്ക്കു വിൽക്കാൻ കരാറായിരുന്നു. 50 ലക്ഷം രൂപ അഡ്വാൻസായി നൽകി ബാക്കി തുക ഗഡുക്കളായി നൽകാമെന്നായിരുന്നു വ്യവസ്‌ഥ.


ഇതിൻപ്രകാരം 50 ലക്ഷം കൈപ്പറ്റി സ്‌ഥലം രജിസ്റ്റർ ചെയ്തു കൊടുക്കുകയുംചെയ്തു. എന്നാൽ, മൂന്നാമത്തെ ദിവസം കമാലുദീൻ, സിദ്ദിക്ക്, വിൻസന്റ്, അജയകുമാർ, നിയാസ് അസീസ്, ഫൈസൽ എന്നിവർ സാന്ദ്രാ തോമസിന്റെ വീട്ടിലും ബ്രോഡ് വേയിലുള്ള സ്‌ഥാപനത്തിലും അതിക്രമിച്ചു കയറി സ്‌ഥലത്തിനു കൂടുതൽ വില വേണമെന്നും 1.25 കോടി രൂപ ഉടൻ നൽകിയില്ലെങ്കിൽ കുടുംബത്തെ വകവരുത്തി കളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

സാന്ദ്രയുടെ തൃക്കാക്കരയിലുള്ള 4,000 സ്ക്വയർ ഫീറ്റ് വീടും എട്ട് സെന്റ് സ്‌ഥലവും കമാലുദീനും സംഘവും എഴുതിവാങ്ങി. സാന്ദ്രയുടെ വീട്ടിൽനിന്നു ബ്ലാങ്ക് ചെക്കുകളും ഇൻകം ടാക്സ് രേഖകളും പ്രതികൾ കൈവശപ്പെടുത്തി. സാന്ദ്രയുടെ ജാഗ്വാർ കാർ ഭീഷണിപ്പെടുത്തി രണ്ടാം പ്രതി ജോഷിക്കു പണയപ്പെടുത്തി 30 ലക്ഷം രൂപയും പലിശയെന്ന പേരിൽ കമാലുദീൻ കൈക്കലാക്കി.

ജോഷിയും സഹോദരനായ രാജേഷും പിന്നീടു പണയത്തുകയായ 30 ലക്ഷം രൂപയുടെ പലിശ ആവശ്യപ്പെട്ടു വീട്ടിൽ അതിക്രമിച്ചു കയറുകയും സാന്ദ്രയുടെ ഭർത്താവിന്റെ വിലയേറിയ വാച്ച് എടുത്തുകൊണ്ടു പോകുകയും പലിശയിനത്തിൽ പലപ്പോഴായി ആറു ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. പ്രതികളുടെ നിരന്തര ഭീഷണിയെത്തുടർന്നു സാന്ദ്രാ തോമസ് ഡിജിപിക്കു പരാതി നൽകുകയായിരുന്നു. ഇന്നോവ, ബൊലേറോ തുടങ്ങിയ വാഹനങ്ങളിലാണു പ്രതികൾ എത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.