പുതുജീവിതത്തിന്റെ പുണ്യം പങ്കുവച്ചു കുടുംബസംഗമം
പുതുജീവിതത്തിന്റെ പുണ്യം പങ്കുവച്ചു കുടുംബസംഗമം
Wednesday, October 19, 2016 1:44 PM IST
കൊച്ചി: അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞവരും അതിലൂടെ ജീവിതം തിരിച്ചുപിടിച്ചവരും നിറഞ്ഞ സന്തോഷത്തോടെ ഒത്തുകൂടി. ജീവിതം തന്നെയും പകുത്തുനൽകാൻ മനസ് കാണിച്ചവർ, സ്നേഹവും കരുതലുമായി കൂടെ നിന്നവർ, ദൈവികമായ ഇടപെടലുകളിലൂടെ പ്രതീക്ഷ പകർന്ന ഡോക്ടർമാർ, കുടുംബസമാനമായ പരിചരണമൊരുക്കിയ ആതുരാലയം, ജീവിതത്തിനും മരണത്തിനുമിടയിലെ നിർണായക ദിനങ്ങൾ... ഇരമ്പിയാർക്കുന്ന ഓർമകളുമായി എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയവും വൃക്കയും മാറ്റിവച്ചവരുടെ കുടുംബ സംഗമം ഹൃദയബന്ധങ്ങളുടെ ഊഷ്മള മൂഹൂർത്തം കൂടിയായി.

അഞ്ചാം വയസിൽ വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ, കൊടുങ്ങല്ലൂർ സ്വദേശികളായ കിരൺ– ഓമന ദമ്പതികളുടെ മകൻ അശ്വിൻ, അതുവരെ അപരിചിതനായിരുന്ന വ്യക്‌തിക്കു വൃക്ക ദാനം ചെയ്ത ഫാ.ജിൽസൺ തയ്യിൽ, എട്ടു മാസങ്ങൾക്കു മുൻപു ലിസി ആശുപത്രിയിൽ വൃക്ക മാറ്റിവച്ച സിനിമാതാരം സ്ഫടികം ജോർജ്, മൂന്നു വർഷംമുൻപ് അപൂർവ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ ശ്രുതി ശശി എന്നിവർ ഉൾപ്പെടെ മുന്നൂറോളം പേരാണു സംഗമത്തിനെത്തിയത്. ഇവരെല്ലാം തങ്ങളുടെ പുതുജീവിതത്തെക്കുറിച്ചും അതിലേക്കുള്ള സഞ്ചാരവഴികളെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ചു.

അർബുദത്തിന്റെ ഇരുട്ടിൽനിന്നു പുതുജീവിതത്തിന്റെ പ്രകാശം വെട്ടിപ്പിടിച്ച പാർലമെന്റ് അംഗവും നടനുമായ ഇന്നസെന്റാണു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത്. അവയവദാനത്തിന്റെ മഹത്വത്തെ ഓർമപ്പെടുത്തിയ അദ്ദേഹം, അതിനെ അന്ധമായി വിമർശിക്കുന്നവരുടെ അറിവില്ലായ്മ ചൂണ്ടിക്കാട്ടാനും മറന്നില്ല.


അവയവദാനം മഹത്തായ നന്മയാണെന്ന് ഇന്നസെന്റ് പറഞ്ഞു. അതിലൂടെ ജീവൻ ലഭിച്ച നിരവധി വ്യക്‌തികൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയിട്ടുണ്ട്. അവയവദാനത്തെ തള്ളിപ്പറയുന്നതു മനുഷ്യത്വപരമല്ല. കേരളം ഉറ്റുനോക്കിയ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്‌തി ജീവിച്ചിരിപ്പില്ലെന്നു സിനിമാരംഗത്തെ ഒരു സുഹൃത്ത് പൊതുവേദിയിൽ പറഞ്ഞിരുന്നു. അത് അറിവില്ലായ്മകൊണ്ടാണ്. സത്യം മനസിലാക്കി അദ്ദേഹംതന്നെ അതു തിരുത്തിയെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്. ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ.റോണി മാത്യു കടവിൽ, ഡോ.ജേക്കബ് എബ്രഹാം തുടങ്ങിയവർ അവയവദാനം നടത്തിയവരുമായി ആശയവിനിമയം നടത്തി.

അവയവങ്ങൾ മാറ്റിവച്ചവരിൽ ഏറെപ്പേരും സ്വന്തമായി ജോലി ചെയ്ത് ഇപ്പോൾ കുടുംബം പുലർത്തുന്നവരാണ്. സാധാരണജീവിതം നയിക്കാൻ തങ്ങൾക്കു യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നില്ലെന്ന് അവർ പറഞ്ഞു. ലിസി ഫാർമസി കോളജിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.