എല്ലിനും വേണം കരുതൽ
എല്ലിനും വേണം കരുതൽ
Thursday, October 20, 2016 12:49 PM IST
ഓസ്റ്റിയോപൊറോസിസ്... കേൾക്കുന്നത് ഭയമുളവാക്കില്ല. എന്നാൽ, ഈ അവസ്‌ഥ അപകടകരമാകാം. ആഗോളതലത്തിൽ 50 വയസിനുമുകളിലുള്ളവരിൽ മൂന്നിലൊന്ന് സ്ത്രീകളിലും പന്ത്രണ്ടിലൊന്ന് പുരുഷന്മാരിലും ഓസ്റ്റിയോപൊറോസിസ് മൂലം എല്ലിന് ഒടിവുകളുണ്ടാകുന്നു. കണക്കുകൾ പ്രകാരം ഇന്ത്യയിൽ 50 വയസിനുമുകളിലുള്ള ഏകദേശം 20 ശതമാനത്തിന് അല്ലെങ്കിൽ 46 ദശലക്ഷം സ്ത്രീകൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ട്. 10 ദശലക്ഷം പേരിൽ ഓരോവർഷവും ഓസ്റ്റിയോപൊറോസിസ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് മാനസികമായും സാമ്പത്തികമായും വളരെ നഷ്‌ടം വരുത്തുന്നു. ജീവനെടുക്കാനും മാത്രം വ്യാപ്തിയുണ്ടിതിന്. എന്നാൽ, ഈ രോഗത്തേക്കുറിച്ച് ധാരാളം അറിവില്ലായ്മകളുണ്ട്. ഈ അറിവില്ലായ്മ പരിഹരിക്കാനാണ് എല്ലാ വർഷവും ഒക്ടോബർ 20–ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം ആചരിക്കുന്നത്. ഓസ്റ്റിയോപൊറോസിസിനെതിരേയുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയേക്കുറിച്ചും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന മെറ്റാബോളിക് ബോൺ ഡിസീസിനെക്കുറിച്ചുമുള്ള ബോധവത്കരണമാണ് ഓസ്റ്റിയോപൊറോസിസ് ദിനാചരണം ലക്ഷ്യമിടുന്നത്.

എന്താണ് ഓസ്റ്റിയോപൊറോസിസ്?

എല്ലുകളുടെ ദുർബലമായ അവസ്‌ഥയാണിത്. ഈ അവസ്‌ഥയിൽ ഒടിവുകളുണ്ടാകാൻ സാധ്യതയുണ്ട്. എല്ലുകളുടെ സാന്ദ്രത കുറയുന്നതുമൂലമാണ് എല്ലുകൾ ദുർബലമാവുന്നത്. എല്ലുകളിലുള്ള ധാതുക്കളുടെ ഭാരം കുറയുകയും എല്ലുകളുടെ രൂപത്തിൽ മാറ്റം വരികയും ചെയ്യുന്നു. ക്രമവിരുദ്ധമായി സുഷിരങ്ങളുണ്ടാകുകയും സ്പോഞ്ച്പോലെ ചുരുങ്ങുകയും ചെയ്യുന്നു. ആർത്തവവിരാമമുണ്ടായ സ്ത്രീകളിലാണ് സാധാരണയായി ഇതു കണ്ടുവരുന്നത്. പ്രായം വർധിക്കുന്തോറും വ്യാപ്തി കൂടുന്നു.

രോഗനിർണയം

ഓസ്റ്റിയോപൊറോസിസ് രോഗനിർണയം പിടികൊടുക്കാതെ ഒഴിഞ്ഞുമാറും. കാരണം രോഗാവസ്‌ഥയിലാണെങ്കിൽപ്പോലും എല്ലുകൾക്ക് ഒടിവ് സംഭവിക്കുന്നതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമാവില്ല. ഓസ്റ്റിയോപൊറോസിസിനെ നിശബ്ദകൊലയാളി എന്നാണ് വിശേഷിപ്പിക്കുക. എല്ലുകൾക്ക് ഒരു തരത്തിലും ഒടിവുണ്ടാകാനിടയില്ലാത്ത വിധത്തിലുള്ള ചെറിയൊരു പരിക്കാണെങ്കിൽപ്പോലും അവരുടെ എല്ലുകൾ ഒടിഞ്ഞുപോയേക്കാം. ചെറിയൊരു വീഴ്ച, പ്രഹരം, തുമ്മൽ അതുമല്ലെങ്കിൽ പെട്ടെന്നൊരു ചലനത്തിലൂടെ പോലുമോ ഓസ്റ്റിയോപൊറോസിസ് ബാധിതരുടെ എല്ലുകൾ ഒടിയാം. ഓസ്റ്റിയോപൊറോസിസ് ബാധിച്ചവരുടെ എല്ലിനുണ്ടാകുന്ന ഒടിവുകൾമൂലം ജീവനു ഭീഷണിയുണ്ടായേക്കാം. കൂടാതെ വേദനയും. വൈകല്യങ്ങളുമൊക്കെയുണ്ടാകാം. നട്ടെല്ലിന് ഒടിവുണ്ടാകുന്നത് ഇടുപ്പിന് ഒടിവുണ്ടാകുന്ന പൊട്ടൽ അല്ലെങ്കിൽ ഒടിയൽ, കശേരുക്കളുടെ ശക്‌തി ക്ഷയിച്ച് അല്ലെങ്കിൽ സങ്കോചിച്ച് ഉണ്ടാകുന്ന കംപ്രഷൻ ഒടിവുകൾ എന്നിവയുമുണ്ടാകാം. ഓസ്റ്റിയോപൊറോസിസ് മൂലം സാധാരണ ഒടിവുകളുണ്ടാകുന്നത് നടുവ്, ഇടുപ്പ്, വാരിയെല്ല്, കണങ്കൈ എന്നിവിടങ്ങളിലാണ്. എന്നാൽ ഓസ്റ്റിയോപൊറോസിസുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒടിവുകൾ അസ്‌ഥിവ്യൂഹത്തിലെ ഏത് എല്ലുകളിൽ വേണമെങ്കിലും സംഭവിക്കാം.

കാരണങ്ങൾ

കാൽസ്യത്തിന്റെ അളവ് കുറയുന്നത്, വിറ്റാമിൻ ഡി അളവ് വളരെ കുറയുന്നത്, ആയുസ് വർധിക്കുന്നത്, ലിംഗപരമായ അസമത്വം, നേരത്തേയുള്ള ആർത്തവവിരാമം, ജനിതക പ്രവണതകൾ, രോഗനിർണയത്തിനുള്ള സൗകര്യങ്ങളുടെ അഭാവം, എല്ലുകളുടെ ആരോഗ്യത്തേക്കുറിച്ചുള്ള അജ്‌ഞത എന്നിവയും ഓസ്റ്റിയോപൊറോസിസിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.അവ സ്വയം പ്രതിരോധശേഷിയിലെ തകരാറുകൾ മൂലമുണ്ടാകുന്ന റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, തൈറോയ്ഡ്, പാരോതൈറോയ്ഡ് തകരാറുകൾ, വയറിനെയും ആമാശയത്തെയും ബാധിക്കുന്ന കോളിക് ഡിസീസ് പോലുള്ള ഗ്യാസ്ട്രോഇന്റസ്റ്റിനൽ തകരാറുകൾ, സ്തനാർബുദം, പ്രോസ്റ്റേറ്റ് അർബുദം, നാഡീവ്യൂഹത്തെ ബാധിക്കുന്ന പാർക്കിൻസൺസ് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് പോലുള്ള നാഡീതകരാറുകൾ, മജ്‌ജയിലെ തകരാറുകൾ മൂലമുള്ള തലാസീമിയ തുടങ്ങിയവയാണ്. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയും ഗ്യാസ്ട്രെക്ടമി പോലുള്ള രീതികളും ഓസ്റ്റിയോപെറോസിസിനുള്ള സാധ്യത കൂട്ടുന്നു.

നേരത്തേ ചികിത്സിക്കാം

നേരത്തേയുള്ള രോഗനിർണയം എത്രയും നേരത്തെ ചികിത്സ ആരംഭിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റുകൾ (ബിഎംഡി) എല്ലുകളുടെ സാന്ദ്രത സൂചിപ്പിക്കുന്നതും ഓസ്റ്റിയോപൊറോസിസ് ഉണ്ടോ എന്ന് നിർണയിക്കുന്നതുമാണ്. ഏറ്റവും സാധാരണയായി ചെയ്യുന്നത് ഡൂവൽ എനർജി എക്സ്–റേ അബ്സോർപ്ഷ്യോമെട്രി (ഡിഇഎക്സ്എ) ആണ്. ഇത് നട്ടെല്ല്, ഇടുപ്പ് അല്ലെങ്കിൽ ശരീരം മുഴുവനുമുള്ള എല്ലുകളുടെ സാന്ദ്രതയുടെ അളവ് നിർണയിക്കും. എല്ലുകളുടെ സാന്ദ്രത അളക്കാനുള്ള മറ്റൊരു രീതി അൾട്രാസൗണ്ട് ആൻഡ് ക്വാണ്ടിറ്റേറ്റീവ് കംപ്യൂട്ടർ ടോമോഗ്രാഫി (ക്യൂസിടി) ആണ്. എന്നാൽ അവയ്ക്ക് വിശ്വാസ്യത കുറവാണ്. ബോൺ ഡെൻസിറ്റോമെട്രി എന്നത് എക്സ്–റേ പോലെയുള്ള ഒരു ടെസ്റ്റാണ്. അതിലൂടെ എല്ലുകളുടെ സാന്ദ്രത വേഗത്തിലും കൃത്യമായും നിർണയിക്കുന്നു.

ആദ്യ ചികിത്സ കാത്സ്യം, വിറ്റാമിൻ ഡി എന്നീ സപ്ലിമെന്റുകളും എല്ലുകളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങളുമാണ്. ഡിഇഎക്സ്എ യുടെ അളവ് ഇപ്പോഴും കുറവാണെങ്കിൽ മരുന്നുകളായ ബിസ്ഫോസ്ഫണേറ്റ്സ്, സോലിൻഡ്രോണിക് ആസിഡ് എന്നിവ ഉപയോഗിക്കാം. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി, ഈസ്ട്രജൻ ആഗണിസ്റ്റ്സ്, കാൽസിറ്റോനിൻ, പാരാതൈറോയ്ഡ് ഹോർമോൺ ഡെറിവേറ്റീവ്സ് എന്നിവയും പ്രതികരണമനുസരിച്ചും ആവശ്യമനുസരിച്ചും ഉപയോഗിക്കാം.

എന്നാൽ, ഈ ശല്യത്തെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി പ്രതിരോധമാണ്. അതിനുള്ള ഏറ്റവും നല്ല വഴി ബോൺ മാസ് കൂട്ടുക എന്നുള്ളതും. ബോൺ മാസ് നമ്മുടെ ചെറുപ്പത്തിൽ നമ്മൾ നേടിയെടുക്കുന്നതാണ്. അതിനാൽ, ആരോഗ്യമുള്ള ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, ക്രമമായ വ്യയാമങ്ങൾ എന്നിവ കുട്ടിക്കാലത്തിനൊടുവിലും പ്രായപൂർത്തിയെത്തുന്നതിനുമുമ്പും അനുവർത്തിക്കുക എന്നതാണ് ഈ ശത്രുവിനെ തുരത്താനുള്ള ഏറ്റവും നല്ല വഴി. <യൃ><യൃ> ഡോ. എസ്. വിജയമോഹൻ കൺസൾട്ടന്റ്, ഓർത്തോപീഡിക്സ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.