മുനീർ കണ്ട നാലു ഭാര്യമാർ, ജലീൽ കണ്ടപ്പോൾ ഒറ്റ സുന്ദരി!
മുനീർ കണ്ട നാലു ഭാര്യമാർ, ജലീൽ കണ്ടപ്പോൾ ഒറ്റ സുന്ദരി!
Thursday, October 20, 2016 12:49 PM IST
തിരുവനന്തപുരം: പഴയ സഹപ്രവർത്തകനായ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീൽ നാലു ഭാര്യമാരെ എങ്ങനെ കൊണ്ടു നടക്കുമെന്നു ഡോ.എം.കെ. മുനീർ ചോദിച്ചപ്പോൾ മന്ത്രി ഒരു നിമിഷം പകച്ചു പോയി ക്കാണും. മന്ത്രി ജി. സുധാകരൻ സീറ്റിൽനിന്നു മെല്ലെ എഴുന്നേൽക്കുന്നതു കണ്ടപ്പോഴേ മുനീറിനു പന്തികേടു തോന്നി: ഞാൻ ഉദ്ദേശിച്ചതു നാലു വകുപ്പുകളുടെ കാര്യമാണ്.

നാലു ഭാര്യമാരുടെ പ്രശ്നം മന്ത്രിക്കില്ല. നിങ്ങൾ നാലായി വെട്ടിമുറിച്ച സുന്ദരിയായ സ്ത്രീയെ ഒന്നാക്കി, സുന്ദരിയാക്കിതന്നെ ഏൽപ്പിക്കുകയാണു ചെയ്തെന്നാണു ജലീലിന്റെ പക്ഷം. പഞ്ചായത്ത് വകുപ്പിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയിലായിരുന്നു തദ്ദേശസ്‌ഥാപന വകുപ്പുകളെ ഭാര്യയാക്കിയും സുന്ദരിയാക്കിയും ചിത്രീകരിച്ചു മന്ത്രിയും മുൻമന്ത്രിയും കൊമ്പുകോർത്തത്. മുൻസർക്കാർ തദ്ദേശസ്‌ഥാപനങ്ങളെ മൂന്നു മന്ത്രിമാരുടെ കീഴിലാക്കി അധികാരവികേന്ദ്രീകരണത്തെ അലങ്കോലമാക്കിയെന്ന വാദമായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഭരണപക്ഷാംഗങ്ങൾ ഉയർത്തിയത്. മുൻമന്ത്രി ഡോ.എം.കെ. മുനീറിന്റെ ഊഴമെത്തിയപ്പോൾ ഭരണപക്ഷ വിമർശനത്തിനു മറുപടി പറയേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയായി.

മുൻ പഞ്ചായത്ത് മെംബറും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പ്രതിഭ ഹരി സ്വന്തം അനുഭവങ്ങൾ എടുത്തു കാട്ടി മുൻ യുഡിഎഫ് സർക്കാരിനെ മയമില്ലാതെ വിമർശിച്ചു. അധികാര വികേന്ദ്രീകരണത്തോടു യുഡിഎഫിന് എന്നും വെറുപ്പായിരുന്നു. കൃഷിയോട് എന്നും വെറുപ്പായിരുന്നു. എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ഇഎംഎസ് ഭവനപദ്ധതി കഴിഞ്ഞ സർക്കാർ താറുമാറാക്കി. തെരുവുനായയെ സൃഷ്‌ടിച്ചതു വരെ യുഡിഎഫ് സർക്കാർ ആണെന്നു പ്രതിഭ കണ്ടെത്തി. ഒരു നായയുടെ ആയുസ് പത്തു വർഷമാണ്. തെരുവുകളിലെല്ലാം മാലിന്യം വലിച്ചെറിഞ്ഞതു വഴി ഇക്കഴിഞ്ഞ വർഷങ്ങളിൽ തെരുവുനായകൾ പെരുകി. വെറും അഞ്ചു മാസം മാത്രം പ്രായമായ എൽഡിഎഫ് സർക്കാരിനോടു പ്രതിപക്ഷം കുറച്ചു സഹിഷ്ണുത കാട്ടണമെന്നാണു പ്രതിഭയുടെ ആവശ്യം. ഒന്നോ രണ്ടോ വർഷം കാക്കുക. എൽഡിഎഫ് സർക്കാർ എല്ലാം ശരിയാക്കുമെന്ന് ഉറപ്പു പറയാൻ പ്രതിഭയ്ക്കു ധൈര്യം പോരാ. എന്നാൽ, ഒരുപാടു കാര്യങ്ങൾ ശരിയാക്കുമെന്ന കാര്യത്തിൽ സംശയമേയില്ല.

തദ്ദേശഭരണ വകുപ്പിനെ മൂന്നായി വിഭജിക്കുകയല്ല ചെയ്തതെന്നു മുനീർ ചൂണ്ടിക്കാട്ടി. ഒരു ചീഫ് എൻജിനിയറും ഒരു പ്രിൻസിപ്പൽ സെക്രട്ടറിയും മാത്രമാണു വകുപ്പിനുണ്ടായിരുന്നത്. മൂന്നു മന്ത്രിമാർ ഭരിച്ചതു വഴി മെച്ചപ്പെട്ട രീതിയിൽ ഭരണം ത്താൻ കഴിഞ്ഞു കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. എൻജിനീയർമാർ കുറവാണെന്നു പറയുമ്പോൾ ആരാണ് എൻജിനിയർമാരെ നിയമിച്ചതെന്ന് ഓർക്കണം. എല്ലാ പഞ്ചായത്തിലും അസിസ്റ്റന്റ് സെക്രട്ടറിയുടെ തസ്തിക സൃഷ്‌ടിച്ചത് ഏതു സർക്കാർ ആണെന്ന് ഓർമിക്കണം. കുടുംബശ്രീയെ ചവറു വാരുന്നവർ എന്ന നിലയിൽനിന്നു മറ്റു തൊഴിൽ മേഖലകളിലേക്കു മാറ്റിവിട്ടതു താൻ മന്ത്രിയായിരുന്ന കാലത്താണെന്നു മുനീർ പറഞ്ഞു.

കഴിഞ്ഞ സർക്കാർ പതിനാറു തുണ്ടമാക്കിയ വകുപ്പ് എന്നാണു കെ.ബി. ഗണേഷ്കുമാർ തദ്ദേശസ്വയംഭരണ വകുപ്പിനെ വിശേഷിപ്പിച്ചത്. അന്ന് ആ സർക്കാരിൽ ഉണ്ടായിരുന്നില്ലേ എന്നായി കെ.സി. ജോസഫ്. അന്നും തന്റെ നിലപാട് ഇതു തന്നെയായിരുന്നു. കർശന നടപടികളിലേക്കു കടക്കാൻ തയാറായില്ലെങ്കിൽ കെഎസ്ആർടിസിയെ രക്ഷിക്കാനാകില്ല. ജീവനക്കാരുടെ സൗകര്യത്തിനു വണ്ടിയോടിക്കുന്ന നില തുടർന്നാൽ കോർപറേഷൻ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. രക്‌തസാക്ഷികളെ സൃഷ്‌ടിക്കുന്ന ഫാക്ടറികളായി പാർട്ടി ഗ്രാമങ്ങൾ മാറുന്നു എന്നായിരുന്നു ഹൈബി ഈഡന്റെ ആക്ഷേപം. അതിന്റെ സിഇഒ ആണു മുഖ്യമന്ത്രി പിണറായി വിജയൻ എന്നു പറഞ്ഞപ്പോൾ ഭരണപക്ഷത്തുനിന്നു പ്രതിഷേധമുയർന്നെങ്കിലും സ്പീക്കർ പ്രോത്സാഹിപ്പിച്ചില്ല.


ജനശ്രീക്ക് കേന്ദ്ര സർക്കാർ പദ്ധതികളിൽനിന്നു 14 കോടി രൂപ ലഭിക്കാൻ അന്നത്തെ സർക്കാർ ഒത്താശ ചെയ്തു കൊടുത്തു എന്നു കെ. ദാസൻ ആരോപിച്ചു. എല്ലാവരും അഴിമതിക്കാരാണെന്നു പറഞ്ഞു പരത്തുന്നത് ആർക്കും ഗുണം ചെയ്യില്ലെന്ന് എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി.

സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ പരിസ്‌ഥിതി ലോലപ്രദേശങ്ങൾ സംബന്ധിച്ചു സമർപ്പിച്ച സത്യവാംഗ്മൂലത്തിന്റെ പേരിൽ ശൂന്യവേളയിൽ സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം കേരളത്തിന്റെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമാണെന്നായിരുന്നു സണ്ണി ജോസഫിന്റെ ആരോപണം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിനു യുഡിഎഫ് സർക്കാരിന്റെ അതേ നിലപാടു തന്നെയാണെന്നു മന്ത്രി കെ. രാജു വ്യക്‌തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചു നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നു കേന്ദ്ര പരിസ്‌ഥിതിമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതായി മന്ത്രി പറഞ്ഞു.

സംസ്‌ഥാന സർക്കാർ നേരിട്ടു ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ചിട്ടില്ലെന്നു മന്ത്രി വാദിച്ചപ്പോൾ വി.ഡി. സതീശൻ എതിർത്തു. ചീഫ് സെക്രട്ടറിയുടെ പേരിൽ സമർപ്പിച്ച സത്യവാംഗ്മൂലം സംസ്‌ഥാന സർക്കാരിന്റേതല്ലെന്ന് ആർക്കു പറയാൻ കഴിയുമെന്നു സതീശൻ ചോദിച്ചു.

കസ്തൂരിരംഗൻ വിഷയത്തിൽ അന്തിമവിജ്‌ഞാപനം വരാനിരിക്കെ സർക്കാർ സ്വീകരിച്ച നിലപാടു കേരളത്തിന്റെ താൽപര്യങ്ങളെ ദോഷകരമായി ബാധിക്കും എന്നതാണു പ്രശ്നമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. സത്യവാംഗ്മൂലം പിൻവലിക്കാൻ സർക്കാർ തയാറാകണം.

ഇടതുമുന്നണി കേരളം ഭരിക്കുമ്പോൾ കർഷകർക്കു ദോഷകരമായ ഒന്നും സംഭവിക്കില്ലെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഒരു സ്വകാര്യ വ്യക്‌തിയുടെ കരിങ്കൽ ക്വാറിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലമാണിത്. ഇതു സർക്കാർ നിലപാടാകുകയില്ലെന്നും ബാലൻ പറഞ്ഞു.

ഏതായാലും സർക്കാരിന്റെ നിലപാട് തൃപ്തികരമായതിനാൽ തങ്ങൾ വാക്കൗട്ട് നടത്തുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ, സർക്കാർ സമർപ്പിച്ച സത്യവാംഗ്മൂലം അന്തിമവിജ്‌ഞാപനത്ത സ്വാധീനിക്കുമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തര പ്രമേയത്തിനു ശേഷം ആദ്യ ശ്രദ്ധക്ഷണിക്കൽ പ്രമേയവും പരിസ്‌ഥിതിലോല പ്രദേശം സംബന്ധിച്ചായിരുന്നു. ജനവാസകേന്ദ്രങ്ങളെ പരിസ്‌ഥിതിലോല പട്ടികയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ടു പ്രമേയം അവതരിപ്പിച്ചതു ഭരണപക്ഷത്തുനിന്നുള്ള രാജു ഏബ്രഹാം ആയിരുന്നു. 90 ശതമാനം പരിസ്‌ഥിതി പ്രവർത്തകരും വിദേശഫണ്ട് കൈപ്പറ്റുന്നവരാണെന്ന രാജു ഏബ്രഹാമിന്റെ പരാമർശത്തോട് എതിർപ്പുമായി പ്രതിപക്ഷത്തുനിന്നു പി.ടി. തോമസ് എഴുന്നേറ്റു. നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ഇങ്ങനെ ആക്ഷേപിക്കരുതെന്നു തോമസ് പറഞ്ഞു. അങ്ങയെങ്കിൽ ശ്രദ്ധ ക്ഷണിക്കൽ ക്വാറിക്കാർക്കു വേണ്ടിയാണെന്നു തനിക്കും പറയേണ്ടി വരുമെന്നു തോമസ് പറഞ്ഞു.

ജന്മദിനം ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു ശൂന്യവേളയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സഭയുടെ ആശംസകൾ നേർന്നു. വാഹനനികുതികൾ, നഗരവികസനം, പഞ്ചായത്ത്, ഗ്രാമവികസനം, ഗതാഗതം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനകൾ സഭ പാസാക്കി. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ഡോ.കെ.ടി. ജലീലും മറുപടി പറഞ്ഞു.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.