തെരുവുനായ ഉൻമൂലനം: ജോസ് മാവേലിയെ വീണ്ടും അറസ്റ്റ്ചെയ്തു
Thursday, October 20, 2016 12:55 PM IST
കൊച്ചി: തെരുവുനായ് ഉന്മൂലനവുമായി ബന്ധപ്പെട്ടു ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയെ വീണ്ടും പോലീസ് അറസ്റ്റ്ചെയ്തു. പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽ ആക്ട് പ്രകാരവും ആംസ് റൂൾസ് അമെൻഡ്മെന്റ് ആക്ട് പ്രകാരവുമാണു ജോസ് മാവേലിക്കെതിരേ കേസെടുത്തത്. പിന്നീട് അദ്ദേഹത്തിനു പോലീസ് ജാമ്യം അനുവദിച്ചു. ഈ മാസം നാലിന് എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡൻസ് വെൽഫെയർ അസോസിയേഷൻ ജോസ് മാവേലിക്കു ലൈസൻസ് ആവശ്യമില്ലാത്ത തോക്ക് സമ്മാനിച്ചിരുന്നു.

ആക്രമണകാരികളായ തെരുവുനായകളെ നശിപ്പിക്കാനായി തെരുവുനായ ഉന്മൂലനസംഘം എന്ന സംഘടന രൂപീകരിച്ചു ജനങ്ങളെ സംഘടിപ്പിച്ചു സമര പരിപാടികളും മറ്റും നടത്തുന്നതു പരിഗണിച്ചാണു പ്രതീകാത്മക സമ്മാനമായി മൂവായിരം രൂപ വിലയുള്ള തോക്ക് നൽകിയത്. ലൈസൻസ് ആവശ്യമില്ലാത്ത തോക്ക് എറണാകുളത്തെ പല കടകളിലും ലഭ്യമാണ്.


നിസാരമായി ആർക്കു വേണമെങ്കിലും ലഭിക്കുന്ന തോക്ക് സമ്മാനമായി സ്വീകരിച്ചതിന്റെ പേരിലാണു മൃഗസ്നേഹികളുടെ സമ്മർദംമൂലം പോലീസ് കേസെടുത്തതെന്നു ജോസ് മാവേലി പറഞ്ഞു. തെരുവുനായ ശല്യത്തിനെതിരേ പ്രതികരിക്കുന്നതു മൂലം കപട മൃഗസ്നേഹികളുടെ എതിർപ്പ് താൻ ധാരാളം നേരിടുന്നുണ്ടെന്നും വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകൾ നിലവിലുണ്ടെന്നും ജോസ് മാവേലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.