ആഫ്രിക്കയിൽ മരിച്ച യുവ വൈദികന്റെ വേർപാട് നാടിനു തീരാവേദനയായി
ആഫ്രിക്കയിൽ മരിച്ച യുവ വൈദികന്റെ വേർപാട് നാടിനു തീരാവേദനയായി
Thursday, October 20, 2016 12:55 PM IST
മാനന്തവാടി: യുവ വൈദികൻ തലപ്പുഴ യവനാർകുളം മറ്റത്തിലാനി ഫാ.ഷനോജിന്റെ (29) വേർപാട് അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം തീരാവേദനയായി. മിഷൻ പ്രവർത്തനത്തിനായി ആഫ്രിക്കയിലെ ടാൻസാനിയയിൽ നിയോഗിക്കപ്പെട്ട ഫാ.ഷനോജ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന വാർത്ത യവനാർകുളം ഗ്രാമത്തെയാകെ കണ്ണീരണിയിച്ചു. സിഎസ്ടി സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസ് അംഗമായ ഇദ്ദേഹം മൂന്നുമാസം മുമ്പാണ് മിഷൻ പ്രവർത്തനത്തിനായി വിദേശത്തേക്കു പോയത്.

ബുധനാഴ്ച സഹവൈദികർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണു കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലശേരി ഗുഡ്ഷെപ്പേർഡ് സെമിനാരിയിലായിരുന്നു ഫാ.ഷനോജിന്റെ വൈദിക പഠനം. 2015 ജനുവരിയിലാണ് വൈദികപട്ടം ലഭിച്ചത്. യവനാർകുളം സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു പ്രഥമ ദിവ്യബലി അർപ്പണം.


പോരൂർ ജിഎൽപി സ്കൂൾ, സർവോദയ യുപി സ്കൂൾ, കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വൈദിക പഠനം പൂർത്തിയാക്കിയശേഷം ആദ്യവർഷം അട്ടപ്പാടി നക്കുപ്പതി സെന്റ് ബേസിൽ ആശ്രമത്തിലാണു സേവനം അനുഷ്ഠിച്ചത്.

മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുന്നതിനനുസരിച്ചു സംസ്കാരം ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് ആശ്രമ സെമിത്തേരിയിൽ നടത്തും. സഹോദരങ്ങൾ: ഷൈൻ, ജ്യോത്സ്ന, ജസ്ന, ലിബിൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.