പിണറായിയിലെ രമിത്ത് വധം: രണ്ടു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ
Thursday, October 20, 2016 12:55 PM IST
തലശേരി: ആർഎസ്എസ് പ്രവർത്തകൻ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടിൽ രമിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു സിപിഎം പ്രവർത്തകരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പിണറായി സ്വദേശികളായ അഹദ്, ബിജോയ് എന്നിവരെയാണ് ഇന്നലെ പുലർച്ചെ കണ്ണൂർ ടൗൺ സിഐ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരേയും അന്വേഷണസംഘം രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തു വരികയാണ്. തിരിച്ചറിഞ്ഞ ഒമ്പതു പ്രതികളിൽപ്പെട്ടവരാണ് ഇവരെന്നു പോലീസ് വ്യക്‌തമാക്കി.

പ്രതികളെ ഹാജരാക്കാമെന്ന സിപിഎം നിർദേശം തള്ളിയ പോലീസ് ആസൂത്രിതനീക്കത്തിലാണു രണ്ടുപേരെ വലയിലാക്കിയത്. പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് പ്രതികളെ ഹാജരാക്കാമെന്ന നിർദേശം സിപിഎം നേതൃത്വം മുന്നോട്ടുവച്ചത്. എന്നാൽ ഇത്തരത്തിൽ ‘അറേഞ്ച്ഡ് അറസ്റ്റ്’ നടത്തേണ്ടതില്ലെന്നും പ്രതികളെ പോലീസ് തന്നെ പിടികൂടണമെന്നും അന്വേഷണസംഘത്തിനു ജില്ലാ പോലീസ് മേധാവി കർശന നിർദേശം നൽകിയിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ധർമടം സ്റ്റേഷനിൽ നേരിട്ടെത്തിയാണു ജില്ലാ പോലീസ് മേധാവി അന്വേഷണ ഉദ്യോഗസ്‌ഥർക്കു നിർദേശം നൽകിയത്.


ഇതിനിടെ കൊലയാളിസംഘം സംഭവത്തിനുമുമ്പും ശേഷവും സിപിഎം പ്രാദേശിക നേതാക്കളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ അഞ്ചു പ്രാദേശിക നേതാക്കളെ ഇതിനകം അന്വേഷണംസംഘം ചോദ്യം ചെയ്തുകഴിഞ്ഞു. നോട്ടീസ് നൽകി തലശേരി സിഐ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് പ്രാദേശിക നേതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്. കൊലയാളിസംഘത്തെ പിടികൂടിയശേഷം അവരിൽനിന്നും പ്രാദേശിക നേതാക്കളുടെ പങ്കു സംബന്ധിച്ച് തെളിവ് ശേഖരിക്കാനാണു പോലീസ് നീക്കം.

ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, ധർമടം പ്രിൻസിപ്പൽ എസ്ഐ ടി.എൻ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി വ്യാപകമായ റെയ്ഡ് തുടരുകയാണ്. കണ്ണൂർ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, കണ്ണൂർ ടൗൺ സിഐ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.