റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ചീഫ് എൻജിനിയർ
Thursday, October 20, 2016 1:01 PM IST
തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണിക്കു മാത്രമായി ഒരു ചീഫ് എൻജിനിയറെ നിയമിക്കുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. 5,000 കോടി രൂപ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അടിയന്തരമായി ആവശ്യമുണ്ടെന്നു ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. 40,000 കിലോമീറ്റർ റോഡാണ് അറ്റകുറ്റപ്പണി ചെയ്യാനുള്ളത്. കഴിഞ്ഞ 30 വർഷമായി ഏറ്റവും അധികം അഴിമതി നടക്കുന്ന ഡിപ്പാർട്ട്മെന്റ് പൊതു മരാമത്താണെന്നു മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ഒരു എക്സിക്യൂട്ടിവ് എൻജിനിയർ ഉൾപ്പെടെ 17 ഉദ്യോഗസ്‌ഥർക്കെതിരേ നടപടിയെടുത്തു. അഴിമതി തുടർന്നാൽ ചീഫ് എൻജിനിയറായാലും തത്സ്‌ഥാനത്തുണ്ടാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

നിലവിൽ അനുവദിക്കുന്ന തുകയുടെ 40–50 ശതമാനം വരെ തുക മാത്രമേ വിനിയോഗിക്കുന്നുള്ളു. റോഡ് മുറിക്കുമ്പോൾ വാട്ടർ അഥോറിറ്റി, പൊതുമരാമത്ത് എൻജിനിയർമാർ സ്‌ഥലത്തുണ്ടായിരിക്കണമെന്ന കാര്യം നിർബന്ധമാക്കിയിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഇലക്ട്രിക്കൽ, സിവിൽ വർക്കുകൾ ഒരുമിച്ചു ചെയ്യണം. അറ്റകുറ്റപ്പണികൾക്കായി ഈ സാമ്പത്തിക വർഷം 387.90 കോടി രൂപയും ദേശീയപാതകളുടെ വികസനത്തിന് 525 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ അതിർത്തി പങ്കിടുന്ന അന്തർ ജില്ലാ റോഡുകളുടെ കാര്യം പ്രത്യേകം പരിഗണിക്കും. പൊതുമരാമത്തു പ്രവർത്തനങ്ങൾക്കു സംസ്‌ഥാന–ജില്ലാ– മണ്ഡലതലങ്ങളിൽ സോഷ്യൽ ഓഡിറ്റിംഗ് നടപ്പാക്കും.


ആലപ്പുഴയിൽ നടന്ന ഓഡിറ്റിംഗ് വിജയകരമായിരുന്നു. കേരള റോഡ്ഫണ്ട് ബോർഡ് പുനഃസംഘടിപ്പിക്കുമെന്നും ബി.ഡി. ദേവസി, പി.കെ. ശശി, ടി.വി. രാജേഷ്, ജോൺ ഫെർണാണ്ടസ്, കാരാട്ട് റസാക്ക്, മുല്ലക്കര രത്നാകരൻ, എൻ. ജയരാജ് എന്നിവരെ മന്ത്രി അറിയിച്ചു. ശുദ്ധീകരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ജിയോടെക്സ്, കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചുള്ള റോഡു നിർമാണം സംസ്‌ഥാന വ്യാപകമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.