വജ്രജൂബിലി തിളക്കത്തിൽ ലിസി ആശുപത്രി
വജ്രജൂബിലി തിളക്കത്തിൽ ലിസി ആശുപത്രി
Thursday, October 20, 2016 1:17 PM IST
കൊച്ചി: സ്നേഹത്തോടെയുള്ള ശുശ്രൂഷ (Care with Love) ആപ്തവാക്യമാക്കി ആതുരശുശ്രൂഷാ രംഗത്തു ദേശീയതലത്തിൽ മികവിന്റെ മുദ്ര ചാർത്തിയ എറണാകുളം ലിസി ആശുപത്രി വജ്രജൂബിലിയുടെ നിറവിൽ. ചികിത്സാമേഖലയിൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെയും പ്രഗദ്ഭരായ ഡോക്ടർമാരുടെയും മികച്ച സേവനം ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കിയതിന്റെ പെരുമയുമായാണു ലിസി ആശുപത്രി അറുപതാണ്ട് പൂർത്തിയാക്കുന്നത്.

1956 ജൂണിലാണ് എറണാകുളം–അങ്കമാലി അതിരൂപത ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ലിസി ആശുപത്രി ആരംഭിച്ചത്. മുൻ ആർച്ച്ബിഷപ് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ ദീർഘവീക്ഷണത്തിലായിരുന്നു ആശുപത്രിയുടെ ആരംഭം.

രണ്ടു മുറികളിൽ തുടക്കം

രണ്ടു മുറികൾ മാത്രമുള്ള ഒരു ക്ലിനിക്കായാണ് ആശുപത്രിയുടെ തുടക്കം. ഒരു ഡോക്ടറും നാലു സന്യാസിനികളും അഞ്ചു കിടക്കകളും ഉണ്ടായിരുന്ന ആ സ്‌ഥാപനം ഇന്നു രാജ്യത്തെ മുൻനിര ആശുപത്രിയായി വളർന്നു. 1959ൽ 250 കിടക്കകളുള്ള ആശുപത്രിയായി. അന്നു മാനേജിംഗ് ബോർഡിലുണ്ടായിരുന്ന പ്രസിഡന്റ് ബിഷപ് ഡോ. സെബാസ്റ്റ്യൻ മങ്കുഴിക്കരി, സെക്രട്ടറി മോൺ. ആന്റണി പാറയ്ക്കൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോസഫ് കുര്യൻ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഹൈസിന്ത് എന്നിവരുടെ സേവനം ആശുപത്രിയുടെ പ്രാരംഭവളർച്ചയിൽ വിസ്മരിക്കാനാവാത്തതാണ്.

1961ൽ നഴ്സസ് ട്രെയ്നിംഗ് സ്കൂൾ ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി ആഴ്ചയിലൊരിക്കൽ സൗജന്യ വൈദ്യ പരിശോധനയ്ക്കുള്ള ക്ലിനിക്കുകൾ ആരംഭിച്ചതും ഇതേ വർഷത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. സുശീല നായർ 1967ൽ ഒപി ബ്ലോക്ക് ഉദ്ഘാടനംചെയ്തു. അടുത്തവർഷം പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. ജാതിമതഭേദമെന്യേ ഏവരുടെയും നിസ്വാർഥ സഹകരണം ആശുപത്രിക്കുണ്ടായി. 1970ൽ കർദിനാൾ പാറേക്കാട്ടിലിന്റെ പേരിലുള്ള പുതിയ ബ്ലോക്ക് റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ് മാരിയോ ബ്രിനി ആശീർവദിച്ചു. വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള സംവിധാനവും ഇതോടൊപ്പം തുടങ്ങി.

രാഷ്ട്രപതി ശങ്കർദയാൽ ശർമ 1992ൽ ആശുപത്രിയുടെ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനംചെയ്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലിസി ആശുപത്രി സന്ദർശിച്ചിട്ടുണ്ട്. 2013 ഏപ്രിലിൽ വിശാലമായ മാർ അഗസ്റ്റിൻ ബ്ലോക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. അടുത്ത മാസം വെണ്ണലയിലെ നഴ്സിംഗ് കോളജിനു ശിലപാകി. 2012 മേയ് 26 മുതൽ ഫാ. തോമസ് വൈക്കത്തുപറമ്പിലാണ് ആശുപത്രി ഡയറക്ടർ.

ആശ്വാസമറിഞ്ഞ് ആയിരങ്ങൾ

ശരാശരി 1,500 പേരാണു പ്രതിദിനം ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. പ്രതിവർഷം അഞ്ചു ലക്ഷത്തോളം പേരെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും അര ലക്ഷം പേരെ ഇൻ പേഷ്യന്റ് വിഭാഗങ്ങളിലും ചികിത്സിക്കുന്നു. ആയിരത്തോളം കിടക്കകളുള്ള ആശുപത്രിയിൽ 900 നഴ്സുമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാർ ശുശ്രൂഷ ചെയ്യുന്നു. സ്പെഷാലിറ്റി, അലൈഡ് സ്പെഷാലിറ്റി എന്നിവയിൽ 19 വിഭാഗങ്ങളും ഓങ്കോളജി, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി എന്നിവയുൾപ്പെടെ 11 സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.

കാർഡിയാക് അസ്തേഷ്യോളജി, കാർഡിയോ തൊറാസിക് സർജറി, കാർഡിയോളജി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ഡയബിറ്റോളജി, എമർജൻസി മെഡിസിൻ, ഇഎൻടി, ഗ്യാസ്ട്രോ എന്ററോളജി ആൻഡ് ഹെപ്റ്റോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ലാബോറട്ടറി മെഡിസിൻ, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്ത്താൽമോളജി, ഓർത്തോപീഡിക്, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി, ഫിസിക്കൽ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ, സൈക്യാട്രി, പൾമനറി മെഡിസിൻ, സ്പീച്ച് പത്തോളജി ആൻഡ് ഓഡിയോളജി, യൂറോളജി, റോഡിയോളജി, മെഡിക്കൽ സോഷ്യൽവർക്ക്, ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റീവ്, പത്തോളജി, ഗ്യാസ്ട്രോ ഇന്റെസ്റ്റിനൽ സർജറി, പീഡിയാട്രിക് കാർഡിയോളജി, അനസ്തേഷ്യ എന്നിവയാണ് ആശുപത്രിയിലെ ചികിത്സാവിഭാഗങ്ങൾ.

ഹൃദയപൂർവം ലിസി

ഹൃദയചികിത്സാ, ശസ്ത്രക്രിയാ രംഗത്ത് അതുല്യമായ നേട്ടങ്ങളുടെ നെറുകയിലാണു ലിസി ആശുപത്രി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ 19 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഹൃദയ ചികിത്സാരംഗത്തു രാജ്യത്തെതന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിൽ ഒന്നാണ്. ലോകമറിയുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ വിജയവഴികളിൽ ലിസി ആശുപത്രി നിർണായകമായി.

2013 മേയ് 10നാണു ലിസിയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. തിരുവനന്തപുരത്തുനിന്നു വിമാനമാർഗമെത്തിച്ച ഹൃദയം സ്വകീരിച്ച ചാലക്കുടി സ്വദേശി മാത്യു ആച്ചാടൻ ഉൾപ്പെടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായ നിരവധിയാളുകൾ നിറസന്തോഷത്തോടെ സാധാരണ ജീവിതം നയിക്കുന്നു. ഹൃദയം, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു താരതമ്യേന ചുരുങ്ങിയ ചെലവാണു ലിസി ആശുപത്രിയിലുള്ളത്. എല്ലാ ആഴ്ചകളിലും ഇവിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്.

മികവിന്റെ ഉയരങ്ങളിൽ

ജൂണിയർ ഹൗസ് സർജൻസിയും സീനിയർ ഹൗസ് സർജൻസിയും നടത്തുന്നതിനുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകൃതകേന്ദ്രമായ ലിസിയിൽ ഏഴു ഡിപ്പാർട്ട്മെന്റുകളിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിന്റെ ഡിഎൻബി പ്രോഗ്രാമും നടക്കുന്നു. ശുചിത്വ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സാമൂഹ്യപ്രതിബദ്ധതയോടെ വിവിധ സംരംഭങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലും ലിസി ആശുപത്രി ശ്രദ്ധിക്കുന്നുണ്ട്. എറണാകുളം–അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സ്‌ഥാപനങ്ങളുടെ പതാകവാഹിനിയെന്നും ലിസി ആശുപത്രി വിശേഷിപ്പിക്കപ്പെടുന്നു.


കാരുണ്യനിറവിൽ ജൂബിലി

ലിസി ആശുപത്രിയുടെ ജൂബിലിയോടനുബന്ധിച്ചു സഭയുടെ കാരുണ്യവർഷത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി 100 ഹൃദയശസ്ത്രക്രിയകളാണു പൂർണമായും സൗജന്യമായി നടത്തിയത്. മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ എന്നിങ്ങനെ വിപുലമായ കർമപരിപാടികൾ കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്നുണ്ട്. ലിസിയുടെ സമീപ പ്രദേശങ്ങളിലെ വ്യാപാരികൾ, ഓട്ടോഡ്രൈവർമാർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ ഒത്തുചേരൽ, ലിസിയിൽ ഇതുവരെ സേവനം ചെയ്ത ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരൽ, സന്യാസിനിമാരുടെ ഒത്തുചേരൽ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികളുടെയും കുടുംബത്തിന്റെയും കുടുംബസംഗമം എന്നിവയും സമാപനവാരത്തിൽ നടത്തിയിരുന്നു.

കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്

ലിസി ആശുപത്രിയുടെ വജ്രജൂബിലിയുടെ സ്മാരകമായി എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥാപിക്കുകയാണു ലിസിയുടെ അടുത്ത പദ്ധതി. നേരത്തെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിച്ചിരുന്നിടത്തു പത്തു നിലകളിലായി 300 കോടി രൂപ മുതൽമുടക്കിൽ രണ്ടു വർഷം കൊണ്ടു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം പൂർത്തിയാക്കും.

സ്വകാര്യ മേഖലയിൽ നിലവിലുള്ളതിനേക്കാൾ നാൽപതു ശതമാനം കുറഞ്ഞ ചെലവിൽ കാൻസർ ചികിത്സ ലഭ്യമാക്കുകയാണു കാൻസർ ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നത്. വജ്രജൂബിലി സമാപനാഘോഷത്തോടനുബന്ധിച്ചു കാൻസർ ആശുപത്രിയുടെ ശിലാസ്‌ഥാപനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.

ലിസി ആശുപത്രി വജ്രജൂബിലി സമാപനാഘോഷം നാളെ

കൊച്ചി: ഒരുവർഷം നീണ്ടുനിന്ന ലിസി ആശുപത്രി വജ്രജൂബിലി ആഘോഷങ്ങൾക്കു നാളെ സമാപനമാകും. 2015 ഒക്ടോബറിലായിരുന്നു ആഘോഷങ്ങളുടെ തുടക്കം. നാളെ ഉച്ചകഴിഞ്ഞു 3.30ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന സമാപന സമ്മേളനം സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നു ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. വർഗീസ് പാലാട്ടി, ഫാ. അജോ മൂത്തേടൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്, ഡപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്, ഡോ. അഗസ്റ്റിൻ ആത്തപ്പിള്ളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ആശുപത്രി രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ജൂബിലി സ്മാരകമായി നിർമിക്കുന്ന ലിസി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ ശിലാസ്‌ഥാപനവും കർദിനാൾ നിർവഹിക്കും.

ആശുപത്രി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ലിസിയുടെ നാൾവഴികളുടെ സംക്ഷിപ്താവതരണം നടത്തും. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. പൂർണമായി സജ്‌ജീകൃതമായ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമർപ്പണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നവീകരിച്ച ലിസി ഫാർമസ്യൂട്ടിക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലും നിർവഹിക്കും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വജ്രജൂബിലി സ്മരണിക പ്രകാശനം ചെയ്യും. “ഗ്രീൻ ഒടി’ അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം കൊച്ചി മേയർ സൗമിനി ജെയിൻ നടത്തും. ലിസിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോക്ടർമാരെ കെ.വി. തോമസ് എംപി ആദരിക്കും. നവീകരിച്ച ലിസി നഴ്സിംഗ് കോളജിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിക്കും.

ലിസി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ പ്രഖ്യാപനം എസ്. ശർമ എംഎൽഎ നടത്തും. ലിസി ട്രാൻസ്പ്ലാന്റ് ടീമിനെ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയും ലിസിയിൽ 25 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ റോജി എം. ജോൺ എംഎൽഎയും ആദരിക്കും. ലിസി ഫാർമസി കോളജിന്റെ വെണ്ണലയിലെ പുതിയ കാമ്പസിന്റെ പ്രഖ്യാപനം പി.ടി. തോമസ് എംഎൽഎ നടത്തും. സ്കോളർഷിപ്പുകളുടെ വിതരണം അതിരൂപത പ്രോ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടനും മെറിറ്റ് അവാർഡിന്റെ വിതരണം കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി ജോസഫും നിർവഹിക്കും.

ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, രാഷ്ര്‌ടീയപാർട്ടി ജില്ലാ നേതാക്കളായ പി. രാജീവ്, വി.ജെ. പൗലോസ്, എ.എൻ. രാധാകൃഷ്ണൻ, പി. രാജു, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ പങ്കെടുക്കും. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ് നന്ദിയും പറയും.

ലാഭേച്ഛയും കച്ചവട മനോഭാവവും ആതുരശുശ്രൂഷാരംഗത്തെ ആഴത്തിൽ ഗ്രസിച്ച ഒരു കാലഘട്ടത്തിൽ, സ്നേഹം കൈമുതലും സേവനം ലക്ഷ്യവുമാക്കി തലമുറകളെ ശുശ്രൂഷിക്കാൻ ലിസിക്കു കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു. പതിറ്റാണ്ടുകളായി സംസ്‌ഥാനത്തെ ചികിത്സാച്ചെലവ് പിടിച്ചുനിർത്തുന്നതിൽ ലിസി ആശുപത്രിയുടെ സ്വാധീനം ചെറുതല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.