യുവതിയെ മാനഭംഗപ്പെടുത്തി സ്വർണവുമായി കടന്ന പ്രതിക്കു കഠിനതടവും പിഴയും
Thursday, October 20, 2016 1:17 PM IST
തൃശൂർ: രണ്ടാം വിവാഹത്തിനായി പത്രപ്പരസ്യം നല്കിയ മാള സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ ബലാത്സംഗംചെയ്തു സ്വർണവുമായി കടന്നയാളെ 11 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയടയ്ക്കാനും തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ചു. ഇടുക്കി രാജാക്കാട് ചക്കരമുക്ക് കുരുവിക്കാട്ടിൽ കെ.കെ. മധു(42)വിനെയാണു കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകണം.

2012 ജനുവരി 11നാണ് സംഭവം. ഉയർന്ന ജോലിയും ശമ്പളവും ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്, ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് താലികെട്ടു നടത്താമെന്നും യുവതിയുടെ കൈയിലുള്ള 35 പവൻ സ്വർണാഭരണങ്ങളുമായി ചാലക്കുടിയിൽ എത്താനും പറഞ്ഞുവത്രേ. അവിടെനിന്നു ഗുരുവായൂരിലെത്തി ഒരു ലോഡ്ജെടുത്തു വ്യാജപേരിൽ യുവതിയുമായി താമസിച്ചു. രാത്രി യുവതിയെ മാനഭംഗപ്പെടുത്തി. പുലർച്ചെ യുവതിയെ കുളിക്കാൻ പറഞ്ഞുവിട്ട് ഇവരുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണാഭരണങ്ങളും കവർന്നു മുങ്ങുകയായിരുന്നു.


തുടർന്നു യുവതി ആലുവ പോലീസ് വനിതാ സർക്കിൾ ഇൻസ്പെക്ടർ പി.കെ.രാധാമണിക്കു പരാതി നല്കി. പിന്നീട് കേസ് ഗുരുവായൂർ പോലീസിനു കൈമാറി. പ്രതി മധു ലോഡ്ജിൽ സജീവ് എന്ന പേരാണു നൽകിയിരുന്നത്. എന്നാൽ, യുവതി ലോഡ്ജിൽ വച്ചു പ്രതിയുടെ തിരിച്ചറിയൽ രേഖ കാണുകയും പ്രതിയുടെ യഥാർഥ പേരും വിലാസവും മനസിലാക്കി പോലീസിനു കൈമാറുകയും ചെയ്തിരുന്നു. തുടർന്നു പ്രതിയെ 2012 ഫെബ്രുവരി 15നു പുനലൂരിൽനിന്നു പിടികൂടി. ബലാത്സംഗത്തോടൊപ്പം മോഷണവും അപൂർവമാണെന്നു കോടതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.