ബിയർ പുറത്തുകൊണ്ടുപോകാൻ നിരോധനമില്ലെന്നു ഹൈക്കോടതി
ബിയർ പുറത്തുകൊണ്ടുപോകാൻ നിരോധനമില്ലെന്നു ഹൈക്കോടതി
Thursday, October 20, 2016 1:27 PM IST
കൊച്ചി: ബിയർ–വൈൻ പാർലറുകളിൽനിന്നു ബിയർ വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കുന്നതിനു നിരോധനമില്ലെന്നും ബിയർ–വൈൻ ലൈസൻസുള്ള ഹോട്ടലുകൾ ഇതിനായി ബിയർ വിൽക്കുന്നതു തടയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹോട്ടലിനു പുറത്തു കൊണ്ടുപോയി കഴിക്കാൻ മൂന്നു ബോട്ടിൽ ബിയർ വിറ്റതു ചൂണ്ടിക്കാട്ടി എക്സൈസ് അധികൃതർ കേസെടുത്തതിനെതിരേ എലഗൻസ് ഹോട്ടൽ അധികൃതർ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

ബാറിൽനിന്നു മദ്യം വാങ്ങി പുറത്തു കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്നു ചട്ടത്തിൽ വ്യവസ്‌ഥ ഉണ്ടായിരുന്നെങ്കിലും ബിയർ–വൈൻ പാർലറുകൾക്ക് ഇത്തരമൊരു വ്യവസ്‌ഥ പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു നിയന്ത്രണം ആവശ്യമില്ലെന്നു കണ്ടാണു നിയമനിർമാതാക്കൾ ഈ വ്യവസ്‌ഥ ഉൾപ്പെടുത്താതിരുന്നതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബിയർ പാർലറുകളിൽ പ്രത്യേകം സജ്‌ജമാക്കിയ സ്‌ഥലത്തല്ലാതെ ബിയർ കഴിക്കാൻ അനുവദിക്കരുതെന്നു ലൈസൻസിൽ വ്യവസ്‌ഥയുണ്ട്. എന്നാൽ, പണമടച്ചു പ്രത്യേക അനുമതി നേടിയാൽ ഹോട്ടലിലെ സ്വിമ്മിംഗ് പൂളിനു സമീപവും പുൽത്തകിടിയിലും റൂഫ് ഗാർഡനിലും ബിയർ വിളമ്പാമെന്നും പറയുന്നുണ്ട്. ബിയർ വിളമ്പുന്ന സ്‌ഥലത്തിന്റെ കാര്യത്തിലാണു നിയന്ത്രണമുള്ളതെന്നും ബിയർ വിൽക്കുന്നതിന് ഈ വ്യവസ്‌ഥ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ബിയർ വാങ്ങി പുറത്തു കൊണ്ടുപോകുന്നതു തടയുന്ന തരത്തിൽ സർക്കാരിനു ചട്ടം ഭേദഗതി ചെയ്യാമെന്നും ഹൈക്കോടതിയുടെ ഉത്തരവ് ഇതിനു തടസമല്ലെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കിയിട്ടുണ്ട്.


ഒന്നിലധികം കൗണ്ടറുകൾ തുറന്ന ബിയർ പാർലറുകൾക്കെതിരേ എക്സൈസ് കമ്മീഷണർ നിലപാട് എടുത്തിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ ഇത്തരം കേസുകൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.