കോടതി പ്രശ്നം ജഡ്ജി വിചാരിച്ചാൽ തീരാവുന്നത്: ജസ്റ്റീസ് രാമചന്ദ്രൻനായർ
കോടതി പ്രശ്നം ജഡ്ജി വിചാരിച്ചാൽ തീരാവുന്നത്: ജസ്റ്റീസ് രാമചന്ദ്രൻനായർ
Thursday, October 20, 2016 1:27 PM IST
കൊച്ചി: മാധ്യമപ്രവർത്തകർക്കു കോടതികളിൽ കയറാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും ജഡ്ജിമാർ ഇടപെട്ടാൽ കോടതിയിലെ ഏതു പ്രശ്നവും പരിഹരിക്കാമെന്നും ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ. എറണാകുളം ഗവ.ലോ കോളജിൽ നടന്ന ഡിബേറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അറിയാനുള്ള അവകാശം ഹനിക്കാൻ അഭിഭാഷകർ തയാറാകരുത്. ഹൈക്കോടതിയിലുണ്ടായ അഭിഭാഷക–മാധ്യമ പ്രവർത്തക തർക്കം പകർച്ചവ്യാധിപോലെ സംസ്‌ഥാനമാകെ പടരുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ല. കോടതിക്കകത്തും പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഇങ്ങനെ പോയാൽ ജഡ്ജിമാർ സാക്ഷികളായി മാറേണ്ടിവരും. ജഡ്ജ്മെന്റ് പൊതുമുതലാണ്. അത് ആർക്കും കൊടുക്കാം. ഭരണഘടന നൽകുന്ന മൗലികാവകാശം മാധ്യമങ്ങൾക്കും ലഭിക്കണം. കോടതിയിൽ എല്ലാവർക്കും സ്വതന്ത്രമായി കടക്കാൻ കഴിയണം. സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെയാണ്.

നിസാര പ്രശ്നം സംസ്‌ഥാനം മുഴുവൻ വ്യാപിപ്പിച്ചതു തെറ്റാണ്. ഇത് ഒരിക്കലും അനുവദിക്കരുതായിരുന്നു. അച്ഛനും മകനും തർക്കത്തിന്റെ പേരിൽ അഭിഭാഷകർക്കു മുന്നിലെത്തിയാൽ ഉടൻ നോട്ടീസ് അയച്ച് ഇരുവരെയും ബദ്ധശത്രുക്കളാക്കുന്ന രീതിയാണു നിലവിലുള്ളത്. മാധ്യമപ്രവർത്തകരോട് ഈ രീതി പുലർത്തരുതെന്നും ജസ്റ്റീസ് കൂട്ടിച്ചേർത്തു.


സമൂഹത്തിനു വലിയ സേവനം ചെയ്യുന്നവരാണു മാധ്യമപ്രവർത്തകർ. ഹൈക്കോടതിയിൽ അല്ല, ഏതു കോടതിയിലും അവർക്കു കയറാം. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നിലപാടിൽനിന്നു പിന്തിരിയണം. ഇക്കാര്യത്തിൽ പൂർവികരുടെ പാരമ്പര്യം പിന്തുടരണമെന്ന് അദ്ദേഹം അഭിഭാഷകരെ ഓർമിപ്പിച്ചു. എന്തു പ്രശ്നമാണെങ്കിലും പറഞ്ഞുതീർക്കണമെന്നും അടിച്ചുതീർക്കുന്ന പ്രവണത ശരിയല്ലെന്നും ഇരുവിഭാഗവുമായി സംസാരിച്ചു രമ്യതയിലെത്താൻ തന്റെ ഇടപെടൽ ആവശ്യമെങ്കിൽ തയാറാണെന്നും ജസ്റ്റീസ് രാമചന്ദ്രൻ നായർ പറഞ്ഞു.

ലോ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ആർ. ബിജുകുമാർ അധ്യക്ഷതവഹിച്ചു. മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ്, ഡോ.എസ്.എസ്. ഗിരിശങ്കർ, ആൻ മരിയ സെബാസ്റ്റ്യൻ, ശ്രീലാൽ വാര്യർ, സിബി ജോസ് കിടങ്ങൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.