പ്രതിപക്ഷം പറയുന്നു; അവൻ വീണ്ടും വരും
പ്രതിപക്ഷം പറയുന്നു; അവൻ വീണ്ടും വരും
Friday, October 21, 2016 1:46 PM IST
തിരുവനന്തപുരം: ‘അവൻ വീണ്ടും വരും‘ – സി.ജെ. തോമസിന്റെ നാടകത്തിന്റെ പേരു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ദേശിച്ചത് നാടകത്തിലെ ഏതെങ്കിലും കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ അല്ല. സാന്റിയാഗോ മാർട്ടിനെയാണ്. തോമസ് ഐസക് എപ്പോൾ ധനമന്ത്രിയാകുന്നോ അപ്പോൾ സാന്റിയാഗോ മാർട്ടിൻ തലപൊക്കുമെന്നാണു രമേശിന്റെ പക്ഷം. മാർട്ടിന്റെ അപരന്മാരുടെ തേരോട്ടമാണു കേരളത്തിലെന്നും രമേശ് ആരോപിച്ചു.

അനധികൃതമായ മൂന്നക്ക എഴുത്തുലോട്ടറി കേരളത്തിൽ വ്യാപകമാകുന്നു എന്നു കാണിച്ചു പ്രതിപക്ഷത്തു നിന്ന് വി.ഡി. സതീശൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന്റെ അവതരണ വേളയിലായിരുന്നു രമേശിന്റെ പ്രയോഗം. സ്വന്തമായി കംപ്യൂട്ടറും സോഫ്റ്റ് വെയറും സ്വന്തം ഓഫീസുമൊക്കെയായി വിപുലമായ പ്രവർത്തനമാണ് ഇവരുടേതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കണ്ണൂർ കേന്ദ്രമായുള്ള ഒരു ഏജന്റ് ആണത്രെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. സാന്റിയാഗോ മാർട്ടിന്റെ ബിനാമികളാണ് ഇവർക്കു പിന്നിൽ. കേരള ലോട്ടറി ടിക്കറ്റിന്റെ അവസാന അക്കങ്ങൾ വ ച്ചാണ് ഇവർ ചൂതുകളി നടത്തുന്നത്. കേരള ലോട്ടറിയുടെ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ഈ ഏജന്റുമാർക്കു ലഭിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു.

ഇതിനിടെ സതീശന്റെ പ്രസംഗത്തിൽ ഇടപെട്ടു സംസാരിക്കാൻ എ.എൻ. ഷംസീർ ശ്രമിച്ചു. കോഴി കട്ടവനുണ്ടോ എന്നു ചോദിക്കുമ്പോഴേ ചിലർ തലയിൽ തപ്പുന്നു എന്നു പറഞ്ഞ് സതീശൻ ഷംസീറിനെ ഇരുത്തി.

മറുപടി പറഞ്ഞ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രതിപക്ഷത്തെ കടന്നാക്രമിക്കാനോ പ്രകോപിപ്പിക്കാനോ ശ്രമിച്ചില്ല. കേരള ലോട്ടറിയുടെ ഫലപ്രഖ്യാപനം തത്സമയം ടെലികാസ്റ്റ് ചെയ്യുമെന്നു മന്ത്രി പറഞ്ഞു. ഈ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് ഐജി ബൽറാംകുമാർ ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നു മന്ത്രി അറിയിച്ചു. അവരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടി കൈക്കൊള്ളുമെന്നും മന്ത്രി സഭയിൽ ഉറപ്പു നൽകി.

മൂന്നക്ക ലോട്ടറിയെ സാന്റിയാഗോ മാർട്ടിനുമായി ബന്ധിപ്പിച്ചെങ്കിലും വാക്കൗട്ട് നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ധനമന്ത്രി നടപടിയെടുക്കാമെന്ന് ഉറപ്പുനൽകിയ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷം ഇങ്ങയൊരു നിലപാടെടുത്തത്.

വരാൻ സാധ്യതയുള്ള കുടിവെള്ള ദൗർലഭ്യത്തെക്കുറിച്ച് ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച എൽദോസ് കുന്നപ്പിള്ളി കവിതയും ഉദ്ധരണികളുമൊക്കെയായി ഒരുപാടു കടന്നു ചിന്തിച്ചു. ചില സർവേ കണക്കുകളനുസരിച്ച് 2020 ൽ കേരളം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കു നീങ്ങുമത്രെ. അവിടെയാണ് എൽദോസിന്റെ പ്രതീക്ഷയും. പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നത് 2021 ൽ. അപ്പോൾ ഒരു വർഷം മുമ്പു കടുത്ത കുടിവെള്ള ക്ഷാമമുണ്ടായാൽ അത് ആഭ്യന്തരയുദ്ധത്തിനു വഴിതെളിക്കും. അതു പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭമാകുമെന്ന കാര്യത്തിൽ എൽദോസിനു സംശയമില്ല. എന്നുവച്ചാൽ പിന്നെ എൽദോസിന്റെ പാർട്ടിക്കു നല്ല കാലം തെളിയുമെന്ന്. കുടിവെള്ള ക്ഷാമം ഉറപ്പായ സാഹചര്യത്തിൽ അധികം പ്രസംഗിച്ച് ഇപ്പോഴേ വായിലെ വെള്ളം വറ്റിക്കേണ്ടെന്നു വിചാരിച്ച് എൽദോസ് പ്രസംഗം നീട്ടിയില്ല.

മറുപടി പറഞ്ഞ സൗമ്യനായ ജലവിഭവമന്ത്രി മാത്യു ടി. തോമസിന് എൽദോസിന്റെ പ്രവചനം അത്ര പിടിച്ചില്ല. അദ്ദേഹം അക്കാര്യം പരസ്യമായി പറയുകയും ചെയ്തു. എല്ലാ കാര്യത്തിലും രാഷ്ട്രീയം കാണേണ്ട കാര്യമുണ്ടോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.


വെള്ളിയാഴ്ചകൾ അംഗങ്ങളുടെ സ്വകാര്യ ബിസിനസിന്റെ ദിവസമാണ്. അടുത്ത കാലത്തായി വെള്ളിയാഴ്ചകളിലെ സമ്മേളനം തന്നെ ഒഴിവാക്കുന്നതിനുള്ള ഒരു പ്രവണതയാണു കണ്ടുവരുന്നത്. അതല്ലെങ്കിൽ സഭ സ്തംഭിപ്പിച്ചായാലും നേരത്തെ സ്‌ഥലം വിടാനുള്ള വ്യഗ്രതയാകും ഇരുപക്ഷത്തും. എന്നാൽ, ഇന്നലെ സ്വകാര്യ ബില്ലിന്മേൽ സജീവമായ ചർച്ചയാണ് സഭയിൽ നടന്നത്. ലിസ്റ്റ് ചെയ്ത അഞ്ചു ബില്ലുകളും നിശ്ചിത സമയത്തിനകം പരിഗണിക്കാനും സാധിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇതിന്റെ പേരിൽ അംഗങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

എൻ. ഷംസുദീൻ അവതരിപ്പിച്ച കേരള അൺഎയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപക– അനധ്യാപക ജീവനക്കാരുടെ വേതനം നിശ്ചയിക്കൽ ബില്ലായിരുന്നു സഭയിൽ അംഗങ്ങളുടെ സജീവമായ ഇടപെടലിനും ചർച്ചയ്ക്കും വഴിയൊരുക്കിയത്. ഇതുസംബന്ധിച്ച കരടു ബിൽ വിദ്യാഭ്യാസ വകുപ്പു തയാറാക്കിയെന്നും ബില്ലുമായി മുന്നോട്ടുപോകാൻ ഇക്കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം വകുപ്പിനു നിർദേശം നൽകിയെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ സഭയെ അറിയിച്ചു. അതുകൊണ്ടു തന്നെ സ്വകാര്യ ബില്ലിനു പ്രസക്‌തിയില്ലെന്നു മന്ത്രി നിലപാടെടുത്തു.

സ്വകാര്യ ബിൽ തള്ളിപ്പോകുമെങ്കിലും കാര്യം നടന്നല്ലോ എന്നതിൽ അഭിമാനിക്കുകയാണ് ഷംസുദീൻ. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ മിനിമം വേതനം നിശ്ചയിച്ചെങ്കിലും പല മാനേജ്മെന്റുകളും അതു നടപ്പിലാക്കുന്നില്ലെന്നു ഷംസുദീൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ നിയമപിൻബലം ആവശ്യമാണ്. ചൂഷണം നടക്കുന്നു എന്ന കാര്യത്തിൽ ഭരണ– പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു.

കഴിഞ്ഞ സഭയിൽ ഇതേ വിഷയത്തിൽ സ്വകാര്യ ബില്ലുമായി വന്നതാണ് ഇപ്പോഴത്തെ സ്പീക്കറായ പി. ശ്രീരാമകൃഷ്ണൻ. അന്നു പക്ഷേ അവതരിപ്പിക്കാൻ അവസരം കിട്ടിയില്ല. ആ ബില്ലിൽ നിന്നു പല കാര്യങ്ങളും തന്റെ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെ ന്നും ഷംസുദീൻ പറഞ്ഞു. അതുകൊണ്ടു തന്നെ ബില്ലിനു സ്പീക്കറുടെ പിന്തുണ ഉറപ്പാണല്ലോ.

ചിന്താപരമായ പ്രകോപനം ഉണ്ടാക്കിയ ബില്ലായതിനാലാണു നീണ്ട ചർച്ച ഉണ്ടായതെന്നു സ്പീക്കർ പറഞ്ഞു. പ്രകോപനമുണ്ടാക്കാനല്ല താൻ സംസാരിക്കുന്നതെന്നു പറഞ്ഞ് എ.എൻ. ഷംസീർ പ്രതിപക്ഷത്തോട് ഒരു കാര്യം പറഞ്ഞു. അവസാനം കാര്യത്തോടടുക്കുമ്പോഴും പിന്തുണയ്ക്കണം. മത– സമുദായ നേതൃത്വത്തിന്റേതാണു സ്കൂളുകൾ പലതും. അവർ പ്രതിഷേധവുമായി വരുമ്പോൾ പിന്മാറരുത്. ഏതായാലും പ്രതിപക്ഷം പ്രകോപിതരായില്ല.

ശുചീകരണ തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്തും പട്ടികവർഗ ഉപജീവന മിഷൻ രൂപീകരണ ബില്ലുമായി കെ.വി. വിജയദാസും വന്നു. ആർ. രാജേഷിന്റെ കേരള ശുദ്ധജലാവകാശ കമ്മീഷൻ ബില്ലിനു നിയമപ്രശ്നങ്ങളുണ്ടെന്നു മന്ത്രി പറഞ്ഞെങ്കിലും സജീവമായ ചർച്ച അരങ്ങേറി.

റോഡപകടങ്ങളിൽ പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നവർക്ക് നിയമപരമായ സംരക്ഷണം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹൈബി ഈഡൻ നല്ല ശമരിയാക്കാരൻ ബിൽ അവതരിപ്പിച്ചത്. നല്ല ശമരിയാക്കാരൻ ബൈബിളിലുള്ളതാണെങ്കിലും ഇംഗ്ലീഷിൽ ഇതൊരു പ്രയോഗമാണെന്ന് ഹൈ ബി ആമുഖമായി തന്നെ പറഞ്ഞു. ബില്ലുകളുടെയെല്ലാം ചർച്ച അടുത്ത ദിവസം തുടരും.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.