വീടു കുത്തിത്തുറന്നു 18 പവൻ കവർന്നു
വീടു കുത്തിത്തുറന്നു 18 പവൻ കവർന്നു
Friday, October 21, 2016 1:46 PM IST
പിറവം: പിറവം പാഴൂരിൽ വീടു കുത്തിത്തുറന്നു 18 പവൻ സ്വർണവും പണവും മോഷ്‌ടാക്കൾ കവർന്നു. ആറ്റുതീരം റോഡിൽ പടിക്കതച്ചാമറ്റത്തിൽ പി.എം. മാത്യുവിന്റെ വീട്ടിലാണു കവർച്ച നടന്നത്. മാത്യു വിദേശത്താണ്. ഭാര്യ ജെസിയും രണ്ടു മക്കളുമാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറിനും എട്ടിനുമിടെയായിരുന്നു മോഷണം.

സംഭവദിവസം വൈകുന്നേരം ആറിനു ജെസിയും മക്കളും വീടുപൂട്ടി പിറമാടത്തുള്ള വീട്ടിലേക്ക് പോയിരുന്നു. രാത്രി 8.30ന് മടങ്ങിയെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണു മോഷ്‌ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ഒന്നാം നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 പവൻ സ്വർണം കവരുകയായിരുന്നു. അലമാരയ്ക്കുള്ളിലെ തുണികൾക്കിടയിലാണു സ്വർണം സൂക്ഷിച്ചിരുന്നത്. മുറിയിൽ തുണികൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന 5,000 രൂപയും ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ രേഖകളും കാണാതായിട്ടുണ്ട്.


തൃപ്പൂണിത്തുറയിൽനിന്നു പോലീസ് സംഘവും റോണി എന്ന പോലീസ് നായയും സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മോഷ്‌ടാവിനെക്കുറിച്ചു യാതൊരു സൂചനയും ലഭിച്ചില്ല. വീടിന്റെ പിൻവശത്തുകൂടി പുറത്തിറങ്ങിയ നായ പിറവം ഭാഗത്തേക്കുള്ള റോഡിലൂടെ കുറച്ചുദൂരം ഓടിയ ശേഷം നിന്നു.

ആലുവയിൽനിന്നു ടി.ടി. വിജയന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ മോഷ്ടാക്കളുടേതെന്നു കരുതുന്ന മൂന്നു വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ മോഷ്ടാക്കളുണ്ടെന്നാണു പ്രാഥമിക നിഗമനം. സമീപത്തുള്ള വീട്ടിലെ സിസി ടിവി കാമറ പോലീസ് പരിശോധിക്കുന്നുണ്ട്. വീടിന്റെ ഗെയിറ്റിൽ സ്‌ഥാപിച്ചിരിക്കുന്ന കാമറയിൽനിന്നു ഇതുവഴി സംഭവസമയത്തു കടന്നുപോയ വാഹനങ്ങളുടെ ലിസ്റ്റും ശേഖരിക്കുന്നുണ്ട്. പിറവം സിഐ പി.കെ. ശിവൻകുട്ടി, എസ്ഐ കെ. ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.