തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള ഏഴു പദ്ധതികൾ നിർത്തലാക്കി
Friday, October 21, 2016 1:52 PM IST
തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള ഏഴു പദ്ധതികൾ കേന്ദ്രം നിർത്തലാക്കിയതായും ചില പദ്ധതികളുടെ ഫണ്ടിംഗ് രീതിയിൽ മാറ്റം വരുത്തിയതായും മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. ഐഎച്ച്എസ്ഡി, രാജീവ് ആവാസ് യോജന, എസ്എം ബിഎസ്– യുപി, പാലക്കാട് വയനാട് ജില്ലകളിൽ നടപ്പാക്കിയിരുന്ന പിന്നോക്ക മേഖലാ വികസന നിധി, 97–98 മുതൽ നടപ്പിലാക്കി വരുന്ന നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ സ്വർണ ജയന്തി റോസ്ഗാർ യോജന, രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്‌തീകരൺ അഭിയാൻ, പ്രൊവൈഡിംഗ് അർബൻ അമിനിറ്റീസ് ഇൻ റൂറൽ ഏരിയ എന്നിവയാണ് കേന്ദ്രം നിർത്തലാക്കിയ പദ്ധതികൾ.

സംസ്‌ഥാനത്തിന് ആവശ്യമുള്ള പക്ഷം പദ്ധതികൾ 50:50 എന്ന വിഹിതാനുപാതത്തിൽ നടപ്പിലാക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള ഫണ്ട് ബജറ്റിൽ കേന്ദ്ര സർക്കാർ നീക്കിവച്ചിട്ടില്ലെന്നും എൻ.എ. നെല്ലിക്കുന്ന്, എൻ. ഷംസുദ്ദീൻ, ഡോ എം.കെ. മുനീർ എന്നിവരെ മന്ത്രി അറിയിച്ചു.

കോവളം–കന്യാകുമാരി , കൊച്ചി–തിരുവനന്തപുരം, കൊച്ചി–കോഴിക്കോട്, കണ്ണൂർ എന്നീ മേഖലകളെ ബന്ധിപ്പിച്ച് അതിവേഗ യാത്രാക്കപ്പൽ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. ഇതിൽ കൊച്ചി–കോഴിക്കോട് മേഖലയിൽ സർവീസ് ആരംഭിക്കുന്നതിന് വിദേശ നിർമിത ജലയാനങ്ങളുടെ പരിശോധനകൾ അന്തിമഘട്ടത്തിലാണ്. കൂടാതെ ഈ പദ്ധതിക്കായി കാസർഗോഡ്, ആലപ്പുഴ, വലിയതുറ, വെള്ളയിൽ എന്നീ തുറമുഖങ്ങളിൽ ഫ്ളോട്ടിംഗ് ജെട്ടികൾ സ്‌ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരുന്നു.


സമഗ്ര പച്ചക്കറി മിഷന്റെ ഭാഗമായി സംസ്‌ഥാനത്ത് 5000 ഹെക്ടർ പ്രദേശത്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് വിശദ രൂപരേഖ തയാറാക്കിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും അഞ്ചുപേരടങ്ങുന്ന കീടനിരീക്ഷണ സേനയെ നിയോഗിക്കും. 2016–17 സാമ്പത്തിക വർഷം ജൈവകൃഷി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ഭരത് മുരളി ഡ്രാമ അക്കാദമിയുടെ നവീകരണ പദ്ധതി നടപ്പാക്കുമെന്ന് പി. ഐഷാ പോറ്റിയെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഇതുസംബന്ധിച്ച സാധ്യതകൾ പരിശോധിച്ചു വരികയാണ്. അക്കാദമിക്ക് 50 ലക്ഷം രൂപ ബജറ്റിൽ അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.