ബിയർ പാർലറുകളിൽ ഒന്നിലേറെ കൗണ്ടറുകൾക്കു നിയമതടസമില്ലെന്നു ഹൈക്കോടതി
ബിയർ പാർലറുകളിൽ ഒന്നിലേറെ കൗണ്ടറുകൾക്കു നിയമതടസമില്ലെന്നു ഹൈക്കോടതി
Friday, October 21, 2016 2:02 PM IST
കൊച്ചി: ബിയർ പാർലറുകളിൽ ഒന്നിലേറെ കൗണ്ടറുകൾ സ്‌ഥാപിക്കുന്നതിനു നിയമതടസമില്ലെന്നും ഇത്തരത്തിൽ അഡീഷണൽ കൗണ്ടറുകൾ തുറന്നതിന്റെ പേരിൽ പാർലർ ഉടമകൾക്കെതിരേ നടപടി പാടില്ലെന്നും ഹൈക്കോടതി.

ബിയർ പാർലറിനുള്ളിൽ അഡീഷണൽ കൗണ്ടർ തുറന്നതിനു കേസെടുത്തതു ചോദ്യംചെയ്തു മൂവാറ്റുപുഴയിലെ ജനത ടൂറിസ്റ്റ് ഹോം അധികൃതർ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

ബാർ ലൈസൻസ് അനുവദിക്കുന്നതിനുള്ള ചട്ടത്തിൽ ഒന്നിലേറെ കൗണ്ടറുകൾ അനുവദിക്കാനാവില്ലെന്നു പറയുന്നുണ്ടെങ്കി ലും ബിയർ ആൻഡ് വൈൻ പാർലറുകൾ അനുവദിക്കാനുള്ള ചട്ടത്തിൽ ഇത്തരമൊരു വ്യവസ്‌ഥ പറയുന്നില്ലെന്നു സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.


ബിയർ പാർലറിനുള്ളിൽ എവിടെയൊക്കെ ബിയർ വിളമ്പാമെന്നു ലൈസൻസിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലേറെ കൗണ്ടറുകളോ സർവീസ് ഡെസ്കുകളോ പാടില്ലെന്നു പറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ പാർലറുകളിൽ ഒന്നിലേറെ കൗണ്ടറുകൾ ഉണ്ടെന്നതു നിയമ വിരുദ്ധമല്ലെന്നും ഉത്തരവിൽ പറയുന്നു. ഭാവിയിൽ ഇതിനു മാറ്റം വരുത്താൻ സർക്കാരിനു ചട്ടം ഭേദഗതി വരുത്താമെന്നും അതിന് ഉത്തരവു തടസമല്ലെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കിയി ട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.