തനിക്കു കുടുംബക്ഷേത്രമില്ലെന്നും തേക്കു നൽകാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ജയരജൻ
തനിക്കു കുടുംബക്ഷേത്രമില്ലെന്നും തേക്കു നൽകാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ജയരജൻ
Friday, October 21, 2016 2:02 PM IST
തിരുവനന്തപുരം: തന്റെ കുടുംബാംഗങ്ങൾ ഭാരവാഹികളായുള്ള ക്ഷേത്രത്തിനു താൻ മന്ത്രിയായിരിക്കെ സൗജന്യമായി തടി നൽകാൻ കത്ത് നൽകിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻമന്ത്രി ഇ.പി. ജയരാജൻ. തനിക്കു കുടുംബക്ഷേത്രമില്ലെന്നും സൗജന്യമായി തേക്കു നൽകാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്‌തമാക്കി. ക്ഷേത്രഭാരവാഹികൾ നൽകിയ നിവേദനം കൈമാറുകയാണുണ്ടായതെന്നും ഇപ്പോഴത്തെ ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജയരാജൻ പ്രതികരിച്ചു.

മലബാർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള അതിപുരാതനമായ കണ്ണൂർ ഇരിണാവ് ശ്രീചുഴലി ഭഗവതി ക്ഷേത്ര പുനരുദ്ധാരണത്തിന് ആവശ്യമായ തേക്കിൻതടി വനംവകുപ്പിൽനിന്നു സൗജന്യമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ വനം വകുപ്പ് മന്ത്രിക്കു നൽകിയ നിവേദനത്തിന്റെ ഒരു പകർപ്പ് തനിക്കും നൽകുകയുണ്ടായി. വരുമാനം കുറഞ്ഞ ‘ഡി’ ഗ്രേഡിൽപ്പെട്ട ക്ഷേത്രമായതിനാൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ആവശ്യമായ ഒരു കോടി രൂപ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അതിനാൽ പണം കൊടുത്തു തടി വാങ്ങാൻ ക്ഷേത്ര കമ്മിറ്റിക്കു നിർവാഹമില്ല എന്നും കത്തിൽ പരാമർശിച്ചിരുന്നു. പ്രസ്തുത നിവേദനം തന്റെ ലെറ്റർ ഹെഡിൽ വനം മന്ത്രിക്ക് നല്കുകയാണുണ്ടായത്.


ഇത്തരത്തിൽ വ്യത്യസ്ത ആവശ്യങ്ങളുമായി ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട മന്ത്രിമാർക്കു സ്വന്തം ലെറ്റർ ഹെഡിൽ നൽകുകയെന്നതാണു സാധാരണ നടപടിക്രമം. നീതിപൂർവകമായ ചുമതല നിറവേറ്റുക മാത്രമാണ് ഇക്കാര്യത്തിൽ ചെയ്തത്. വലിയ തെറ്റുചെയ്തുവെന്ന തരത്തിൽ ഇതുസംബന്ധിച്ചു പ്രചരിപ്പിക്കുന്ന വാർത്തകൾ വ്യക്‌തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജനപ്രതിനിധികൾക്കു ജനങ്ങൾ നൽകുന്ന ന്യായമായ നിവേദനങ്ങൾ ബന്ധപ്പെട്ടവർക്കു തുടർനടപടികൾക്കായി നല്കാൻ പോലും കഴിയില്ല എന്ന സാഹചര്യം സംജാതമാകുന്ന തരത്തിലുള്ള മാധ്യമപ്രവർത്തനം അപലപനീയമാണെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.