ഐഎസ് ബന്ധം: നാലു പേരുടെ വിവരങ്ങൾകൂടി പുറത്ത്
Friday, October 21, 2016 2:11 PM IST
കൊച്ചി: ഐഎസുമായി ചേർന്നു പ്രവർത്തിച്ച നാലു പ്രതികളുടെ പേരുവിവരങ്ങൾകൂടി എൻഐഎ പുറത്തുവിട്ടു. നേരത്തെ ഏഴുപേരുടെ വിവരങ്ങൾ പുറത്തുവന്നതിനു പുറമെയാണു കേസിലുൾപ്പെട്ട നാലു പേരെക്കുറിച്ചുകൂടി വിവരം ലഭിച്ചത്. പാലക്കാട് സ്വദേശി അലി എന്ന മുഹമ്മദ് ഫയാസ് അബ്ദുൾ സലാം, കോയമ്പത്തൂർ സ്വദേശികളായ നവാസ്, ഷൈഖ് ഷഫീഉല്ല, വെമ്പായം സ്വദേശി സിദ്ദീഖുൽ അസ്ലം എന്നിവരാണു തിരിച്ചറിഞ്ഞ മറ്റു പ്രതികൾ. ഇവരെ പ്രതിചേർത്തുള്ള റിപ്പോർട്ട് എൻഐഎ കോടതിയിൽ നൽകി. ഇവർ വിദേശരാജ്യങ്ങളിലാണുള്ളതെന്നാണു സൂചന.

നേരത്തേ കണ്ണൂർ അണിയാരം മദീന മഹലിൽ ഒമർ അൽ ഹിന്ദി എന്നറിയപ്പെടുന്ന മൻസീദ് (30), ചെന്നൈയിൽ താമസിക്കുന്ന തൃശൂർ ചേലക്കര വേങ്ങല്ലൂർ അമ്പലത്ത് വീട്ടിൽ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂർ ജിഎം സ്ട്രീറ്റിൽ റാഷിദ് എന്ന അബൂബഷീർ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലൻ കുടിയിൽ ആമു എന്ന റംഷാദ് (24), ഒമ്പതും 10ഉം പ്രതികളായ മലപ്പുറം തിരൂർ പൊനമുണ്ടം പൂക്കാട്ടിൽ വീട്ടിൽ പി. സഫ്വാൻ (30), കുറ്റ്യാടി നങ്ങീലംകണ്ടിയിൽ എൻ.കെ. ജാസിം (25), തൊടുപുഴ സ്വദേശി സുബ്ഹാനി എന്നിവരുടെ പേരുകൾ എൻഐഎ പുറത്തുവിട്ടിരുന്നു.


അറസ്റ്റിലായ ഇവർ റിമാൻഡിലാണ്. 15ഓളം പേരുൾപ്പെട്ട ഈ സംഘത്തിലെ മറ്റുള്ളവർക്കു വേണ്ടി എൻഐഎ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.