ക്ഷേത്രത്തിനു തേക്കുമരം ആവശ്യപ്പെട്ടു വനംമന്ത്രിക്ക് ഇ.പി. ജയരാജന്റെ കത്ത്
ക്ഷേത്രത്തിനു തേക്കുമരം ആവശ്യപ്പെട്ടു വനംമന്ത്രിക്ക് ഇ.പി. ജയരാജന്റെ കത്ത്
Friday, October 21, 2016 2:11 PM IST
കണ്ണൂർ: ബന്ധുനിയമനവുമായി ബന്ധപ്പെട്ടു വ്യവസായമന്ത്രി സ്‌ഥാനത്തുനിന്നു രാജിവയ്ക്കേണ്ടിവന്നെങ്കിലും ഇ.പി.ജയരാജനെ ചുറ്റിപ്പറ്റി വിവാദങ്ങൾ തുടരുന്നു. വ്യവസായമന്ത്രിയായിരിക്കേ ബന്ധുക്കൾ ഉൾപ്പെട്ട ട്രസ്റ്റിനു കീഴിലുള്ള ക്ഷേത്രത്തിന് 1,200 ക്യുബിക് മീറ്റർ തേക്കുമരം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടു വനംമന്ത്രിക്ക് കത്തു നൽകിയതാണു പുതിയ കുരുക്കായിരിക്കുന്നത്. കണ്ണൂർ ചെറുകുന്നിനു സമീപം ഇരിണാവിലെ ജയരാജന്റെ തറവാടുവീടിനു സമീപത്തെ പുനരുദ്ധാരണം നടക്കുന്ന ചുഴലി ഭഗവതി ക്ഷേത്രത്തിനു വേണ്ടിയാണു മന്ത്രിയായിരിക്കേ തേക്കുമരം ആവശ്യപ്പെട്ട് അദ്ദേഹം കത്തു നൽകിയത്. ഒരു ക്യുബിക് മീറ്റർ തേക്കിന് ഏകദേശം അഞ്ചു ലക്ഷം രൂപയാണു വിപണിവില. വിപണിയിൽ ഏകദേശം 50 കോടിയോളം രൂപ വിലവരുന്ന തേക്ക് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടാണു ജയരാജന്റെ കത്ത്.

മന്ത്രിയുടെ ലെറ്റർപാഡിലാണ് ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വനംമന്ത്രി കെ.രാജുവിനു കത്തയച്ചത്. കത്തയച്ചെന്ന കാര്യം വനംമന്ത്രി സ്‌ഥിരീകരിച്ചിട്ടുമുണ്ട്. കത്തു ലഭിച്ച വനംമന്ത്രി ജയരാജന്റെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്കു കത്ത് കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു വനംവകുപ്പ് ജീവനക്കാർ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തി നടക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിച്ചു റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ തേക്കിന്റെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചു. എന്നാൽ, ഇത്രയും തേക്ക് കണ്ണവം വനത്തിലില്ലെന്ന മറുപടിയാണു കണ്ണവം റേഞ്ച് ഓഫീസർ നൽകിയത്. ഇതോടെ 1,200 ക്യുബിക് മീറ്റർ തേക്കുമരം നൽകാൻ ചട്ടം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കണ്ണൂരിലെ വനംവകുപ്പ് അധികൃതർ മന്ത്രിക്കു റിപ്പോർട്ട് നൽകുകയായിരുന്നു.


കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ഭാര്യാസഹോദരികൂടിയായ പി.കെ.ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെയും കണ്ണൂർ ക്ലേ ആൻഡ് സെറാമിക്സിൽ ജനറൽ മാനേജരായി സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി നിഷാദിനെയും നിയമിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളാണ് ജയരാജന്റെ രാജിയിൽ കലാശിച്ചത്.

ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണെന്നു ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു സഹായത്തിനായി മന്ത്രിയായിരുന്ന ഇ.പി. ജയരാജനോട് കത്തു മുഖേന അഭ്യർഥിച്ചിരുന്നു. എന്നാൽ, തേക്കു മരത്തിന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.